KeralaNews

97 ന്റെ നിറവിൽ ഗൗരിയമ്മ

പുന്നപ്ര വയലാര്‍ സമരത്തിലൂടെ കേരളത്തിന്റെ സമരനായികയായ കെ ആര്‍ ഗൗരിയമ്മയ്ക്ക് ഇന്ന് 97-ആം പിറന്നാള്‍. പതിവുപോലെ ഗൗരിയമ്മയുടെ ജന്മദിനം ആഘോഷിക്കാന്‍ ചാത്തനാട് റോട്ടറിക്ളബ് ഹാളില്‍ നാട്ടുകാരും സുഹൃത്തുക്കളും ഒത്തുകൂടും. 1000 പേര്‍ക്ക് വിവിധ പായസമടക്കം പിറന്നാള്‍ സദ്യ ഒരുക്കുന്നുണ്ട്. വെള്ളിയാഴ്ച തൊണ്ണൂറ്റിയേഴ് വയസ്സ് തികയുന്ന കെ ആര്‍ ഗൌരിയമ്മയ്ക്ക് പിറന്നാള്‍ ആശംസ നേരാന്‍ കോടിയേരി ബാലകൃഷ്ണന്‍ എത്തി. 1919 ജൂലൈയിലാണ് ജനനമെങ്കിലും മിഥുനമാസത്തിലെ തിരുവോണം നാളാണ് ജന്മദിനം. ജെഎസ്എസ് ജനറല്‍ സെക്രട്ടറിയായ ഗൌരിയമ്മയ്ക്ക് പിറന്നാള്‍ ആശംസ നേരാന്‍ ചാത്തനാട്ടെ വസതിയിലും പിറന്നാള്‍ ആഘോഷം നടക്കുന്ന ചാത്തനാട്ട് റോട്ടറിക്ളബ് ഹാളിലും നാടാകെയെത്തും.

ദിവാന്‍ സര്‍ സി പി രാമസ്വാമി അയ്യരുടെ അമേരിക്കന്‍ മോഡല്‍ ഭരണത്തിനെതിരെ നടന്ന പുന്നപ്ര-വയലാര്‍ സമരത്തില്‍ ചേര്‍ത്തല കോടതിയില്‍ വക്കീലായി പ്രാക്ടീസ് ചെയ്യുന്നതിനിടെയാണ് ഗൗരിയമ്മ പങ്കെടുത്തത്.കയര്‍തൊഴിലാളി നേതാവായ സഹോദരന്‍ കെ ആര്‍ സുകുമാരനൊപ്പം വീട്ടിലെത്തുന്ന പി കൃഷ്ണപിള്ള അടക്കമുള്ളവരുമായുള്ള പരിചയം ഗൌരിയമ്മയെ കമ്യൂണിസ്റ്റാക്കി. പി കൃഷ്ണപിള്ളയാണ് പാര്‍ട്ടി അംഗത്വം നല്‍കിയത്.

1948ല്‍ തിരു – കൊച്ചി നിയമസഭയിലേക്ക് തുറവൂരില്‍നിന്ന് മത്സരിച്ചു പരാജയപ്പെട്ടു. പിന്നീട് 1952ലും 54ലും മത്സരിച്ചു വിജയിച്ചു. 1957ല്‍ പ്രഥമ കേരള നിയമസഭയില്‍ റവന്യൂമന്ത്രിയായി. 17 തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച അവര്‍ 13 തവണയും വിജയിച്ചു.
46 വര്‍ഷം എംഎല്‍എയും ഇതില്‍ 16 വര്‍ഷം മന്ത്രിയുമായി. 1994ല്‍ സിപിഎമ്മില്‍ നിന്നകന്ന് യുഡിഎഫ് മുന്നണിക്കൊപ്പം ചേര്‍ന്നു. കഴിഞ്ഞവര്‍ഷം യുഡിഎഫ് ബന്ധം അവസാനിപ്പിച്ച ഗൗരിയമ്മ ഇപ്പോള്‍ എല്‍ഡിഎഫുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button