Latest NewsIndia

ഭർത്താവിന്റെ വൃക്ക വിറ്റ പണവുമായി യുവതി ഫേസ്‌ബുക്ക് കാമുകനൊപ്പം ഒളിച്ചോടി:യുവതി സ്ഥലംവിട്ടത് 10 ലക്ഷം രൂപയുമായി

ഭർത്താവിന്റെ വൃക്ക വിറ്റുകിട്ടിയ പത്തുലക്ഷം രൂപയുമായി യുവതി കാമുകനൊപ്പം ഒളിച്ചോടി. ഫേസ്ബുക്കിലൂടെ പരിയപ്പെട്ട ആൾക്കൊപ്പമാണ് പത്തുവയസുകാരിയുടെ മാതാവ് കൂടിയായ യുവതി ഒളിച്ചോടിയത്. പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിലെ സങ്ക്രെയിലിൽ നിന്നാണ് ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തുവരുന്നത്. സാമ്പത്തിക ബുദ്ധിമുട്ടും മകളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനും പണം നൽകേണ്ടതിൻ്റെ ആവശ്യകതയും പറഞ്ഞാണ് യുവതി ഭർത്താവിനെ വൃക്ക വിൽക്കാൻ പ്രേരിപ്പിച്ചത്. എന്നാൽ, പണം കയ്യിൽകിട്ടിയതോടെ ഫേസ്ബുക്ക് കാമുകനൊപ്പം യുവതി ഒളിച്ചോടുകയായിരുന്നു.

ഭാര്യയുടെ നിർബന്ധപ്രകാരമായിരുന്നു ഹൗറ സ്വദേശിയായ യുവാവ് തന്റെ വൃക്ക വിൽക്കാൻ തീരുമാനിക്കുന്നത്. ദമ്പതികൾക്ക് പത്ത് വയസുള്ള ഒരു മകളുമുണ്ട്. മകളുടെ പഠനത്തിനും ഭാവിയിൽ നടക്കാനിരിക്കുന്ന വിവാഹത്തിനും കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും വേണ്ടിയാണ് ഭാര്യ വൃക്ക വിൽക്കാൻ ആവശ്യപ്പെട്ടത്. കുറഞ്ഞത് പത്ത് ലക്ഷം രൂപയ്ക്ക് എങ്കിലുമായിരിക്കണം ‘കച്ചവട’മെന്നും ഭാര്യ നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഹൗറ സ്വദേശികളായ ദമ്പതികൾ ഒരു വർഷത്തോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് വൃക്ക വാങ്ങാനുള്ള ആളിനെ കണ്ടെത്തിയത്.

നീണ്ട കാലത്തിനെ തിരച്ചിലിനൊടുവിൽ മൂന്ന് മാസങ്ങൾക്ക് മുൻപാണ് തങ്ങൾക്ക് യോജിച്ച ഉപഭോക്താവിനെ ദമ്പതികൾക്ക് ലഭിച്ചത്. ശസ്ത്രക്രിയയും ചികിത്സയും പൂർത്തിയായ യുവാവ് കുടുംബത്തെ ഭദ്രമാക്കിയെന്ന് വിശ്വസിച്ചെങ്കിലും സംഭവിച്ചത് മറ്റൊന്നായിരുന്നു. വൃക്ക വിറ്റ് ലഭിച്ച പത്തു ലക്ഷം രൂപയുമായി ഭാര്യ ഫേസ്ബുക്കിൽ നിന്നും പരിചയപ്പെട്ട കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു.

ബരാക്‌പൂരിലെ സുഭാഷ് കോളനിയിലെ രവി ദാസ് എന്ന ചിത്രകാരനുമായി യുവതി പ്രണയത്തിലായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഫേസ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ഭർത്താവിന്റെ വൃക്ക വിറ്റ 10 ലക്ഷം രൂപ കൈപ്പറ്റിയ ശേഷം യുവതി ദാസിനൊപ്പം ഒളിച്ചോടുകയായിരുന്നു.

സംഭവമറിഞ്ഞ് ഭർത്താവും മകളും ഭർതൃപിതാവും മാതാവും യുവതിയെ കാണാനെത്തിയെങ്കിലും അവരോട് പ്രതികരിക്കാതെ യുവതി മുഖം തിരിക്കുകയായിരുന്നു. തനിക്ക് കാമുകനൊപ്പം ജീവിക്കാനാണ് താത്പര്യമെന്നും വിവാഹമോചനത്തിനുള്ള നോട്ടീസ് വൈകാതെ അയയ്ക്കുമെന്നുമായിരുന്നു യുവതിയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button