ബെയ്ജിങ്: ആണവ വിതരണ സംഘത്തില്‍ (എന്‍.എസ്.ജി) ഇന്ത്യയുടെ അംഗത്വം സംബന്ധിച്ച് ആദ്യമായി ചൈനയുടെ അനുകൂല പ്രതികരണം. ചര്‍ച്ചകള്‍ക്കായി വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയവും സൂചിപ്പിച്ചു.
നാളെ ഉസ്ബെക്കിസ്ഥാന്‍റെ തലസ്ഥാനമായ താഷ്കന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങും കൂടിക്കാഴ്ച നടത്തുന്നതിനു മുന്നോടിയായുള്ള നിലപാടുമാറ്റം പ്രതീക്ഷ നല്‍കുന്നതാണ്. ഷാങ്ഹായ് സഹകരണ സമിതിയുടെ യോഗത്തിനാണു മോദിയും ചിന്‍പിങ്ങും താഷ്കന്റിലെത്തുന്നത്.
ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വക്കാര്യം മോദി ചൈനീസ് പ്രസിഡന്റുമായി സംസാരിക്കുമെന്നാണു കരുതുന്നത്. സോളില്‍ ഇപ്പോള്‍ നടക്കുന്ന എന്‍.എസ്.ജി പ്ലീനറി സമ്മേളനത്തിന്റെ അജന്‍ഡയില്‍ പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തുന്ന കാര്യം ഇല്ലെന്ന് ആവര്‍ത്തിച്ച ചൈനീസ് വിദേശകാര്യ വക്താവ് ഹു ചന്യിങ്, ‘തങ്ങള്‍ ആര്‍ക്കും എതിരല്ല, ഇന്ത്യയ്ക്കും പാക്കിസ്ഥാനും. വാതില്‍ തുറന്നിട്ടിരിക്കുകയാണ്. മുറിയില്‍ ഇടവുമുണ്ട്’ എന്ന് ഇന്നലെ വ്യക്തമാക്കി.
ആണവനിര്‍വ്യാപന കരാറില്‍ ഒപ്പുവയ്ക്കാത്ത രാജ്യങ്ങളെ എന്‍.എസ്.ജിയില്‍ ഉള്‍പ്പെടുത്തേണ്ടതില്ല എന്ന വ്യവസ്ഥയില്‍ മാറ്റം വരുത്തേണ്ടതുണ്ടോ എന്ന കാര്യം അംഗങ്ങള്‍ ഗൗരവമായി ചര്‍ച്ചചെയ്യണം. ഇത്തരം രാജ്യങ്ങളെ സംഘത്തില്‍ ഉള്‍പ്പെടുത്തരുതെന്ന വ്യവ്സഥ കൊണ്ടുവന്നതു തന്നെ യു.എസ് ആണ്- ഇന്ത്യയ്ക്കു വേണ്ടി അമേരിക്ക നടത്തുന്ന ശ്രമങ്ങളെ സൂചിപ്പിച്ചു ചന്യിങ് പറഞ്ഞു.
ഇന്ത്യയെ എന്‍.എസ്.ജിയിലേക്കു സ്വാഗതം ചെയ്യണമെന്ന് അംഗരാജ്യങ്ങളോട് യു.എസ് ആവശ്യപ്പെട്ടിരുന്നു.
Post Your Comments