ഹരാരെ: തുടര്‍ച്ചയായ മൂന്നാംജയത്തോടെ സിംബാബ്‌വേയ്ക്ക് എതിരായ ഏകദിന പരമ്പര ടീം ഇന്ത്യ തൂത്തുവാരി. മൂന്നാം മത്സരത്തില്‍ 10 വിക്കറ്റിന്റെ ഉജ്ജ്വല ജയത്തോടെയാണ് ഇന്ത്യ ആതിഥേയര്‍ക്ക് മേല്‍ ആധിപത്യം അരക്കിട്ടുറപ്പിച്ചത്.
ലോകേഷ് രാഹുലിന്റെയും അരങ്ങേറ്റക്കാരന്‍ ഫൈസ് ഫസലിന്റെയും അര്‍ധസെഞ്ച്വറികളാണ് ഇന്ത്യക്ക് ജയം എളുപ്പമാക്കിയത്. 21.5 ഓവറില്‍ ഇവര്‍ സിംബാബ്‌വേ ഉയര്‍ത്തിയ 124 റണ്‍സ് വിജയലക്ഷ്യം മറികടന്നു. സ്കോര്‍: സിംബാബ്‌വേ- 123/10 (42.2 ഓവര്‍); ഇന്ത്യ- 126/0 (21.5 ഓവര്‍).
രാഹുല്‍ 70 പന്തില്‍ നാല് ബൗണ്ടറികളും രണ്ട് സിക്സും ഉള്‍പ്പെടെ 63 റണ്‍സെടുത്തപ്പോള്‍ 61 പന്തില്‍ 55 റണ്‍സെടുത്ത ഫസല്‍ ഏഴ് ബൗണ്ടറിയും ഒരു സിക്സുമടിച്ചു.
ആദ്യ രണ്ടു മത്സരങ്ങളും പോലെ തന്നെ സ്കോര്‍ പിന്തുടര്‍ന്നാണ് ഇന്ത്യ ഇന്നും വിജയത്തിലെത്തിയത്. ആദ്യ മത്സരങ്ങളില്‍ സിംബാബ്‌വേയെ ഇന്ത്യ ബാറ്റിങ്ങിന് അയക്കുകയായിരുന്നെങ്കില്‍ ഇന്ന് ടോസ് നേടിയ സിംബാബ്‌വേ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
എന്നാല്‍ ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വേ മൂന്നാം മത്സരത്തിലും ഇന്ത്യന്‍ ബൗളിങ്ങിന് മുന്നില്‍ വീണടിഞ്ഞു. പത്തോവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് സിംബാബ്‌വേയുടെ നടുവൊടിച്ചത്.
കഴിഞ്ഞ കളിയിലെ താരം യുസ്വീന്ദ്ര ചാഹല്‍ എട്ടോവറില്‍ 25 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി. അക്ഷര്‍ പട്ടേലും ധവാല്‍ കുല്‍ക്കര്‍ണിയും ഓരോ വിക്കറ്റ് പങ്കിട്ടു. രണ്ട് സിംബാബ്‌വേ താരങ്ങള്‍ റണ്ണൗട്ടാവുകയായിരുന്നു.
വുസി സിബാണ്ട (71 പന്തില്‍ 38), ചമു ചിബാബ (66 പന്തില്‍ 27) എന്നിവരുടെ പ്രകടനങ്ങളാണ് സിംബാബ്‌വേ സ്കോര്‍ നൂറ് കടത്തിയത്. ടിമിസെന്‍ മറുമ (29 പന്തില്‍ 17), നെവില്ലെ മാദ്സിവ (26 പന്തില്‍ 10) എന്നിവരും സിംബാബ്‌വേ നിരയില്‍ രണ്ടക്കം കണ്ടു.
മൂന്ന് മത്സരത്തിലും സിംബാബ്‌വേ ഓള്‍ ഔട്ടായപ്പോള്‍ ടൂര്‍ണമെന്റിലാകെ ഇന്ത്യക്ക് നഷ്ടമായത് മൂന്ന് വിക്കറ്റ് മാത്രം. ആദ്യ മത്സരത്തില്‍ ഒമ്പത് വിക്കറ്റിനും രണ്ടാം മത്സരത്തില്‍ എട്ടു വിക്കറ്റിനുമാണ് ഇന്ത്യ ജയിച്ചത്.
Post Your Comments