India

ഗതിമാന്റെ റെക്കോര്‍ഡ് തിരുത്തി താല്‍ഗോയ്

മഥുര : രാജ്യത്തെ ഏറ്റവും വേഗം കൂടിയ ട്രെയിനെന്ന ഗതിമാന്‍ എക്‌സ്പ്രസിന്റെ റെക്കോഡ് തിരുത്തി താല്‍ഗോ. മഥുര പല്‍വാല്‍ റൂട്ടില്‍ പരീക്ഷണ ഓട്ടത്തില്‍ 84 കിലോ മീറ്റര്‍ ദൂരം 38 മിനിറ്റ് കൊണ്ടാണ് താല്‍ഗോ പിന്നിട്ടത്. രണ്ട് എക്‌സിക്യൂട്ടീവ് ക്ലാസ് കാറുകളും നാല് ചെയര്‍ കാറുകളും ഒരു കഫറ്റീരിയയും പവര്‍ കാറും ഗാര്‍ഡിനും മറ്റു ജീവനക്കാര്‍ക്കുമുള്ള ഒരു കോച്ചുമാണ് താല്‍ഗോയിലുള്ളത്. സ്‌പെയിനിലെ ബാഴ്‌സലോണയില്‍ നിന്ന് കപ്പലിലാണ് ട്രെയിന്‍ മുംബൈയിലെത്തിച്ചത്.

പരീക്ഷണ ഓട്ടത്തിന്റെ അഞ്ചാം ദിവസത്തിലാണ് ട്രെയിന്‍ മണിക്കൂറില്‍ 180 കിലോ മീറ്റര്‍ വേഗത്തിലെത്തിയത്. പരീക്ഷണ ഓട്ടത്തിന്റെ ആദ്യ ദിവസം 120 കിലോ മീറ്റര്‍ വേഗത്തിലാണ് ട്രെയിനോടിച്ചത്. താല്‍ഗോ ട്രെയിന്‍ ഡല്‍ഹി മുംബൈ റൂട്ടില്‍ മണിക്കൂറില്‍ 220 കിലോ മീറ്റര്‍ വേഗത്തില്‍ പോകുമെന്നാണു കണക്കു കൂട്ടല്‍.
ഭാരക്കുറവാണ് താല്‍ഗോയുടെ കോച്ചുകളുടെ പ്രധാന സവിശേഷത. ഭാരക്കുറവുള്ളതിനാല്‍ വളവുകളില്‍ ട്രെയിനിന്റെ വേഗം കുറയ്‌ക്കേണ്ടി വരുന്നില്ല. താല്‍ഗോയിലെയും റിസര്‍ച് ഡിസൈന്‍സ് ആന്‍ഡ് സ്റ്റാന്‍ഡേഡ്‌സ് ഓര്‍ഗനൈസേഷന്റെയും (ആര്‍.ഡി.എസ്.ഒ.) വിദഗ്ധരാണു പരീക്ഷണ ഓട്ടങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്.

സ്പാനിഷ് കമ്പനിയാണ് താല്‍ഗോ ട്രെയിനുകളുടെ നിര്‍മാതാവ്. അടുത്ത ഘട്ടം പരീക്ഷണത്തില്‍ യാത്രക്കാരുടെ സങ്കല്‍പ്പത്തില്‍ മണല്‍ചാക്കുകള്‍ വച്ചായിരിക്കും യാത്ര. യാത്രക്കാരുമായി പോകുമ്പോള്‍ ട്രെയിനിന്റെ ക്ഷമത പരിശോധിക്കുകയാണു ലക്ഷ്യം. രാജധാനി എക്‌സ്പ്രസിന്റെ മുംബൈ മഥുര റൂട്ടിലും താല്‍ഗോ ഓടിച്ചു നോക്കും. താല്‍ഗോ ഉപയോഗിച്ച് ന്യൂഡല്‍ഹി മുംബൈ യാത്ര കുറഞ്ഞ സമയത്തിലാക്കാനാണ് റെയില്‍വേ പദ്ധതിയിടുന്നത്. ഗതിമാന്‍ എക്‌സ്പ്രസിന്റെ പരമാവധി വേഗം മണിക്കൂറില്‍ 160 കിലോ മീറ്ററാണ്. ശതാബ്ദി എക്‌സ്പ്രസ് മണിക്കൂറില്‍ 150 കിലോ മീറ്റര്‍ വേഗത്തിലാണു പായുന്നത്. മണിക്കൂറില്‍ 130 കിലോ മീറ്ററാണ് രാജധാനി എക്‌സ്പ്രസിന്റെ വേഗം.

shortlink

Related Articles

Post Your Comments

Related Articles


Back to top button