കെവിഎസ് ഹരിദാസ്
ഉത്തർ പ്രദേശിലെ ഒരു ചെറു നഗരം വീണ്ടും ദേശീയ ശ്രദ്ധയിലേക്ക്. അത് നല്ല കാര്യത്തിനല്ല, മറിച്ച് കുപ്രസിദ്ധിക്കാണ് എന്നതാണ് പ്രത്യേകത. പടിഞ്ഞാറൻ യു.പിയിലെ കൈറാന നൽകുന്ന സന്ദേശം അതാണ്. ഹിന്ദുക്കൾക്ക് ജീവിക്കാൻ കഴിയാത്ത ഭൂപ്രദേശമായി മാറുന്നു എന്നതാണ് കൈറാനയുടെ പ്രത്യേകത. അവിടെനിന്നു മറ്റു മതസ്ഥർക്ക് സർവ്വസ്വവും ഉപേക്ഷിച്ചു നടുവിടെണ്ട അവസ്ഥ വന്നുചേർന്നിരിക്കുന്നു എന്നാണ് ബിജെപി ചൂണ്ടിക്കാണിക്കുന്നത്. അതൊരു ദേശീയ പ്രശ്നമായി മാറുകയാണ് എന്നതും ഈ വേളയിൽ സ്മരിക്കാതെ വയ്യ. ഈ പ്രശ്നം അടുത്തു നടക്കാനിരിക്കുന്ന യു. പി നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാന വിഷയമായി ഉന്നയിക്കാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത് . അതായത് അത് വലിയതോതിൽ രാജ്യത്ത് ആകമാനം ചര്ച്ചചെയ്യപ്പെടുമെന്ന് വ്യക്തം. ഒരു മതത്തിൽ, അതും രാജ്യത്തെ ഭൂരിപക്ഷ മതത്തിൽ, വിശ്വസിക്കുന്നവർക്ക് ഇന്ത്യയിലെ ഒരു നഗരത്തിൽ ജീവിക്കാൻ കഴിയാത്ത അവസ്ഥ സൃഷ്ടിക്കപ്പെടുന്നു എന്നതാണ് പ്രശ്നം. ഇതുതന്നെയാണ് നേരത്തെ നാം ജമ്മു കാശ്മീരിൽ കണ്ടതും അനുഭവിച്ചതും. അവിടെ നിന്ന്, അല്ലെങ്കിൽ മുസ്ലീം ഭൂരിപക്ഷമുള്ള താഴ്‌വരയിൽ നിന്നും കാശ്മീരി പണ്ഡിറ്റുകൾക്ക് കൈയ്യിൽ കിട്ടിയതുമെടുത്ത് ജീവനും കൊണ്ട് ഓടേണ്ടി വന്നതിനു സമാനമായ അവസ്ഥ പടിഞ്ഞാറൻ യു.പിയിൽ ഇപ്പോഴുണ്ടാവുന്നു എന്നതാണ് പ്രശ്നം. ന്യൂനപക്ഷ പ്രീണനം മാത്രം ലക്ഷ്യമാക്കി ഒരു ഭരണകൂടം നിലകൊള്ളുമ്പോൾ ഭൂരിപക്ഷ സമൂഹത്തിൽ പെട്ടവർക്ക് ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കുന്നില്ല എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതിനപ്പുറം ഈ ആക്രമണം, കുടിയൊഴിപ്പിക്കൽ എന്നിവയ്ക്കു പിന്നിൽ ജിഹാദി പ്രസ്ഥാനങ്ങളോ അതുമായി ബന്ധമുള്ളവരോ അണിനിരക്കുന്നു എന്ന സൂചനകളും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അസഹിഷ്ണുതയുടെ ഒരു പുതിയ രൂപമാണ് ഇവിടെ തെളിയുന്നത് എന്ന ആക്ഷേപം ഇതുവരെ ബിജെപിയെ ആക്രമിക്കാൻ ശ്രമിച്ചവർക്കുള്ള മറുപടിയായി മാറിയാൽ അതിശയിക്കാനില്ല.
