IndiaNews

തമിഴ്നാട്ടില്‍ “ഫാസ്റ്റ് ആന്‍ഡ്‌ ഫ്യൂറിയസ്” സ്റ്റൈല്‍ മോഷണം!

മദുരൈ: ഹോളിവുഡ് ബ്ലോക്ക്‌ബസ്റ്റര്‍ സിനിമ “ഫാസ്റ്റ് ആന്‍ഡ്‌ ഫ്യൂറിയസ്” സ്റ്റൈല്‍ മോഷണം തമിഴ്നാട്ടിലും. മദുരയിലാണ് 6-അംഗ സ്റ്റണ്ട്മാന്‍മാരുടെ മോഷണസംഘം പിടിയിലായത്. അഞ്ചു സംഘാംഗങ്ങള്‍ പോലീസ് പിടിയിലായപ്പോള്‍, സംഘത്തിന്‍റെ നേതാവ് ഇപ്പോഴും പോലീസിനെ വെട്ടിച്ചു നടക്കുകയാണ്.

വാരാന്ത്യത്തില്‍, പുലര്‍കാലങ്ങളാണ് ഇവര്‍ മോഷണത്തിനായി തിരഞ്ഞെടുത്തിരുന്നത്. ഭാരം താരതമ്യേന കുറഞ്ഞ ചരക്കുകളുമായി പോകുന്ന, പിന്‍ഭാഗം തുറന്ന രീതിയിലുള്ള ട്രക്കുകളെ പിന്തുടര്‍ന്നാണ് ഇവര്‍ തങ്ങളുടെ മോഷണദൗത്യം നടപ്പാക്കിയിരുന്നത്.

ട്രക്കുകളെ തങ്ങളുടെ ഒംനി വാനില്‍ സംശയത്തിനിട നല്‍ക്കാത്ത രീതിയില്‍ പിന്തുടരുന്ന ഈ സംഘത്തില്‍ ഒരുവന്‍ അതിസാഹസികമായി ഒംനിയുടെ മുകളില്‍നിന്ന്‍ ട്രാക്കിലേക്ക് ചാടിക്കയറും. വളരെയേറെ അപകടം പിടിച്ച ഈ സാഹസികനീക്കം ഇവര്‍ പലതവണ നടത്തിയിട്ടുണ്ടെങ്കിലും ഇതുവരെ പിഴവുകള്‍ ഒന്നും പറ്റിയിട്ടില്ല.

തുടര്‍ന്ന്‍, ട്രക്കിന്‍റെ ഉള്ളില്‍കയറി സ്വയം ബാലന്‍സ് ചെയ്യുന്ന സംഘാംഗം എളുപ്പത്തില്‍ പൊക്കിഎടുത്ത് അറിയാവുന്ന ബോക്സുകള്‍ ഒംനിയുടെ മുകളില്‍ ഇതിനകം നിലയുറപ്പിച്ചു കഴിഞ്ഞ കൂട്ടാളിക്ക് എറിഞ്ഞു കൊടുക്കും. പ്രധാനമായും, കുക്കറുകള്‍, മിക്സികള്‍, ഗ്രൈന്‍ഡറുകള്‍, ഫാനുകള്‍ തുടങ്ങിയവയോ ഇലക്‌ട്രിക്കല്‍ ഉപകരണങ്ങളോ, എന്‍ജിന്‍ ഓയില്‍ ക്യാനുകളോ, വര്‍ക്ക്ഷോപ്പ് ഉപകരണങ്ങളോ, തുണിത്തരങ്ങള്‍ അടങ്ങിയ ഭാണ്ഡങ്ങളോ ഒക്കെയാകും ഇത്തരത്തില്‍ എറിഞ്ഞു കൊടുക്കുക. ഭാരം കൂടിയ ബോക്സുകള്‍ വഴിയുടെ ഓരത്തേക്ക് പിന്നീട് എടുക്കാനായി എറിഞ്ഞിടും.

ഇത്തരം മോഷണങ്ങള്‍ പതിവായപ്പോള്‍ പോലീസിന് ലഭിക്കുന്ന പരാതികളുടെ എണ്ണവും കൂടി. തുടര്‍ന്ന്‍ മദുരൈ ജില്ലയിലെ വിവിധ സ്റ്റേഷനുകള്‍ ഉള്‍പ്പെടുത്തി 3 പ്രത്യേക പോലീസ് ടീമുകള്‍ രൂപീകരിച്ചാണ് ഈ കൊള്ളസംഘത്തെ വടിപട്ടി ഗ്രാമത്തിനുള്ളിലെ ഒളിയിടത്തില്‍ നിന്ന്‍ പിടികൂടിയത്. മോഷണ സംഘത്തിലുള്ള എല്ലാവരും ഡിണ്ടിഗല്‍ ജില്ലയില്‍ നിന്നുള്ളവരാണ്. വി.ശെല്‍വരാജ്, കെ.പരമശിവം, എം.രാജമൂര്‍ത്തി, എ.ശിവപാണ്ഡ്യന്‍, എം.പ്രഭു എന്നിവരാണ് പിടിയിലായത്. ഇവരുടെ സംഘത്തലവന്‍ ആര്‍.മായാണ്ടി പോലീസിന്‍റെ കണ്ണുവെട്ടിച്ച് രക്ഷപെടുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button