അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ട വിചിത്ര വസ്തുവിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്താവാതിരിക്കാന്‍ നാസ ലൈവ് ഫീഡ് നിര്‍ത്തിയെന്ന് ആരോപണം. രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ നിന്നുള്ള തല്‍സമയ കാഴ്ചകളാണ് കുറച്ചു സമയത്തേക്ക് നാസ ബോധപൂര്‍വ്വം നിര്‍ത്തിവെച്ചതായി ആരോപിക്കപ്പെടുന്നത്. പറക്കും തളികകളെക്കുറിച്ചുള്ള വിവരങ്ങള്‍ പരമാവധി പുറത്തുവരാതിരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം.
ജൂലൈ ഒമ്പതിനാണ് വിവാദത്തിന് ആസ്പദമായ സംഭവം നടന്നത്. യുഎഫ്ഒ ഹണ്ടര്‍മാരില്‍ പ്രധാനിയായ ഹണ്ടര്‍ സ്ട്രീറ്റ്കാപ് 1 തന്റെ യുട്യൂബ് ചാനലിലാണ് വീഡിയോ ആദ്യമായി അപ്‌ലോഡ് ചെയ്തത്. രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ നിന്നുള്ള തല്‍സമയ സംപ്രേക്ഷണം നിലക്കുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങളാണ് അപ്‌ലോഡ് ചെയ്തത്. വിചിത്രമായ ഒരു വസ്തു പ്രത്യക്ഷപ്പെടുന്നതിന് പിന്നാലെ സംപ്രേക്ഷണം നിലക്കുകയായിരുന്നു. ആ വസ്തു ഉല്‍ക്കയോ മറ്റുമാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് വിഡിയോക്കൊപ്പം പറയുന്നുണ്ട്. എന്നാല്‍ സംഭവത്തിന് തൊട്ടുപിന്നാലെ തല്‍സമയ സംപ്രേക്ഷണം കട്ടു ചെയ്തതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നതെന്നും കൂട്ടിച്ചേര്‍ക്കുന്നു.
അതേസമയം, ഇത് ചൈനയുടെ ബഹിരാകാശ നിലയത്തിന്റെ ഭാഗമായ ടിയാങ്‌ഗോങ് 1 ആകാനും സാധ്യതയുണ്ടെന്ന വാദവും ഉയരുന്നുണ്ട്. 2011ല്‍ വിക്ഷേപിച്ച ചൈനീസ് ബഹിരാകാശ നിലയത്തിന്റെ ഭാഗമാണ് ടിയാങ്‌ഗോങ് 1. ഭൂമിയുമായി ടിയാങ്‌ഗോങ് 1ന് വിനിമയ ബന്ധം നഷ്ടമായെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചൈനീസ് ബഹിരാകാശ ശാസ്ത്രജ്ഞര്‍ക്ക് നിയന്ത്രണം വീണ്ടെടുക്കാനായില്ലെങ്കില്‍ ടിയാങ്‌ഗോങ് 1 അന്തരീക്ഷത്തില്‍ കത്തിച്ചാമ്പലാവുകയോ ഭൂമിയിലേക്ക് പതിക്കുകയോ ചെയ്യും. നിയന്ത്രണമില്ലാതെ ബഹിരാകാശത്ത് അലയുന്ന ടിയാങ്‌ഗോങ് 1 ആണ് നാസയുടെ തല്‍സമയ ഫീഡില്‍ കണ്ടതെന്നാണ് ലഭിക്കുന്ന ഒരു വിശദീകരണം.
Post Your Comments