IndiaNews

പ്രധാനമന്ത്രിയുടെ ബിരുദം: വിവരാവകാശ അപേക്ഷ ഡല്‍ഹി സര്‍വകലാശാല തള്ളി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വകാര്യതയെ സംബന്ധിക്കുന്ന വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്ന് ചൂണ്ടികാട്ടി അദ്ദേഹത്തിന്റെ ബിരുദത്തെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ സമര്‍പ്പിച്ച വിവരാവകാശ പ്രകാരമുള്ള അപേക്ഷ ഡല്‍ഹി സര്‍വകലാശാല തള്ളി. ഡല്‍ഹി സ്വദേശിയായ അഭിഭാഷകന്‍ മുഹമ്മദ് ഇര്‍ഷാദ് നല്‍കിയ അപേക്ഷയാണ് സര്‍വകലാശാല തള്ളിയത്. നയത്തിന്റെ ഭാഗമായി ഓരോ വിദ്യാര്‍ത്ഥിയുമായി വിശ്വാസത്തില്‍ അധിഷ്ഠിതമായ ബന്ധമാണ് സര്‍വകലാശാലയ്ക്ക് ഉള്ളത് അതിനാല്‍ അവരുടെ സ്വകാര്യത നിലനിര്‍ത്താന്‍ അവരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അധികൃതര്‍ തടഞ്ഞുവയ്ക്കുമെന്ന് അപേക്ഷകന് സര്‍വകലാശാല മറുപടി നല്‍കി.

പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാന്‍ നല്‍കിയ അപേക്ഷ നിരസിക്കാന്‍ ഡല്‍ഹി സര്‍വകലാശാലയ്ക്ക് അവകാശമില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. മുമ്പ് പ്രധാനമന്ത്രിയുടെ ബിരുദം വ്യാജമാണെന്ന് കെജ്രിവാള്‍ ആരോപിച്ചിരുന്നു. ‘പ്രധാനമന്ത്രിയുടെ ബിരുദവുമായി ബന്ധപ്പെട്ട നിഗൂഡതയുടെ ആഴം കൂട്ടുകയാണ് ഈ സംഭവം. സര്‍വകലാശാലയ്ക്ക് വിവരങ്ങള്‍ സ്വകാര്യതയുടെ അടിസ്ഥാനത്തില്‍ പുറത്തുവിടാന്‍ സാധിക്കില്ലെങ്കില്‍ വിവരാവകാശ നിയമപ്രകാരം അവര്‍ക്ക് പ്രധാനമന്ത്രിയോട് അനുവാദം ചോദിക്കാം’. കെജ്രിവാള്‍ ട്വീറ്റ് ചെയ്തു. ഏപ്രിലില്‍ കേന്ദ്ര വിവരാവകാശ കമ്മിഷനോട് (സി.ഐ.സി) പ്രധാനമന്ത്രി മോദിയുടെ വിദ്യാഭ്യാസ യോഗ്യതയുടെ വിവരം പുറത്തുവിടണമെന്ന് കെജ്രിവാള്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് സി.ഐ.സി ഡല്‍ഹി സര്‍വകലാശാലയോട് പ്രധാനമന്ത്രിയുടെ ബിരുദം പുറത്തുവിടാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതേ തുടര്‍ന്ന് ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത്ഷായും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും പ്രധാനമന്ത്രിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ പുറത്തുവിട്ടെങ്കിലും അത് വ്യാജമാണെന്ന് എ.എ.പി ആരോപിച്ചു. ഷായും ജെയ്റ്റ്‌ലിയും പുറത്തുവിട്ട പ്രധാനമന്ത്രിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ എന്തുകൊണ്ടാണ് സര്‍വകലാശാല സ്വകാര്യമായി കാണുന്നതെന്നും കെജ്രിവാള്‍ ചോദിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button