IndiaNews

അധ്യാപകര്‍ക്ക് ഇനി മുതല്‍ രാഷ്ട്രീയ സ്വാധീനത്തിന് വിലക്ക് അധ്യാപകനിയമനം പ്രത്യേകബോര്‍ഡിന് വിടാന്‍ കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശ

ന്യൂഡല്‍ഹി: സ്‌കൂളുകളിലെ അധ്യാപക നിയമനത്തില്‍ വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കാന്‍ കേന്ദ്രസംസ്ഥാനതലങ്ങളില്‍ സ്വതന്ത്രബോര്‍ഡ് രൂപവത്കരിക്കണമെന്ന് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരടില്‍ ശുപാര്‍ശ. പ്രാഥമിക വിദ്യാലയങ്ങളില്‍ ജില്ലാതലത്തിലുള്ള ബോര്‍ഡുകള്‍ വഴി നിയമനങ്ങള്‍ നടത്താമെന്നും ടി.എസ്.ആര്‍. സുബ്രഹ്മണ്യന്‍ അധ്യക്ഷനായ സമിതി കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

മുപ്പതുവര്‍ഷത്തിനു ശേഷമാണ് ദേശീയ വിദ്യാഭ്യാസനയം രൂപവത്കരിക്കുന്നത്. 1986ല്‍ ആണ് ഇതിന് മുമ്പ് സമ്പൂര്‍ണമായ നയം പുറത്തിറക്കിയത്. പ്രിന്‍സിപ്പല്‍മാര്‍, പ്രധാനാധ്യാപകര്‍ എന്നിവരുള്‍പ്പെടെയുള്ളവരുടെ നിയമനത്തിനായി കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ സുതാര്യ മാനദണ്ഡങ്ങള്‍ തയാറാക്കണം. അധ്യാപകരുടെ പ്രകടനം വിലയിരുത്താന്‍ ശാസ്ത്രീയസംവിധാനം കൊണ്ടുവരണം. അധിക ആനുകൂല്യങ്ങള്‍, ഗ്രാന്റുകള്‍, അവാര്‍ഡുകള്‍, സ്ഥലംമാറ്റം എന്നിവയില്‍ അധ്യാപകരുടെ പ്രകടനം പരിഗണിക്കണം. അധ്യാപകരെ നഗര-ഗ്രാമ വ്യത്യാസമില്ലാതെ വിന്യസിക്കണം. നിലവില്‍ പലയിടത്തും സ്വാധീനമുപയോഗിച്ച് നഗര മേഖലകളില്‍ മാത്രം ജോലിചെയ്യുന്ന പ്രവണതയുണ്ട്. സ്ഥലംമാറ്റത്തിനുള്ള മാനദണ്ഡങ്ങളും മുന്‍ഗണനകളും സംസ്ഥാനങ്ങള്‍ പ്രസിദ്ധപ്പെടുത്തണം. ആദിവാസിമേഖലകളില്‍ ജോലിചെയ്യുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍നല്‍കണം റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

തര്‍ക്കപരിഹാരത്തിന് ട്രൈബ്യൂണലുകള്‍ അധ്യാപകരുടെയും മറ്റുജീവനക്കാരുടെയും സേവനസംബന്ധമായ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ട്രൈബ്യൂണലുകള്‍ രൂപവത്കരിക്കണമെന്നതാണ് മറ്റൊരു ശുപാര്‍ശ. വിരമിച്ച ഹൈക്കോടതി ജഡ്ജിമാരുടെയോ ജില്ലാ ജഡ്ജിമാരുടെയോ അധ്യക്ഷതയിലായിരിക്കും ട്രൈബ്യൂണലുകള്‍. കേന്ദ്ര സര്‍വകലാശാലകള്‍, നവോദയ, കേന്ദ്രീയ വിദ്യാലയങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ കേന്ദ്ര ട്രൈബ്യൂണലിലൂടെയാകും തീര്‍പ്പാക്കുക. നിയമനസേവന സംബന്ധമായ വ്യവഹാരങ്ങള്‍ നീണ്ടുപോകുന്നത് ഒഴിവാക്കാനാണ് ട്രൈബ്യൂണലുകള്‍. കോടതി വ്യവഹാരങ്ങളില്‍ പലപ്പോഴും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് തീരുമാനമുണ്ടാകുന്നത്. ഇന്ത്യന്‍ വിദ്യാഭ്യാസസര്‍വീസിന്റെ രൂപവത്കരണം വൈകിക്കാനാവില്ലെന്ന് നയത്തില്‍ പറയുന്നു. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും പ്രത്യേക കേഡറുകള്‍ വേണം. യു.പി.എസ്.സി. വഴിയാകും നിയമനം. സര്‍വകലാശാലകള്‍ക്കും മറ്റുസ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസസര്‍വീസ് ഉദ്യോഗസ്ഥരുടെ സേവനം ആവശ്യപ്പെടാം. പൂര്‍ണമായ കേഡര്‍ രൂപവത്കരണത്തിന് കാലതാമസം വരുമെന്നതിനാല്‍ യു.പി.എസ്.സി. വഴി പ്രത്യേക ഇടക്കാല നിയമനം നടത്തി പ്രവര്‍ത്തനം തുടങ്ങണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ദേശീയ വിദ്യാഭ്യാസ കമ്മിഷന്‍ വിദ്യാഭ്യാസമേഖലയിലെ നയരൂപവത്കരണത്തിലും നടപ്പാക്കലിലും മാനവശേഷി മന്ത്രാലയത്തെ സഹായിക്കാനായി ഉന്നതതല കമ്മിഷന്‍ രൂപവത്കരിക്കാനും സുബ്രഹ്മണ്യന്‍ സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലെ പ്രഗല്ഭരടങ്ങുന്നതാകും സമിതി. ഓരോ രണ്ടുവര്‍ഷത്തിനിടയിലും രാജ്യത്തെ വിദ്യാഭ്യാസരംഗം സംബന്ധിച്ച സ്ഥിതിവിവര റിപ്പോര്‍ട്ടും കമ്മിഷന്‍ പുറത്തിറക്കും. നിലവില്‍ സ്‌കൂളുടെ അടിസ്ഥാന സൗകര്യങ്ങളും പഠനനിലവാരവും സംബന്ധിച്ച വിശദമായ വിവരങ്ങള്‍ നല്‍കുന്നത് ‘ഡിസ്ട്രിക്ട് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഫോര്‍ എജുക്കേഷന്‍(ഡി.ഐ.എസ്.ഇ.)’ ആണ്. ഈ സംവിധാനത്തെ നിരന്തര വിലയിരുത്തലിനായി ഉപയോഗപ്പെടുത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button