CricketSports

അനിൽ കുംബ്ലെ ഇന്ത്യൻ ക്രിക്കറ്റ് കോച്ച് കേരളത്തിലെ കുമ്പളയിൽ നിന്നു ക്രിക്കറ്റിന്റെ തലപ്പത്തേക്ക്

ക്രിക്കറ്റിന്റെ തലപ്പത്ത് മലയാളി സാന്നിധ്യം

കെവിഎസ്‌ ഹരിദാസ്

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കോച്ചായി നിയമിതനായത് ജന്മം കൊണ്ടു മലയാളിയായ, കേരളീയനായ വ്യക്തിത്വം; അനിൽ കുബ്ലെ. ലോക ക്രിക്കറ്റിൽ ചരിത്രം ഏറെ കുറിച്ചിട്ടുള്ള കുംബ്ലെയുടെ സ്വദേശം കാസർഗോഡ് ജില്ലയിലെ കുമ്പള ആണെന്നത് പലർക്കും അറിയില്ല. ആ സ്ഥലപ്പേര് കൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ പേരിനൊപ്പം കുംബ്ലെ എന്നത് എഴുതിച്ചേർക്കപ്പെട്ടത് . സ്‌കൂളിൽ പഠിക്കുമ്പോൾ ക്‌ളാസിൽ രണ്ടു അനിൽ -മാർ ഉണ്ടായിരുന്നു. അവരെ തിരിച്ചറിയാനായി ക്ലാസ് ടീച്ചർ ആണ് ഈ അനിലിനൊപ്പം ജന്മനാടായ കുമ്പള എന്നുകൂടി ചേർത്തത്. അതു പിന്നീട് യഥാർഥ പേരിനെ തന്നെ മറികടന്ന് ലോക ക്രിക്കറ്റ് നിഘണ്ടുവിൽ സ്ഥാനം പിടിച്ചു. കാസർഗോഡ് നിന്നും മംഗലാപുരത്തിനു പോകുന്ന വഴിയിൽ കർണാടക അതിർത്തിയോടു ചേർന്നുള്ള പ്രദേശമാണ് കുമ്പള. അനിൽ കുംബ്ലെയുടെ പേരിൽ ഇന്ന് കുമ്പളയിൽ ഒരു റോഡുണ്ട് ; അവിടെ ആശുപത്രിയിലേക്കുള്ള റോഡിനാണ് ആ പേര് നൽകിയത്. കുമ്പള പഞ്ചായത്ത് സംഘടിപ്പിച്ച റോഡിന്റെ നാമകരണ ചടങ്ങിൽ അനിൽ കുംബ്ലെ പങ്കെടുക്കുകയും ചെയ്തിരുന്നു. ജന്മദേശം എന്ന നിലക്ക് കേരളത്തിലാണ് എങ്കിലും അദ്ദേഹം വളർന്നതും പഠിച്ചതും പ്രവർത്തിച്ചതും ക്രിക്കറ്റ് കളിച്ചതുമെല്ലാം കർണാടകത്തിലാണ്. എന്നാലും തീർച്ചയായും മലയാളിക്ക് അഭിമാനിക്കാം. ആഹ്ലാദിക്കാം.

