NewsIndia

ഗുല്‍ബര്‍ഗ് കൂട്ടക്കൊല: ആര്‍ക്കും വധശിക്ഷയില്ല : 11 പ്രതികള്‍ക്ക് ജീവപര്യന്തം തടവ്

അഹമ്മദാബാദ്: 2002ലെ ഗുജറാത്ത് കലാപത്തിനിടെ നടന്ന ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ 24 പ്രതികളില്‍ 11 പേര്‍ക്ക് അഹമ്മദാബാദ് പ്രത്യേക കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.

മറ്റ് 12 പ്രതികള്‍ക്ക് ഏഴു വര്‍ഷം തടവും ഒരു പ്രതിക്ക് 10 വര്‍ഷം തടവുമാണ് കോടതി ശിക്ഷ വിധിച്ചത്. 69പേര്‍ കൊല്ലപ്പെട്ട കേസില്‍ കൊലപാതകകുറ്റം ചുമത്തപ്പെട്ട 11 പേരുള്‍പ്പെടെ 24 പ്രതികളെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നത്. ഇവരുടെ ശിക്ഷയാണ് പ്രത്യേക കോടതി ജഡ്ജി പി.ബി ദേശായി ഇന്ന് പ്രഖ്യാപിച്ചത്. വി.എച്ച്.പി നേതാവ് അതുല്‍ വൈദ്യയും ശിക്ഷിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

2002 ഫെബ്രുവരി ഇരുപത്തിയെട്ടിനാണ് അഹമ്മദാബാദിലെ ഗുല്‍ബര്‍ സൊസൈറ്റിയില്‍ അതിക്രമിച്ചെത്തി ആള്‍ക്കൂട്ടം 69പേരെ കൊലപ്പെടുത്തിയത്. പാര്‍ലമെന്റ് അംഗമായിരുന്ന എഹ്‌സാന്‍ ജാഫ്രി അടക്കം കൊല്ലപ്പെട്ട കേസില്‍ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത് 66 പ്രതികളെയാണ്. ഇവരില്‍ 36 പേരെ വെറുതെവിട്ട കോടതി 24 പേര്‍ കുറ്റക്കാരായി കണ്ടെത്തുകയായിരുന്നു.

ശിക്ഷാ വിധി സംബന്ധിച്ച മൂന്നു ദിവസം നീണ്ട വാദപ്രതിവാദം കഴിഞ്ഞ വെള്ളിയാഴ്ച പൂര്‍ത്തിയായിരുന്നു. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായി പരിഗണിക്കണമെന്നും മനുഷത്വരഹിതമായ കുറ്റം ചെയ്തവര്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണമെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാല്‍, കുറ്റക്കാര്‍ക്ക് പരമാവധി ശിക്ഷ നല്‍കരുതെന്നും തെറ്റുതിരുത്താന്‍ ഒരവസരം നല്‍കണമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

കേസില്‍ 11 പേര്‍ക്കെതിരെ കൊലപാതകം കലാപം, ഉണ്ടാക്കല്‍ തുടങ്ങിയുള്ള കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. കേസില്‍ ഗൂഡാലോചന ഉണ്ടായിട്ടില്ലെന്നും പ്രതിഷേധിക്കാനെത്തിയ ആള്‍ക്കൂട്ടത്തില്‍നിന്നു പൊടുന്നനെയുണ്ടായ പ്രതികരണമായിരുന്നു ആക്രമണം എന്നുമാണ് കോടതി കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button