
ഹൈദരാബാദ് : ടവറിന് മുകളില്‍ കയറി യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കി. എന്നാല്‍ യുവാവ് ഇങ്ങനെ ചെയ്യാനുള്ള കാരണം ആരെയും അമ്പരപ്പിക്കുന്നതാണ്. ഹൈദരാബാദിലാണ് സംഭവം. നരസിംഹ (24) എന്ന യുവാവാണ് ടവറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ സാധിക്കാത്തതിനാലാണ് നരസിംഹ ഇങ്ങനെ ചെയ്തത്.
കാര്‍ ഡ്രൈവറായ നരസിംഹ വീട്ടുകാരാലോചിച്ച വിവാഹാലോചനയ്ക്കിടയിലാണ് പെണ്‍കുട്ടിയെ കണ്ടത്. പെണ്‍കുട്ടിയെ കണ്ട് ഇഷ്ടപ്പെടുകയും വിവാഹം നടത്താമെന്ന തീരുമാനമുണ്ടാവുകയും ചെയ്തു. എന്നാല്‍ വിവാഹ നിശ്ചയമടുത്തതോടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നരസിംഹയുടെ മാതാപിതാക്കളെ വിളിക്കുകയും ഈ ബന്ധത്തിന് താല്‍പര്യമില്ലെന്ന് അറിയിക്കുകയും ചെയ്തു. നരസിംഹയെ പെണ്‍കുട്ടിക്ക് ഇഷ്ടമാകാത്തതിനാലാണ് ബന്ധത്തില്‍ നിന്നും പിന്മാറുന്നതെന്നും ഇവര്‍ നരസിംഹയുടെ വീട്ടുകാരെ അറിയിച്ചു.
എന്നാല്‍ പിന്നീട് നരസിംഹ മാനസിക സമ്മര്‍ദ്ദത്തിലായി. തുടര്‍ന്ന് മൊബൈല്‍ ടവറിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനു ശേഷം പൊലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് ഇയാളെ താഴെയിറക്കി. നരസിംഹയ്ക്ക് കൗണ്‍സിലിംങ്ങ് നല്‍കാനുള്ള തയാറെടുപ്പിലാണ് ഇപ്പോള്‍ പോലീസും വീട്ടുകാരും.
Post Your Comments