Latest NewsKeralaNews

പുരുഷ മേധാവിത്വത്തിന്റെ വെട്ടിനിരത്തലുകള്‍ അതിജീവിച്ച പെണ്‍ പോരാളിയ്ക്ക് ഞങ്ങളുടെ പ്രണാമം

ആദരാഞ്ജലികള്‍ നേര്‍ന്ന് ഡബ്ല്യു.സി.സി

കൊച്ചി: കെ.ആര്‍ ഗൗരിയമ്മയ്ക്ക് ആദരാജ്ഞലി അര്‍പ്പിച്ച് സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ്. ഓരോ പെണ്‍പോരാട്ടങ്ങള്‍ക്കും പ്രചോദനമായിരിക്കുന്ന കെടാത്ത വഴിവിളക്കാണ് ഗൗരിയമ്മയെന്ന് ഡബ്ല്യൂസിസി പങ്കുവെച്ച അനുശോചനക്കുറിപ്പില്‍ പറയുന്നു.

Read Also : അഴിമതി രഹിതമായ ഭരണത്തിലൂടെ ജനങ്ങളുടെ മനം കവരണം, അഴിമതി കാട്ടിയാൽ തൽക്ഷണം പുറത്ത് ; മുഖ്യമന്ത്രി സ്റ്റാലിന്‍

” നൂറ്റാണ്ടിന്റെ പെണ്‍പോരാളിക്ക് ഡബ്ലു.സി.സി.യുടെ പ്രണാമം. എല്ലാ പെണ്‍പോരാട്ടങ്ങളുടെയും തായ് വേര് അമ്മയാണ്. എല്ലാ രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കും അത് ഗൗരിയമ്മയാണ്. കേരളത്തിന്റെ വിപ്ലവ നക്ഷത്രം , ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ ഏക വനിതാ അംഗം , 1957 ലെ വിഖ്യാതമായ ഭൂപരിഷ്‌ക്കരണ നിയമവും കുടിയൊഴിപ്പിക്കല്‍ നിരോധന നിയമവും ഗൗരിയമ്മയുടെ സംഭാവനകളുടെ തുടക്കം മാത്രം ‘ .

അന്ന് ഗൗരിയമ്മ കേരളത്തിലെ ദളിതര്‍ക്കും സ്ത്രീകള്‍ക്കും പട്ടിണി പാവങ്ങള്‍ക്കും എന്തായിരുന്നു എന്നറിയാന്‍ ആ മന്ത്രിസഭക്ക് എതിരെയും ഗൗരിയമ്മക്ക് എതിരെയും മത ജന്മിത്ത പുരുഷമേധാവിത്വ ശക്തികള്‍ നടത്തിയ വിമോചനസമരത്തിലെ മുദ്രാവാക്യങ്ങള്‍ നാം ഓര്‍ത്തിരിക്കണം. ‘ പാളേക്കഞ്ഞി കുടിപ്പിക്കും. തമ്പ്രാനെന്നു വിളിപ്പിക്കും .’ ‘ ഗൗരിച്ചോത്തി പെണ്ണല്ലേ , പുല്ലു പറിയ്ക്കാന്‍ പൊയ്ക്കൂടേ .’ ഗൗരിച്ചോത്തി തളര്‍ന്നില്ല. ആ പിടിച്ചു നില്‍ക്കല്‍ ഓരോ സ്ത്രീയ്ക്കും പാഠമാണ് . വനിതാ കമ്മീഷന്‍ രൂപീകരണ ബില്‍ മുതല്‍ ചരിത്രം തിരുത്തിയ എത്രയോ നേട്ടങ്ങള്‍ക്ക് അവര്‍ ചുക്കാന്‍ പിടിച്ചു. ആദിവാസി വനനിയമം അട്ടിമറിക്കാന്‍ കേരള നിയമസഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒത്ത് വോട്ട് ചെയ്തപ്പോള്‍ അതിനെ എതിര്‍ത്ത് ഒറ്റക്ക് വോട്ട് ചെയ്ത ധീരതയുടെ പേരാണ് ഗൗരിയമ്മ’ .

കേരളത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രി പദം അവരില്‍ നിന്നും തട്ടി നീക്കാന്‍ ആണത്ത രാഷ്ട്രീയത്തിന് കഴിഞ്ഞെങ്കിലും ഗൗരിയമ്മ ഒരു തോറ്റ ജീവിതമല്ല. ഓരോ പെണ്‍പോരാട്ടങ്ങള്‍ക്കും പ്രചോദനമായിരിക്കുന്ന കെടാത്ത വഴിവിളക്കാണ്. എത്ര പ്രതികൂല സാഹചര്യങ്ങളിലും സ്ത്രീകള്‍ പൊരുതി നില്‍ക്കേണ്ടത് എങ്ങിനെയാണെന്ന രാഷ്ട്രീയ പാഠമാണ് ആ ജീവിതം. ഗൗരിയമ്മയുടെ ജീവിതം നമ്മുടെ സിനിമകളിലും പല രൂപത്തില്‍ വന്നിട്ടുണ്ട്. എന്നാല്‍ ആണത്തങ്ങള്‍ രാഷ്ട്രീയത്തില്‍ ചെയ്യുന്നതെന്തോ അത് തന്നെയാണ് സിനിമയിലും ചെയ്തത്.

പെണ്‍ സിനിമയുടെ പ്രസക്തിയാണ് അതെല്ലാം ഓര്‍മ്മിപ്പിക്കുന്നത്. അത്തരം മുദ്രകുത്തലുകളെയും അപഭ്രംശങ്ങളെയും എങ്ങിനെ തട്ടി നീക്കി മുന്നേറണം എന്നതിന്റെ എക്കാലത്തെയും വലിയ സ്ത്രീമാതൃകയായി ഗൗരിയമ്മ അതിജീവിച്ച് കാണിച്ചു തന്നു . ആ ധീരത നമുക്കും ഒരു മാതൃകയാണ്. അത്തരം പോരാട്ടങ്ങളുടെ ഊര്‍ജ്ജമാണ് ഡബ്ലു.സി.സി.ക്കും മുന്നോട്ടുപോകാനുള്ള കരുത്ത് . ഗൗരിയമ്മക്ക് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങള്‍ . നിങ്ങള്‍ മരിക്കില്ല. ഞങ്ങളുടെ ഹൃദയങ്ങളില്‍ ജീവിക്കും. ആ പോരാട്ടം ഞങ്ങള്‍ തുടരുക തന്നെ ചെയ്യും”!

 

shortlink

Related Articles

Post Your Comments

Related Articles


Back to top button