IndiaNewsInternational

ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച് ചൈനീസ് ബോംബര്‍ വിമാനം

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ അക്‌സായ് ചിന്നിലെ ഇന്ത്യാ ചൈന അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് പ്രകോപനം. ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ യുദ്ധവിമാനം പ്രദേശത്തെ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചതായാണ് റിപ്പോര്‍ട്ട്. 107 മിനിറ്റോളം വിമാനം ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ ഉണ്ടായിരുന്നതായും പിന്നീട് ചൈനീസ് അതിര്‍ത്തിയിലേക്ക് പിന്‍വാങ്ങിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചൈനീസ് ബോംബര്‍ വിമാനമായ ജെ.എച്ച് 7 ആണ് അതിര്‍ത്തി ലംഘിച്ചത്.

ഇതാദ്യമായല്ല ചൈനീസ് വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തി ലംഘിക്കുന്നത്. നേരത്തെ ഇത്തരത്തില്‍ അതിര്‍ത്തി കടന്നെത്തിയ വിമാനത്തില്‍ നിന്ന് ഇന്ത്യന്‍ പ്രദേശത്തേക്ക് സിഗരറ്റ് പാക്കറ്റുകള്‍, ടിന്നിലടച്ച ഭക്ഷണം, പ്രാദേശിക ഭാഷയില്‍ എഴുതിയ ലഘുലേഖകള്‍ എന്നിവ വിതറിയിരുന്നു. കഴിഞ്ഞ ജൂണ്‍ ഒമ്പതിന് അരുണാചല്‍ പ്രദേശില്‍ ചൈനീസ് സൈന്യം കടന്ന് കയറിയതാണ് ഏറ്റവും അവസാനം നടന്ന സംഭവം.

ഇതിന് പിന്നാലെയാണ് ഇന്ന് വ്യോമാതിര്‍ത്തി ലംഘനമുണ്ടായിരിക്കുന്നത്. അരുണാചല്‍ പ്രദേശിലെ കടന്നു കയറ്റം വിവാദമായതിന് പിന്നാലെ ഇന്ത്യന്‍ സൈന്യത്തിന് മധുരം നല്‍കി ചൈനീസ് സൈന്യം സംഘര്‍ഷം ലഘൂകരിച്ചിരുന്നു. നാല് കമാന്‍ഡിങ് ഓഫീസര്‍മാരെത്തി ഇന്ത്യന്‍ സൈനികരുമായി ചര്‍ച്ച ചെയ്താണ് പ്രശ്‌നപരിഹാരമുണ്ടാക്കിയത്.

എന്‍.എസ്.ജി അംഗത്വത്തിനായുള്ള ഇന്ത്യയുടെ നയതന്ത്ര ശ്രമങ്ങള്‍ക്ക് ചൈനയാണ് പ്രധാന വെല്ലുവിളി. ചൈനയെ അനുനയിപ്പിക്കാന്‍ വിദേശകാര്യ സെക്രട്ടറി ജയശങ്കര്‍ കഴിഞ്ഞ ദിവസം ചൈന സന്ദര്‍ശിച്ചിരുന്നു. അമേരിക്കുയും ഇന്ത്യയുടെ എന്‍.എസ്.ജി പ്രവേശനത്തിനായി ശ്രമിക്കുന്നതിനിടെയാണ് യാതൊരു പ്രകോപനവുമില്ലാതെ ചൈനീസ് ആര്‍മിയുടെ യുദ്ധവിമാനം ഇന്ത്യനതിര്‍ത്തി ലങ്കിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button