ഏതാണ്ട് 85 ശതമാനം മുസ്ലീം ജനസംഖ്യയുള്ള ചെറു വാണിജ്യ നഗരമാണ് ശാംലി ജില്ലയിലെ കൈറാന. അവിടെ അവശേഷിക്കുന്ന ഇതര മതസ്ഥർക്ക് നേരെയുള്ള ഭീഷണിയാണ് ഇന്നത്തെ പ്രശ്നം. അതിനു നേതൃത്വം നൽകുന്നത് അന്നാട്ടിലെ ഒരു അറിയപ്പെടുന്ന ക്രിമിനലും അയാളുടെ ഗുണ്ടാ സംഘവുമാണ്. എന്നാൽ അവരുടെ കൂടെയാണ് ജില്ലാ ഭരണകൂടവും പോലീസും ന്യൂനപക്ഷ മതനേതൃത്വവും. അതുകൊണ്ട് പരാതിയുമായി ചെല്ലുന്നവർ ഭീഷണിയും വെല്ലുവിളിയുമോക്കെയാണ് നേരിടേണ്ടി വരുന്നത് . മുകിം കാല എന്ന അധോലോക നേതാവിന്റെ ഭീഷണിയെ തുടർന്ന് തങ്ങളുടെ സർവസ്വവും കിട്ടിയ വിലക്ക് വിറ്റ് അടുത്തിടെ നാടുവിട്ടവരുടെ എണ്ണം ഏതാണ്ട് 350 ആണ്. അതായത് 85 ശതമാനം മുസ്ലീങ്ങൾ പാർക്കുന്ന നഗരത്തിലെ ഇതര മതസ്ഥരിൽ 90 ശതമാനവും ഏതാണ്ട് നാടുവിട്ടിരിക്കുന്നു. അവരിൽ കച്ചവടക്കാർ, അദ്ധ്യാപകർ തുടങ്ങിയവരെല്ലാം ഉണ്ടുതാനും. 2014 ന് ശേഷം അവിടം വിട്ടവരിൽ ഏറെയും തൊട്ടടുത്തുള്ള ഹരിയാനയിലേക്ക് കുടിയേറുകയാണ് ചെയ്തത്. ഉത്തർ പ്രദേശിൽ മറ്റൊരു കാശ്മീർ രൂപമെടുക്കുകയാണോ എന്ന ചോദ്യമുന്നയിക്കാൻ പലരെയും പ്രേരിപ്പിക്കുന്നത് അതാണ് . കാര്യങ്ങൾ ആ നിലക്കാണ് എത്തിപ്പെട്ടിരിക്കുന്നത് എന്നാണ് അല്ലെങ്കിൽ അതിന്റെ സൂചനകളാണ് അടുത്തിടെ പടിഞ്ഞാറൻ യുപിയിലെ കൈറാനയിൽ നിന്നും പുറത്തുവരുന്നത് എന്നാണ് ബിജെപിയും ഹൈന്ദവ പ്രസ്ഥാനങ്ങളും ചൂണ്ടിക്കാണിക്കുന്നത് .
