ന്യൂഡല്‍ഹി ● ശസ്ത്രക്രിയ നടത്താന്‍ സഹായിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞുകൊണ്ട് ആറു വയസ്സുകാരിയുടെ കത്ത്. പൂനെ സ്വദേശിനിയായ വൈശാലി യാദവാണ് തന്റെ ഹൃദയശസ്ത്രക്രിയക്ക് വേണ്ട സഹായങ്ങള്‍ അനുവദിച്ച പ്രധാന മന്ത്രിക്ക് നന്ദി പറഞ്ഞ് കത്തയച്ചത്. ഇതിന് മുമ്പ് തന്റെ ചികിത്സയ്ക്ക് സഹായം അഭ്യർഥിച്ചു കത്തെഴുതിയതും വാര്ത്തയായിരുന്നു.
കത്തിന്റെ ഉള്ളടക്കം ഇങ്ങനെ ” “ബഹുമാനപ്പെട്ട മോദി ജീ, എന്റെ കത്തിനുള്ള പ്രതികരണമായി ഒരു നല്ല ആശുപത്രിയില്‍ എന്റെ ശസ്ത്രക്രിയ നടത്താന്‍ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും അങ്ങ് ഒരുക്കിത്തന്നിരുന്നല്ലോ. ഞാനിപ്പോള്‍ സുഖമായിട്ടിരിക്കുന്നു.എന്റെ അമ്മാവനും അച്ഛനും അമ്മൂമ്മയും സഹോദരനുമെല്ലാം അങ്ങയോട് വളരെയധികം കടപ്പെട്ടിരിക്കുന്നു. എല്ലാവരും എന്നെയിപ്പോള്‍ അങ്ങയുടെ മകളായിട്ടാണ് സംബോധന ചെയ്യുന്നത്. ഇനിമുതല്‍ ഞാന്‍ സ്ഥിരമായി സ്‌കൂളില്‍ പോയിത്തുടങ്ങും,”വൈശാലി കത്തില്‍ പറയുന്നു.
ജന്മനാ ഹൃദ്രോഗിയായി ജനിച്ച വൈശാലിക്ക് ചികിത്സയ്ക്കായി പെയിന്റിംഗ് തൊഴിലാളിയായ പിതാവ് ഉള്ളതെല്ലാം വിറ്റു പെറുക്കിയ കൂട്ടത്തിൽ വൈശാലിയുടെ കളിപ്പാട്ടവും സൈക്കിളും വരെ വിറ്റപ്പോഴാണ് പ്രധാനമന്ത്രിക്ക് വൈശാലി കത്തെഴുതാൻ തീരുമാനിച്ചത്.തന്റെ രോഗാവസ്ഥയും, കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയും കാണിച്ച് വൈശാലി പ്രധാനമന്ത്രിക്ക് കത്തെഴുതി.
ഒരാഴ്ചയായപ്പോൾ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ജില്ലാ കലക്ടർക്ക് വൈശാലിയുടെ ചികിത്സക്ക് വേണ്ടത് ചെയ്യണം എന്ന് അറിയിപ്പ് വന്നു.അവര്‍ വൈശാലിയുടെ വിലാസവും ചുറ്റുപാടുകളും അന്വേഷിച്ചറിഞ്ഞ് കാര്യങ്ങൾ സത്യസന്ധമാണെന്ന് മനസ്സിലാക്കി കുട്ടിയെ ആസ്പത്രിയിലാക്കി.അങ്ങനെ ജൂൺ രണ്ടിന് വൈശാലിയുടെ ശസ്ത്രക്രിയ നടന്നു.വൈശാലിയുടെ ശസ്ത്രക്രിയ സംബന്ധിച്ച വിവരങ്ങളും, ശസ്ത്രക്രിയ കഴിഞ്ഞുള്ള ആരോഗ്യാവസ്ഥയും കാണിച്ച് കലക്ടർ പ്രധാനമന്ത്രിക്ക് റിപ്പോർട്ടും അയച്ചു.
Post Your Comments