അമേരിക്കയിലെ മിഷിഗണിലെ സ്റ്റെയ്‌സി വെഹ്മാന്‍ ഫീലേ എന്ന അമ്മയുടെ ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. ക്ലോസെറ്റിനു മുകളില്‍ കയറി നില്‍ക്കുന്ന മൂന്നു വയസുകാരിയായ മകളുടേതാണ് ചിത്രം. അതിനു താഴെ ചിത്രം എടുക്കാനും പോസ്റ്റ് ചെയ്യാനും ഉണ്ടായ കാരണം വിശദീകരിച്ച് അമ്മയുടെ പോസ്റ്റും. ഇതിനകം 30,000 പേര്‍ ചിത്രം ഷെയര്‍ ചെയ്തു കഴിഞ്ഞു. ക്ലോസെറ്റിനു മുകളില്‍ കയറി നിന്ന് പരിശീലിക്കുന്ന മകളുടെ അവസ്ഥയുടെ കാരണം അറിഞ്ഞപ്പോള്‍ യഥാര്‍ത്ഥത്തില്‍ കരഞ്ഞു പോയെന്ന് സ്‌റ്റെയ്‌സി വെഹ്മാന്‍ പറയുന്നു.
ആദ്യം ഫോട്ടോയെടുക്കാനുള്ള മകളുടെ കളിതമാശയാണ് ഇതെന്നാണ് സ്റ്റെയ്‌സി ആ നില്‍പ്പിനെ കണ്ടത്. എന്നാല്‍ കാര്യം അറിഞ്ഞതോടെ ഇതത്ര കളിയല്ലെന്ന് സ്റ്റെയ്‌സിക്ക് മനസ്സിലായി. അതുകൊണ്ടാണ് ഹൃദയവേദനയോടെ ചിത്രത്തിനൊപ്പം മനസ്സില്‍ ഉയര്‍ന്ന ചിന്തകളും സ്റ്റെയ്‌സി ലോകത്തോട് പങ്കുവെച്ചത്. തോക്കുമായി ഒരു അക്രമി സ്‌കൂളിലേക്ക് കടന്നാല്‍ എന്ത് ചെയ്യണമെന്ന് സ്‌കൂളില്‍ പറഞ്ഞു പഠിപ്പിച്ചത്് ഇങ്ങനെയാണത്രേ. തോക്ക് കൈയ്യിലുള്ളവര്‍ നടത്തുന്ന ആക്രമണങ്ങള്‍ വല്ലാതെ വര്‍ധിച്ച ഒരു നാട്ടില്‍ കുട്ടികളെ ഇതല്ലാതെ സ്വയരക്ഷക്ക് എന്ത് പഠിപ്പിക്കും. അതിക്രമിച്ച് ആക്രമിക്കാനൊരാള്‍ വന്നാലുടന്‍ ശുചിമുറിയില്‍ ഒളിക്കണം. കാലുകള്‍ ഡോറിലൂടെ പുറത്ത് കാണാതിരിക്കാന്‍ ക്ലോസറ്റിന് മുകളില്‍ കയറി നില്‍ക്കുകയും വേണം. സ്‌കൂളില്‍ പറഞ്ഞ കാര്യങ്ങള്‍ പരിശീലിച്ച് ഉറപ്പു വരുത്തുകയാരുന്നു ആ മൂന്നു വയസുകാരി.
മകളുടെ ക്ലോസറ്റിന് മുകളിലുള്ള നില്‍പ്പ് ഭര്‍ത്താവിനെ കാണിക്കാനായാണ് സ്റ്റെയ്‌സി ഫോട്ടോയെടുത്തത്. എന്നാല്‍ സംഗതി അറിഞ്ഞതോടെ ഫേസ്ബുക്കില്‍ തന്റെ ചിന്തകളും ആകുലതകളും പങ്കുവെയ്ക്കാന്‍ ഉപയോഗിച്ചു.
തോക്ക് കൈവശം വെയ്ക്കുന്നവര്‍ നടത്തുന്ന ആക്രമണങ്ങളില്‍ നൂറു കണക്കിന് പേരാണ് യു.എസില്‍ കൊല്ലപ്പെടുന്നത്. ഇതാണ് ഹൃദയവേദനാജനകമായ മോക്ഡ്രില്‍ കുട്ടികള്‍ക്ക് നല്‍കാന്‍ സ്‌കൂള്‍ അധികൃതരെ നിര്‍ബന്ധിതരാക്കുന്നത്. അതിനാല്‍ തോക്ക് കൈവശം വയ്ക്കാനും നിയന്ത്രിക്കാനുമുള്ള അനുവാദം പരിമിതപ്പെടുത്തണമെന്നും മികച്ച നിയമങ്ങളിലൂടെ അക്രമങ്ങള്‍ തടയണമെന്നും സ്റ്റെയ്‌സി ആവശ്യപ്പെടുന്നു.
എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം എന്റെ പക്കലില്ല, പക്ഷേ നമ്മുടെ കുട്ടികള്‍ ക്ലോസറ്റിന് മുകളില്‍ കയറി നില്‍ക്കുന്നത് കാണേണ്ടി വരാതിരിക്കാന്‍ നാം എന്തെങ്കിലുമൊക്കെ ചെയ്‌തേ മതിയാവൂ എന്നും സ്റ്റെയ്‌സി വെഹ്മാന്‍ ഫീലേ പറഞ്ഞുവെക്കുന്നു.
Post Your Comments