പാലക്കാട്: ഇസഌമിക് സ്‌റ്റേറ്റ് ബന്ധം ആരോപിക്കപ്പെട്ട പാലക്കാട്ട് നിന്നും കാണാതായ സംഘത്തിലെ യാക്കര സ്വദേശികളായ യഹ്യയും ഈസയും യാത്രയ്ക്ക് ദിവസങ്ങള്‍ക്ക് മുമ്പ് താടി മുറിച്ചു മാറ്റിയിരുന്നതായി റിപ്പോര്‍ട്ട്. യാത്രയ്ക്ക് തയ്യാറാകുമ്പോള്‍ ഇവരുടെ ഭാര്യമാരായ നിമിഷാ ഫാത്തിമയും മറിയവും ഗര്‍ഭിണികളുമായിരുന്നു. ഇവരുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണത്തിലാണ് പോലീസ്.
ശ്രീലങ്കയിലേക്ക് പോകുകയാണെന്ന് പറഞ്ഞ് യാക്കര വിട്ട ഇവര്‍ ആരും സംശയിക്കാതെ സുരക്ഷിതമായ യാത്രയ്ക്ക് ആവശ്യമായ കരുതലുകള്‍ എടുത്തിരുന്നു. ഇപ്പോള്‍ ഈസയുടേയും യഹ്യയുടെയും സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. യഹ്യയുടെ സുഹൃത്ത് കഞ്ചിക്കോട് സ്വദേശി ഷിബി ഹൈദരാബാദിലെ ഇറാന്‍ കോണസുലേറ്റുമായി ബന്ധപ്പെട്ടിരുന്ന വിവരവും പോലീസിന് കിട്ടിയിട്ടുണ്ട്. ഇവിടേക്കും അന്വേഷണം നീളുമെന്നാണ് സൂചന.
കോയമ്പത്തൂര്‍, ബംഗലുരു വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. യഹ്യ ഉപയോഗിച്ചിരുന്നു ഫോണും സിംകാര്‍ഡും കിട്ടിയ സ്ഥിതിക്ക് ഇതിലെ വിവരങ്ങള്‍ ശേഖരിച്ച അന്വേഷണസംഘം ഇവരുടെ വാട്‌സ് ആപ്പ് സന്ദേശം ലഭിച്ച ഫോണ്‍ നമ്പറിലെ വിശദാംശങ്ങള്‍ സൈബര്‍ സെല്ലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ വിവരവും ഉടന്‍ ലഭിച്ചേക്കും.
Post Your Comments