ബീജിങ്ങ് : നിര്‍മ്മാണ തൊഴിലാളിയുടെ വയറ്റിലൂടെ സ്റ്റീല്‍ കമ്പി തുളച്ചു കയറി. ചൈനയിലെ ഷാങ്ങ്ദോങ്ങിലായിരുന്നു സംഭവം. നാല്പ്പതിയാറുകാരനായ സ്വാങ്ങ് നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്ന കെട്ടിടത്തില്‍ നിന്നും (അഞ്ചു മീറ്റര്‍ ഉയരത്തില്‍) സ്റ്റീല്‍ കമ്പിയിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ സ്വാങ്ങിനെ ആശുപത്രിയില്‍ എത്തിച്ചു.
ഏഴ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് ശേഷമാണ് കമ്പി പുറത്തെടുത്തത്. ആശുപത്രിയിലെ ഒമ്പതു വകുപ്പുകളിലെ സര്ജന്മാര് അഗ്നിശമാനാസേനാനികളുടെ സഹായത്തോടെയാണ് കമ്പി നീക്കം ചെയ്തത്. എക്സ് റേയില്‍ തലനാരിയ്ക്കാണ് കമ്പി അദ്ദേഹത്തിന്റെ തലയോട്ടി, ശ്വാസനാളം, ഹൃദയം, പ്രധാന രക്തകുഴലുകള്‍, കരള്‍ എന്നിവയില്‍ കൂടി കടന്നു പോകാഞ്ഞതെന്നു വ്യക്തമായതായി ചൈനീസ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വലിയ മുറിവാണ് സ്വാങ്ങിന് ഉണ്ടായിരിക്കുന്നതെന്നും ആരോഗ്യവാനായതാണ് അദ്ദേഹത്തിന് മറ്റ് കുഴപ്പങ്ങളൊന്നും ഉണ്ടാവാതിരിക്കാന്‍ കാരണമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. തെറ്റായ ഒരു ചെറിയ അനക്കം പോലും ശസ്ത്രക്രിയ പരാജയപ്പെടാന്‍ കാരണമാകും. ഏഴു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ എല്ലാവരെയും തളര്‍ത്തി. ഇപ്പോള്‍ സ്വാങ്ങിന്റെ സ്ഥിതി മെച്ചപ്പെട്ടു വരുന്നു. എന്നാല്‍ അണുബാധയുണ്ടാകാന്‍ സാധ്യത കൂടുതലായതിനാല്‍ രണ്ടാഴ്ചത്തെ നിരീക്ഷണത്തിലായിരിക്കും സ്വാങ്ങെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
Post Your Comments