കാസര്‍കോട്: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുമോദന യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമ്മേളന വേദിയിലേക്കുള്ള ലിഫ്റ്റില്‍ കുടുങ്ങി. അര മണിക്കൂറോളം ലിഫ്റ്റില്‍ കുടുങ്ങിക്കിടന്ന പ്രതിപക്ഷ നേതാവിനെയും കോണ്‍ഗ്രസ് നേതാക്കളെയും അഗ്നിശമന സേനാവിഭാഗം എത്തിയാണ് പുറത്തിറക്കിയത്. രാവിലെ 11.05ന് കാസര്‍കോട് നായിക്സ് റോഡിലെ ജില്ലാ സഹകരണ ബാങ്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലെ ലിഫ്റ്റിലാണ് സംഭവം.
ലിഫ്റ്റ് രണ്ടാം നിലയ്ക്കും മൂന്നാം നിലയ്ക്കും ഇടയില്‍ എത്തിയപ്പോള്‍ കറണ്ട് പോവുകയായിരുന്നു. ഇതോടെ ലിഫ്റ്റിന്റെ പ്രവര്‍ത്തനം നിലച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചെങ്കിലും ലിഫ്റ്റ് പണിമുടക്കി. സാങ്കേതിക വിദഗ്ധരും പൊലീസും തകരാര്‍ പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. തുടര്‍ന്ന് 11. 40ഓടെ ലിഫ്റ്റിന്റെ മൂന്നാം നിലയിലേക്കുള്ള വാതിലിന്റെ പൂട്ട് അഴിച്ച് പ്രതിപക്ഷ നേതാവിനെയും മറ്റ് നേതാക്കളെയും പുറത്തിറക്കുകയായിരുന്നു.
Post Your Comments