NewsInternational

കൊടുംപട്ടിണി പിടിമുറുക്കുന്നു; ഭക്ഷണം വാങ്ങാന്‍ പണത്തിനായി ജനങ്ങള്‍ കടകള്‍ കൊള്ളയടിക്കുന്നു

കുമാന: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സ്ഥിതിയിലേക്ക് നീങ്ങുന്ന വെനസ്വേലയില്‍ പട്ടിണി പിടി മുറുക്കുന്നു. മതിയായ രീതിയില്‍ ഭക്ഷ്യവസ്തുക്കള്‍ കിട്ടാത്ത സ്ഥിതിയിലായതോടെ കഴിഞ്ഞ രണ്ടാഴ്ചയായി ജനങ്ങള്‍ തെരുവില്‍ ഇറങ്ങുകയും ബിസിനസ് സ്ഥാപനങ്ങള്‍ കൊള്ളയടിക്കുകയും ചെയ്യുകയാണ്. ഭക്ഷ്യ വസ്തുക്കള്‍ക്കായുള്ള ലഹള തുടങ്ങിയതോടെ ഡെലിവറി ട്രക്കുകളില്‍ നിന്നും സാധനകൈമാറ്റം നടത്താന്‍ പോലും പട്ടാള സുരക്ഷ വേണമെന്ന സ്ഥിതിയായി.

 

പട്ടിണി വെനസ്വേലയെ ഇളക്കി മറിക്കുകയാണ്. പ്രമുഖ നഗരമായ കുമാനയില്‍ ഡെലിവറി ട്രക്കുകള്‍ ആക്രമിക്കപ്പെടുന്ന സാഹചര്യം കൂടുകയാണ്. ഭക്ഷണത്തിന് വേണ്ടി തെരുവില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു നാലു വയസ്സുകാരി മരണമടഞ്ഞിരുന്നു.

 

ബേക്കറികള്‍ക്ക് പോലും സൈനികരുടെ കാവല്‍ വേണമെന്ന നിലയിലാണ്. പലചരക്ക് കടകള്‍, അറവുശാല, ഫാര്‍മസികള്‍ തുടങ്ങി കടകള്‍ കൊള്ളയടിച്ച ജനക്കൂട്ടത്തിന് നേരെ പോലീസ് റബ്ബര്‍ ബുള്ളറ്റ് ഉപയോഗിച്ചു.

 

രാജ്യത്തെ സ്വതന്ത്രപോരാളികളുടെ പേരില്‍ അറിയപ്പെടുന്ന കുമാനോ നഗരത്തില്‍ നൂറു കണക്കിന് ജനങ്ങളാണ് സൂപ്പര്‍മാര്‍ക്കറ്റുകളിലും പലചരക്കു കടകളിലും കഴിഞ്ഞ ദിവസങ്ങളില്‍ കൊള്ള നടത്തിയത്. കൂറ്റന്‍ താഴിട്ടുപൂട്ടിയ ലോഹനിര്‍മ്മിത ഗേറ്റുകള്‍ തല്ലിത്തകര്‍ത്ത് അകത്തു കയറിയ ആള്‍ക്കാര്‍ കുപ്പി വെള്ളവും ധാന്യങ്ങളും പഞ്ചസാര, ഉപ്പ്, ഉരുളക്കിഴങ്ങ്, കണ്ണില്‍കണ്ടതെല്ലാം കൊണ്ടുപോയി. ആള്‍ക്കാര്‍ പോയപ്പോള്‍ ശേഷിച്ചത് തകര്‍ന്ന ഫ്രീസറും ശൂന്യമായ ഷെല്‍ഫുകളും മാത്രം.

 

ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദകരായ രാജ്യത്ത് മതിയായ ഭക്ഷണം കിട്ടാതെ ജനങ്ങള്‍ അക്രമാസക്തരായിരിക്കുകയാണ്. രണ്ടാഴ്ച മാത്രം 50 ലധികം പ്രശ്നങ്ങളാണ് ഉണ്ടായിട്ടുള്ളത്. പ്രതിഷേധക്കാര്‍ രാജ്യത്തുടനീളം നടന്ന് കൊള്ളയടിക്കുകയായിരുന്നു. മിക്ക ബിസിനസ് സ്ഥാപനങ്ങളും തകര്‍ക്കുകയോ ഇല്ലാതാക്കുകയോ ചെയ്തു. അഞ്ചിലധികം പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്.

 

അടുത്ത കാലത്ത് ഉണ്ടായ സാമ്പത്തിക തകര്‍ച്ചയാണ് വെനസ്വേലയെ ബുദ്ധിമുട്ടിച്ചിരിക്കുന്നത്. ഭക്ഷ്യ വസ്തുക്കള്‍ മതിയായ രീതിയില്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയാത്ത രാജ്യം മിക്കവാറും മറ്റ് രാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്. കൈവിട്ട നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങിയതോടെ പ്രസിഡന്‍റ് നിക്കോളാസ് മദൂരോ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞയാഴ്ച ഒരു ദിവസം 22 ബിസിനസ് സ്ഥാപനങ്ങളാണ് ജനങ്ങള്‍ കൊള്ളയടിച്ചത്. 87 ശതമാനം വെനസ്വേലക്കാരും പറയുന്നത് ഭക്ഷണം വാങ്ങാന്‍ തങ്ങളുടെ കയ്യില്‍ പണം പോലുമില്ലെന്നാണ്. സാമ്പത്തിക കെടുകാര്യസ്ഥത രാജ്യത്തെ ഭക്ഷ്യ വിതരണത്തെ കാര്യമായി ബാധിച്ചിരിക്കുകയാണെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button