ഇന്ത്യ കണ്ട മികച്ച ആൾ റൗണ്ടർമാരിൽ ഒരാളാണ് അനിൽ കുംബ്ലെ. ഒരു ടെസ്റ്റിൽ അതും പാക്കിസ്ഥാന് എതിരെ ഒരു ഇന്നിങ്‌സിലെ പാത്തുവിക്കറ്റും കരസ്ഥമാക്കിയ ബൗളറാണ് എന്നതും പ്രധാനമാണ്. ബാംഗ്ലൂർ നഗരത്തിലെ സ്കൂളുകളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ കുംബ്ലെ എഞ്ചിനീറിങ് ( മെക്കാനിക്കൽ) ബിരുദമെടുത്തത് ആർ വി സി ഇ എഞ്ചിനീറിങ് കോളേജിൽ നിന്നാണ്. അക്കാലത്താണ് ക്രിക്കറ്റ് കമ്പം കയറിയതും അതിലേക്കു ഇറങ്ങി ചെന്നതും. 1989 -ൽ കർണാടകക്കുവേണ്ടി ഹൈദരാബാദിനെതിരെ നാലു വിക്കറ്റ് നേടിക്കൊണ്ടാണ് കുംബ്ലെ ദേശീയ ശ്രദ്ധയിലെത്തുന്നത്. പിന്നീട് ഇന്ത്യ അണ്ടർ 19 ടീമിൽ അംഗമായി പാക്കിസ്ഥാനിൽ പര്യടനം നടത്തി. അവിടെ ആദ്യ ടെസ്റ്റിൽ 113 റൺസും രണ്ടാമത്തെ ടെസ്റ്റിൽ 76 റൺസും നേടി തന്റെ തിരഞ്ഞെടുപ്പിൽ ന്യായം കണ്ടെത്തി.
ഇംഗ്ലണ്ട് പര്യടനത്തിലാണ് ആദ്യമായി ഇന്ത്യ ടെസ്റ്റ് ക്യാപ് കുംബ്ലെ അണിയുന്നത്. മാഞ്ചസ്റ്ററിൽ നടന്ന രണ്ടാം ടെസ്റ്റിൽ മൂന്നു വിക്കറ്റെടുത്ത കുംബ്ലേക്ക് പക്ഷെ രണ്ടാം ഇന്നിംഗ്‌സിൽ വിക്കറ്റൊന്നും കിട്ടിയില്ല. അതിനു മുൻപേ 1990 -ൽ ഷാർജയിൽ നടന്ന ഏഷ്യാ കപ്പ് ടീമിൽ അദ്ദേഹം ഇന്ത്യൻ ടീമിലെത്തിയിരുന്നു. പത്തു മത്സരത്തിൽ 50 വിക്കറ്റും 21 ടെസ്റ്റിൽ നൂറു വിക്കറ്റും കരസ്ഥമാക്കി. ഹീറോ കപ്പിൽ ഈഡൻ ഗാർഡനിൽ വെസ്റ്റ് ഇൻഡീസിനെതിരെ 12 റൺസ് വഴങ്ങി ആറു വിക്കറ്റ് എടുത്ത റെക്കോർഡ് അനവധി വർഷങ്ങൾ നിലനിന്നിരുന്നു. 400 വിക്കറ്റ് നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ബൗളറും കുമ്ബ്ലെ തന്നെ. കപിൽ ദേവാണ് മറ്റൊരാൾ; എന്നാൽ കപിൽ കളിച്ചത്തിലും ഏതാണ്ട് 30 മത്സരങ്ങൾ കുറച്ചു കളിച്ചാണ് ആ റെക്കോർഡ് കുമ്പളക്കാരൻ നേടിയത്. ക്രിക്കറ്റ് കളം വിടുമ്പോൾ കുംബ്ലേക്ക്‌ സ്വന്തമായി 619 ടെസ്റ്റ് വിക്കറ്റുണ്ടായിരുന്നു. ഏകദിനത്തിൽ അതു 337 ആണ്. ലോകത്തു 600 -ലേറെ വിക്കറ്റ് നേടിയ മറ്റു ക്രിക്കറ്റ് താരങ്ങൾ ഷൈൻ വാനും മുത്തയ്യ മുരളീധരനുമാണ്‌ .

