കുവൈറ്റ് : കുവൈറ്റില്‍ രഹസ്യാന്വേഷണ വിഭാഗം നടത്തിയ മൂന്ന് ഓപ്പറേഷനുകളില്‍ ഒരു സ്ത്രീയടക്കം ഏട്ട് ഭീകര പ്രവര്‍ത്തകരെ പിടികൂടി. ഇവരില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ട് അനുസരിച്ച് റമദാന്റെ അവസാനമോ ഈദ് അല്‍ ഫിത്തറിന്റെ ആദ്യ ദിവസങ്ങളിലോ ബോംബ് സ്‌ഫോടനങ്ങള്‍ നടത്താനായിരുന്നു ഐ.എസിന്റെ പദ്ധതിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഹവാലി ഗവര്‍ണറേറ്റിലെ ജാഫരി മോസ്‌കിലും ,ആഭ്യന്തര മന്ത്രാലയത്തിന്റെ ഓഫീസികളിലും ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നതായി സുരക്ഷാ ഏജന്‍സികളുടെ ഒന്നാമത്തെ ഓപ്പറേഷനില്‍ പിടിയിലായ ഐ.എസ് അംഗവും പതിനെട്ടുകാരനായ കുവൈറ്റ് പൗരന്‍ തലാല്‍ അല്‍ നായിഫ് അല്‍ റജാഹ് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയത്. വിവിധ സ്ഥലങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ആക്രമണങ്ങള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ ഇയാളില്‍നിന്ന് അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഐ.എസ് സംഘവുമായി ബന്ധമുണ്ടെന്നും വിദേശത്തുള്ള സംഘത്തിലെ മുതിര്‍ന്ന നേതാവില്‍നിന്നു നിര്‍ദേശങ്ങള്‍ ലഭിച്ചത് പ്രകാരം, ജൂലൈ ആറുമുതല്‍ ആക്രമണ പരമ്പര ആരംഭിക്കാനായിരുന്നു പദ്ധതി.
രണ്ടാമത്തെ ഓപ്പറേഷനില്‍ കുവൈറ്റ് പൗരന്‍ അലി മൊഹമ്മദ് ഒമറിനെയും 54 വയസുള്ള ഇയാളുടെ മാതാവ് ഹെസ അബ്ദുള്ള മൊഹമ്മദിനെയും കൂടാതെ, ഇവരുടെ മറ്റൊരു മകനെയും സിറിയ ഇറാഖ് അതിര്‍ത്തിയില്‍നിന്ന് പിടികൂടി കുവൈറ്റിലെത്തിച്ചിട്ടുണ്ട്. ബ്രിട്ടനില്‍ പെട്രോളിയം എന്‍ജിനീയറിംഗ് പഠിക്കുകയായിരുന്ന താന്‍, ഐ.എസ് അംഗമായിരുന്ന ജ്യേഷ്ഠന്റെ മരണശേഷം അമ്മയുടെ പ്രേരണമൂലം ഐ.എസില്‍ ചേര്‍ന്നതെന്ന് ഒമര്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. ഇയാള്‍ക്ക് എണ്ണപ്പാടങ്ങളുടെയും ഗ്യാസിന്റെയും ചുമതലയോടൊപ്പം, ഐ.എസ് അംഗങ്ങളുടെ ഭാര്യമാരെയും കുഞ്ഞുങ്ങളെയും ഭീകരപ്രവര്‍ത്തനത്തിന് മാനസികമായി ഒരുക്കുകയെന്ന ജോലിയുമായിരുന്നു.
രാജ്യത്തിന്റെ തെക്കന്‍ മേഖലയിലുള്ള അല്‍ വഫ്‌റാ ഏരിയായില്‍ നിന്ന്, മൂന്നാമത്തെ ഓപ്പറേഷനില്‍ നാലംഗ ഐ.എസ് സംഘത്തെ പിടികൂടാനായി. ഇതില്‍ രണ്ടുപേര്‍ സ്വദേശികളും ഒരു ജിസിസി പൗരനും,ഒരാള്‍ ഏഷ്യന്‍ വംശജനുമാണ്. പിടിയിലായ സ്വദേശികളിലൊരാള്‍ ആഭ്യന്തര മന്ത്രാലയത്തിലെ ജീവനക്കാരനായിരുന്നു. ഐ.എസ് പതാകയും ആയുധങ്ങളും കടത്തിക്കൊണ്ടു വന്നിട്ടുള്ളതായി പിടിയിലായ ജി.സി.സി പൗരന്‍ സമ്മതിച്ചിട്ടുള്ളതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
Post Your Comments