കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ വ്യത്യസ്ത ഇടങ്ങളിലുണ്ടായ സ്‌ഫോടനങ്ങളില്‍ രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 25 പേര്‍ മരിച്ചു. കാബൂള്‍, ബദക്ഷന്‍ എന്നിവിടങ്ങളിലാണ് സ്‌ഫോടനം നടന്നത്. ഗണേഷ് ഥാപ, ഗോവിന്ദ് സിങ് എന്നിവരാണ് മരിച്ച ഇന്ത്യക്കാര്‍. ഇവര്‍ ഡെറാഡൂണ്‍ സ്വദേശികളാണെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.
കാബൂളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച മിനിബസിനു സമീപം ചാവേര്‍ പൊട്ടിത്തെറിച്ച് നേപ്പാള്‍ സ്വദേശികളായ 14 പേരാണ് കൊല്ലപ്പെട്ടത്. അഫ്ഗാന്‍ സ്വദേശികളുള്‍പ്പെടെ ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു. ഇതിനു മണിക്കൂറുകള്‍ക്കകം വടക്കുകിഴക്കന്‍ പ്രവിശ്യയായ ബദക്ഷനിലെ വ്യാപാരസ്ഥലത്ത് മോട്ടോര്‍ബൈക്കില്‍ ഭീകരര്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ച് എട്ടു പേര്‍ കൊല്ലപ്പെട്ടു. 18 പേര്‍ക്ക് പരുക്കേറ്റു.
കാബൂളിലുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു. അതേസമയം, ബദക്ഷനിലെ വ്യാപാരസ്ഥലത്തുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്റെ എതിരാളികളായ ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുള്ള സംഘടന ഏറ്റെടുത്തു.
Post Your Comments