അതൊക്കെ റെക്കോർഡ്. എന്നാൽ അതിനപ്പുറമാണ് കുംബ്ലെയുടെ പ്രസക്തി. എന്നും നല്ലൊരു മാനേജർ ആയിരുന്നു അനിൽ എന്നതാണ് എല്ലാവരും പറയാറുള്ളത്. അനാവശ്യമായി വഴക്കിനൊന്നും വരാത്ത അതേസമയം വേണ്ടത് വേണ്ടപ്പോൾ ചെയ്യാൻ മടിക്കാത്ത താരം. ഇന്ത്യൻ ക്രിക്കറ് ടീമിന്റെ ക്യാപ്റ്റൻ എന്ന നിലക്ക് അനിൽ കുംബ്ലെ അതു തെളിയിച്ചിരുന്നു. ഫീൽഡിലും ഡ്രസ്സിങ് റൂമിലും ഇതുപോലെ ശാന്തനായി കണ്ടിട്ടുള്ള ക്രിക്കറ്റർമാർ കുറവാകും. എന്നാൽ പേഴ്‌സണൽ മാനേജ്‌മെന്റിൽ ശ്രദ്ധിക്കാൻ വേണ്ടതിലധികം കഴിവും താല്പര്യവുമുള്ള താരം. ആ കഴിവുകൾ അല്ലെങ്കിൽ ആ പ്രത്യേകതകൾ തന്നെയാവും കുംബ്ലെയെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കോച്ച് ആക്കാൻ ബിസി സി ഐയെ പ്രേരിപ്പിച്ചതും. സച്ചിൻ ടെണ്ടുൽക്കർ, സൗരവ് ഗാന്ഗുലി, വിവിഎസ്‌ ലക്ഷ്മൺ എന്നിവരാണ് കൊച്ചിനെ തിരഞ്ഞെടുക്കാൻ നിയുക്തരായിരുന്നത് എന്നത് ഓർക്കണം. ഇന്ത്യയിലെ ഏറ്റവും മികച്ച അതേസമയം അനാവശ്യ വിവാദങ്ങളിൽ നിന്നു ഒഴിഞ്ഞു നിൽക്കുന്ന മുൻ ക്രിക്കറ്റർമാരാണ് ആ മൂന്നുപേരും. കളി പഠിപ്പിക്കലാണ് ക്രിക്കറ്റ് ടീമിന്റെ കൊച്ചിന്റെ ജോലി എന്നും മറ്റുമുള്ള അഭിപ്രായം പലർക്കുമുണ്ടായിരുന്നു. എന്നാൽ അതിന് ഇന്ന് എത്രയോ വേറെ ആൾക്കാരുണ്ട്. ബൗളിംഗ്, ഫീൽഡിങ്, ബാറ്റിങ് കോച്ചുമാർ വെവ്വേറെയുണ്ട്. അവരെയൊക്കെ ഏകോപിപ്പിക്കലാണ് ക്രിക്കറ്റ് കൊച്ചിന്റെ ചുമതല എന്നതാണ് ഇന്നിപ്പോൾ ബിസിസിഐ കാണുന്നത്.

നാഷണൽ കോച്ചിങ് അക്കാദമിയുടെ തലവൻ, കർണാടക ക്രിക്കറ് അസോസിയേഷൻ സെക്രട്ടറി, ഐ പി എല്ലിൽ ബാംഗ്ലൂർ, മുംബൈ എന്നീ ടീമുകളുടെ മാനേജ്‌മെന്റ് എന്നിവയെല്ലാം കുംബ്ലെ നിർവഹിച്ചിട്ടുണ്ട്. ആ അനുഭവങ്ങൾ ഇന്ത്യൻ കോച്ച് എന്ന നിലക്ക് പ്രവർത്തിക്കുമ്പോൾ കുംബ്ലേക്ക് സഹായകരമാവും എന്നു ക്രിക്കറ്റ് മേധാവികൾ കരുതുന്നു.

വെസ്റ് ഇൻഡീസുമായാണ് കോച്ച് എന്ന നിലക്കുള്ള കുംബ്ലെയുടെ പ്രഥമ ഇന്നിങ്‌സ്. അതു വളരെ പ്രയാസപ്പെട്ടതാവണമെന്നില്ല. മറ്റൊന്ന് ഇന്നിപ്പോൾ ഇന്ത്യക്കു നല്ലൊരു ടീമുണ്ട്. ഏകദിനത്തിലും ടെസ്റ്റിലും അതു വ്യക്തമാണ്. ആ ടീമിനെ കൊണ്ടു നടന്നാൽ മതി എന്നതാണ് പ്രധാനം. ആ മാനേജ്മെന്റ് ഭംഗിയായി നിർവഹിക്കാൻ കുംബ്ലേക്ക് കഴിയുമെന്നതിൽ സംശയമില്ല. തൽക്കാലം ഒരു വർഷത്തേക്കാണ് ഇപ്പോൾ കുംബ്ലെയുടെ നിയമനം. പ്രൊഫെഷണൽ നിയമനം എന്ന നിലക്കാണ് ആ തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button