ആസൂത്രിതമായ നീക്കങ്ങളാണ് മത ശകതികളുടെ പിൻബലത്തോടെ അധോലോക കവർച്ച സംഘം നടത്തുന്നത് . മുസ്ലീങ്ങൾ അല്ലാത്തവരുടെ സ്ഥലത്തിനും കെട്ടിടത്തിനും വ്യാപാര സ്ഥാപനത്തിനും അവർ വന്നു വിലപറയുന്നു. ആ വിലക്ക് ഭൂമിയും മറ്റും കൊടുത്തില്ലെങ്കിൽ പിന്നെ അതിക്രമമായി. അവിടെ കഴിഞ്ഞുകൂടാൻ കഴിയാത്ത സ്ഥിതി ഉണ്ടാവുന്നു. കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട ഈ അധോലോക നേതാവ് ഇന്നിപ്പോൾ ജയിലിലാണ്. എന്നാലും അയാളുടെ ഗുണ്ടാ സംഘങ്ങൾ അവിടെ വാഴുകയാണ്. അവർക്ക് ഭരണ- രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്തുണയുമുണ്ട് . കൈറാനയെ ഒരു പാക്കിസ്ഥാനായി മാറ്റുകയാണ് എന്നാണ് യുപിയിൽ നിന്നുള്ള ബിജെപി എംപി ഹുക്കും സിംഗ് പറയുന്നത്. സമാജ്‌വാദി പാർട്ടിയാണ് അതിനുള്ള അവസരമൊരുക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഭരണകൂടം അക്ഷരാർഥത്തിൽ ന്യൂനപക്ഷ മത നേതൃത്വത്തിന്റെയും അവരുടെ ദല്ലാളന്മാരായ അധോലോക സംഘത്തിന്റെയും ചൊൽപ്പടിയിലാണ് എന്നതാണ് സ്ഥിതി. അതിലേറെ പ്രധാനം, ഈ സംഘത്തിനു ഇന്ന് ജിഹാദി പ്രസ്ഥാനങ്ങളിൽ നിന്ന് വലിയ പിന്തുണയുണ്ട് എന്നുള്ള വിവരമാണ്. അന്തർ ദേശീയ ബന്ധം പോലും അവരിൽ ചിലർക്കുണ്ട് എന്നും സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്.
മുകിം കാലയുടെ സംഘത്തിൽ പെട്ടവർക്ക് പതിവായി പണം കൊടുത്തില്ലെങ്കിൽ ജീവിക്കാൻ സമ്മതിക്കില്ല എന്നതാണ് സ്ഥിതിയെന്ന് കര്ഷകനായ സോം പാൽ പറയുന്നു. പത്തുലക്ഷം രൂപയാണ് തന്നോട് അവരാവശ്യപ്പെട്ടത്. തന്റെ ഒരു തുണ്ട് ഭൂമി അതിനിടെ വിറ്റിരുന്നു; അതിന്റെ വിഹിതമായാണ് പത്തുലക്ഷം ചോദിച്ചത്. കൊടുക്കാൻ കഴിയില്ലെന്ന് പറഞ്ഞതിന് കൊലവിളി നേരിടേണ്ടിവന്നു, സോം പാൽ പറയുന്നു. “ഞാൻ പണം കൊടുത്തില്ല; എന്നാൽ എനിക്കിപ്പോൾ ഇവിടെ ജീവിക്കാൻ കഴിയാത്ത സ്ഥിതിയായി. പരാതി കൊടുത്തിട്ട് ഒരു കാര്യവുമില്ല. ഇന്നിപ്പോൾ ബാക്കിയുള്ള ഭൂമിയും കൂടി വിറ്റിട്ട് നടുവിടുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണ്….. “, ആ കർഷകൻ പറയുന്നു.
ചില കച്ചവട സ്ഥാപനങ്ങൾ വിൽക്കാനുണ്ടോ എന്ന് ഒരു ദിവസം വന്നു ആരെങ്കിലും അന്വേഷിക്കും. നല്ലനിലക്ക് നടക്കുന്ന സ്ഥാപനങ്ങൾ വിൽക്കാൻ താല്പര്യമില്ല എന്ന് അതിന്റെ ഉടമ അറിയിച്ചാൽ അടുത്ത ദിവസം ഭീഷണിയുമായി ഗുണ്ടകളെത്തും. ഒഴിഞ്ഞുപോകണം എന്നതാവും നിർദ്ദേശം. അവർ തന്നെയാണ് വില നിശ്ചയിക്കുക. അതിനു സമ്മതമല്ല എന്നുപറഞ്ഞാൽ പിന്നെ ജീവനും ഭീഷണിയാവും. അതിനു പുറമേ ഗുണ്ട പിരിവും.
