തിരുവനന്തപുരം: കുളച്ചല്‍ തുറമുഖത്തിന് അനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ സബ്മിഷന്‍. വിഴിഞ്ഞത്തിന് കേന്ദ്രം കൊലക്കയര്‍ ഒരുക്കുകയാണെന്നും കുളച്ചലിന് അനുമതി നല്‍കിയത് കൊലച്ചതിയാണെന്നും സഭയില്‍ പ്രതിപക്ഷം പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിക്കണം. കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സര്‍വ്വകക്ഷി സംഘം ഡല്‍ഹിയില്‍ പോകണമെന്നും പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടു.
കുളച്ചല്‍ തുറമുഖ പദ്ധതി വിഴിഞ്ഞത്തിന് ഭീഷണിയാണെന്ന് കാട്ടി പ്രതിപക്ഷത്ത് നിന്ന് എം. വിന്‍സെന്റാണ് സബ്മിഷന്‍ അവതരിപ്പിച്ചത്. വിഴിഞ്ഞം ഉള്‍പ്പെടുന്ന കോവളത്തുനിന്നുള്ള എം.എല്‍എയാണ് ഇദ്ദേഹം. അടിയന്തര പ്രമേയമായാണ് കൊണ്ടുവന്നെങ്കിലും സബ്മിഷനായി പരിഗണിക്കാമെന്ന് സ്പീക്കര്‍ വ്യക്തമാക്കി.
കുളച്ചല്‍ തുറമുഖം നിര്‍മ്മിക്കാനുള്ള നീക്കം യുക്തിരഹിത പദ്ധതിയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കിയത്. പ്രധാനമന്ത്രിയെ നേരില്‍ കണ്ട് ഇക്കാര്യങ്ങള്‍ ധരിപ്പിക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. ഈ മാസം തന്നെ പ്രധനമന്ത്രിയെ കാണും. പതിനേഴാം തിയതിയില്‍ ഡല്‍ഹിയില്‍ കേരളത്തില്‍ നിന്നുള്ള എം.പിമാരുടെ യോഗം ചേരും. യോഗത്തില്‍ വിഷയം ഉന്നയിക്കും. അതിനുശേഷം പാര്‍ലമെന്റില്‍ ഇക്കാര്യം ഉന്നയിക്കണമെന്ന് എം.പിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.
പൊതുജനങ്ങളുടെ നികുതിപ്പണം യുക്തിരഹിതമായി ഉപയോഗിക്കുന്നതിനുള്ള തെളിവാണ് കുളച്ചല്‍. 1000 ദിവസം കൊണ്ട് മുന്‍നിശ്ചയപ്രകാരം പദ്ധതി പൂര്‍ത്തിയാക്കും. തുറമുഖവുമായി ബന്ധപ്പെട്ട എല്ലാവിധമായ പ്രവര്‍ത്തനങ്ങളേയും സര്‍ക്കാര്‍ ഏകോപിപ്പിക്കുമെന്നും പിണറായി പറഞ്ഞു.
Post Your Comments