ന്യൂഡല്‍ഹി : അഗസ്റ്റാവെസ്റ്റ്ലാന്റ് ഹെലിക്കോപ്റ്റര്‍ അഴിമതി അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അംഗങ്ങള്‍ ഡല്‍ഹിയിലും മുംബൈയിലും ഹൈദരാബാദിലും റെയ്ഡ് നടത്തി.
വിവിധ കമ്പനികളില്‍ തിരച്ചില്‍ നടത്തിയ സംഘം ദുബായിലും മൗറീഷ്യസിലും സിംഗപ്പൂരിലുമായി സൂക്ഷിച്ചിരിക്കുന്ന ഏകദേശം 86.07 കോടിയുടെ സ്വത്ത് മരവിപ്പിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം അഴിമതിയില്‍ മധ്യസ്ഥനായ പ്രവര്‍ത്തിച്ച ബ്രിട്ടീഷ് പൗരനെതിരെയും മറ്റ് പ്രതികള്‍ക്കെതിരെയും സംഘം പുതിയ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
ഹെലിക്കോപ്റ്റര്‍ അഴിമതിയിലൂടെ സമ്പാദിച്ച 86 കോടി വിവിധ രാജ്യങ്ങളില്‍ നിക്ഷേപ രൂപത്തില്‍ സൂക്ഷിച്ചിരിക്കുന്നുവെന്നാണ് എന്‍ഫോഴ്സ്മെന്റ് അനുമാനം. ഇതുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് സംശയമുള്ള പത്തോളം സ്ഥാപനങ്ങളിലാണ് തിരച്ചില്‍ നടത്തിയത്. തിരച്ചിലില്‍ ഹെലിക്കോപ്റ്റര്‍ അഴിമതിയുമായി ബന്ധപ്പെട്ട സുപ്രധാന തെളിവുകള്‍ അടങ്ങുന്ന രേഖകള്‍ ലഭിച്ചതായി അന്വേഷണ സംഘം വെളിപ്പെടുത്തി.
Post Your Comments