മുംബൈ: ബോളിവുഡ് താരം അമിതാഭ് ബച്ചനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തായി. അമിതാഭ് ബച്ചന്‍ ഡയറക്ടറായിരുന്ന കമ്പനി, സഹോദരന്‍ അജിതാഭ് ബച്ചന്റെ കമ്പനിയില്‍ നിന്ന് കപ്പല്‍ വാങ്ങിയതായുള്ള രേഖകളാണ് പുറത്തു വന്നിരിക്കുന്നത്.
അമിതാഭ് ബച്ചന് നാല് വിദേശ കമ്പനികളുമായി ബന്ധമുണ്ടെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നെങ്കിലും ബച്ചന്‍ അത് തള്ളിക്കളയുകയായിരുന്നു. നാല് കമ്പനികളില്‍ ഒന്നായ ട്രാംപ് ഷിപ്പിങ് ലിമിറ്റഡിന്റെ ഡയറക്ടറായി ബച്ചന്‍ സ്ഥാനമേറ്റെടുത്തതിനു പിന്നാലെ ബഹാമസിലെ മറ്റൊരു കമ്പനിയുടെ കപ്പല്‍ ട്രാംപ് വാങ്ങിയിരുന്നു. ഈ കമ്പനിയുടെ ഉടമസ്ഥരില്‍ ഒരാള്‍ അജിതാഭ് ബച്ചനാണ്. 1994ലായിരുന്നു ഈ ഇടപാട് നടന്നത്. എംവി നൈല്‍ ഡെല്‍റ്റ എന്ന ഈ കപ്പല്‍ നൈല്‍ ഷിപ്പിങ് ലിമിറ്റഡ് എന്ന കമ്പനിയുടേതാണ്. ഇത് ഉള്‍പ്പെടെയുള്ള നാല് കമ്പനികള്‍ 1990-91 കാലത്ത് രൂപീകരിച്ചതാണ്. ഈ നാല് കമ്പനികളും അജിതാഭ് ബച്ചന്റെ ഉടമസ്ഥതയിലുള്ളതാണ്.
1993ല്‍ ബഹാമസിലും ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകളിലുമുള്ള നാല് ഷിപ്പിങ് കമ്പനികളിലെ ഡയറക്ടറായി അമിതാഭ് ബച്ചന്‍ പ്രവര്‍ത്തിച്ചിരുന്നെന്ന് നേരത്തെ പുറത്തു വന്നിരുന്നു. 1994 ല്‍ കപ്പല്‍ വാങ്ങിയ ട്രാംപ് കമ്പനി എംവിസി ഡെല്‍റ്റ എന്ന പേരില്‍ പുനര്‍ നാമകരണം ചെയ്തു. ട്രാംപ് കമ്പനി കപ്പല്‍ വാങ്ങിയതോടെ നൈല്‍ ഷിപ്പിങ് കമ്പനി പൂട്ടി. ട്രാംപ് കമ്പനിയുടെ എല്ലാ ഓഹരികളും സീബള്‍ക്ക് ഷിപ്പിങ് കമ്പനിയുടെ കൈവശമാണ് ഉള്ളതെന്നും ഇതിന്റെ ഡയറക്ടര്‍ അമിതാഭ് ബച്ചനാണെന്നും പറയപ്പെടുന്നു.
Post Your Comments