കോഴിക്കോട്: വന്‍തുക കൈപ്പറ്റിയാണ് വൃക്ക നല്‍കിയതെന്ന ആരോപണം ലേഖാ നമ്പൂതിരി നിഷേധിച്ചു. താന്‍ ദാനം ചെയ്ത വൃക്ക കൊണ്ട് ജീവന്‍ തിരിച്ചുകിട്ടിയ ഷാഫി നന്ദികേട് പറയുന്നതില്‍ വേദനയുണ്ടെന്നും ലേഖ തന്‍റെ പ്രതികരണത്തില്‍ പറഞ്ഞു. ആരോഗ്യാവസ്ഥ മോശമായതിനെത്തുടര്‍ന്ന്‍ വേണ്ടിവന്ന ശസ്ത്രക്രിയക്ക് ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഇന്ന് ലേഖ ഡിസ്ചാര്‍ജ് ആകും.
ഏറേ അനിവാര്യമായിരുന്ന ശസ്ത്രക്രിയ സുമനസ്സുകളുടെ സഹായത്തോടെ പൂര്‍ത്തിയാക്കി തിരികെ വീട്ടിലേക്ക് പോകുന്ന ലേഖയ്ക്ക് സ്വസ്ഥമായി വിശ്രമിച്ച് ആരോഗ്യം വീണ്ടെടുക്കാനുള്ള രീതിയിലല്ല കാര്യങ്ങള്‍ ഇപ്പോള്‍ പുരോഗമിച്ചിരിക്കുന്നത്. വൃക്കദാനവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉടലെടുത്ത വിവാദങ്ങള്‍ വരുംദിനങ്ങളില്‍ ലേഖയെ അലട്ടും എന്ന കാര്യം തീര്‍ച്ചയാണ്. പണം ആഗ്രഹിച്ചല്ല വൃക്ക നല്‍കിയതെന്നും വൃക്ക നല്‍കി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നയാള്‍ തന്നെ അപവാദ പ്രചാരണം നടത്തുന്നതില്‍ ഏറെ ദുഖമുണ്ടെന്നും ലേഖ നമ്പൂതിരി പറഞ്ഞു.
താന്‍ സാമ്പത്തികമായി വലിയൊരു പ്രതിസന്ധി നേരിട്ട സമയത്താണ് വൃക്ക നല്‍കാനുള്ള തീരുമാനമെടുത്തത്. അപ്പോള്‍, അതുമായി ബന്ധപ്പെട്ട ചികിത്സാ ചെലവുകള്‍ വഹിക്കാന്‍ കഴിഞ്ഞില്ല. ടെസ്റ്റുകള്‍ക്കും യാത്രാ ചെലവിനുമുള്ള പണം കൈയിലില്ലാത്തതിനാല്‍ ഷാഫി തന്നെ മുടക്കുകയായിരുന്നു. ഷാഫിക്ക് ജീവിതം തിരിച്ചുകിട്ടുക എന്നതു മാത്രമായിരുന്നു തന്‍റെ ലക്ഷ്യമെന്നും ലേഖ പറഞ്ഞു.
വൃക്ക ദാനം നല്‍കിയതിനെ ഒരിക്കല്‍പ്പോലും വര്‍ഗീയമായി ചിത്രീകരിച്ചിട്ടില്ലെന്നും ലേഖ ആണയിടുന്നു. അപവാദ പ്രചാരണം നടത്തിയ ഷാഫിക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് തീരുമാനം. ശസ്ത്രക്രിയക്ക് ശേഷം സുഖം പ്രാപിച്ചു വരുന്ന ലേഖ പതിയെ നടന്നു തുടങ്ങി. അതിനായി സഹായിച്ച എല്ലാ സുമനസ്സുകള്‍ക്കും ലേഖ നന്ദി പറഞ്ഞു.
അന്യമതസ്ഥയായ ലേഖയില്‍ നിന്ന് വൃക്ക സ്വീകരിച്ചത് അവയവദാനത്തിന് അതൊരു പ്രചോദനമാവട്ടെ എന്ന് കരുതിയായിരുന്നെന്ന് ലേഖയില്‍ നിന്ന് വൃക്ക സ്വീകരിച്ച പാട്ടാമ്പി സ്വദേശി ഷാഫി നവാസ് പറഞ്ഞു. വൃക്കദാനം നൽകിയിട്ടും ലേഖയെ തള്ളിപറഞ്ഞെന്നതും ലേഖയെ ഇതുവരെ താൻ സാഹായിച്ചില്ലെന്നതുമായ ആരോപണങ്ങൾ തെറ്റാണെന്നും ഷാഫി അറിയിച്ചു. എട്ട് ലക്ഷം രൂപ ലേഖയ്ക്ക് നൽകിയിട്ടുണ്ട്. തന്നെ വർഗീയവാദിയും അവസരവാദിയും ആയി ചിത്രീകരിച്ച് സാമൂഹ്യ മാധ്യമങ്ങളിലടക്കം നടക്കുന്ന പ്രചാരണത്തിൽ വിഷമമുണ്ടെന്നും ഷാഫി പറഞ്ഞു.
Post Your Comments