അതുപോലെ അനവധിപേർ അവിടെനിന്ന് പോയിട്ടുണ്ട്. കുറെയേറെപ്പേർ ഇതിനകം രക്ഷപ്പെട്ടു. പരാതിയുമായി എവിടെയും ചെന്നിട്ടു കാര്യമില്ല. സ്ഥലത്തെ എംപി തന്നെ ഇക്കാര്യം ജില്ലാ മജിസ്ട്രേറ്റിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നതാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സബ് ഡിവിഷണൽ മജിസ്ട്രേറ്റിനെ ( എസ് ഡി എം ) ചുമതലപ്പെടുത്തി. അതിനപ്പുറം അവിടെയൊന്നും നടന്നില്ല, ഭീഷണിയും ഒഴിപ്പിക്കലുമൊക്കെ നിര്ബാധം നടക്കുന്നു. ജീവനിൽ കൊതിയുള്ളവന് സ്വന്തംനിലക്ക് എന്തുവേണമെങ്കിലും ചെയ്യാം; അത്ര തന്നെ. ശിക്ഷിക്കപ്പെട്ട് ജയിലിൽ കിടന്നുകൊണ്ടാണ് ആ ഗുണ്ട നേതാവ് ഇതൊക്കെ സംഘടിപ്പിക്കുന്നത്.
ഇക്കഴിഞ്ഞ ജൂൺ 10 -ന് കശ്യപ് വിഭാഗത്തിൽ പെട്ട ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്യുകയും പിന്നീട് വധിക്കുകയും ചെയ്തു. എല്ലാവർക്കുമറിയാം ആരൊക്കെയാണ് അതിനുപിന്നിൽ എന്ന്. ഒരാളെ പോലും പിടികൂടിയിട്ടില്ല, ഇതുവരെ. ശങ്കർ , രാജു എന്നീ രണ്ടു സഹോദരങ്ങളായ വ്യാപാരികളെ നടുറോഡിൽ വെച്ച് ആക്രമിച്ചതും അടുത്തിടെ ഉണ്ടായ സംഭവമാണ്. അവരെ മാർക്കറ്റിൽ വെച്ച് ഈ അക്രമികൾ വെടിവച്ചു കൊല്ലുകയാണ് ചെയ്തത്. ഗുണ്ടകൾ ആവശ്യപ്പെട്ട പണം കൊടുക്കതിരുന്നതിനാണ് കൊലപാതകം നടത്തിയത്. അത് സംബന്ധിച്ചും പോലീസിന്റെ ഭാഗത്തുനിന്നു ഒരു നടപടിയും ഉണ്ടായില്ല. ” സാധാരണക്കാരന് പൊതു നിരത്തിലൂടെ പകൽ സമയത്തുപോലും നടക്കാൻ കഴിയാത്ത അവസ്ഥയാണ് ഈ നഗരത്തിലുള്ളത് ” എന്നാണ് അവിടത്തെ പ്രമുഖ അഭിഭാഷകനായ മെഹർബാൻ ഖുറേഷി പറയുന്നത്. അതാണ് പൊതുവേയുള്ള അവസ്ഥ.
ദേശീയ മാധ്യമങ്ങൾ ഇതൊക്കെ കണ്ടതായി നടിക്കുന്നില്ല എന്നതാണ് മറ്റൊരു വസ്തുത. കൂട്ടം കൂട്ടമായി ഹിന്ദുക്കൾ നാടുവിട്ട് പോകേണ്ടുന്ന അവസ്ഥ ഉണ്ടാവുന്നത് വലിയ, ഗുരുതരമായ, പ്രശ്നമാണ് എന്ന് മാധ്യമലോകത്തുള്ളവർക്ക് കരുതാനാവാത്തതല്ല പ്രശ്നം, മറിച്ച് അത് മറച്ചുവെക്കാൻ ബോധപൂർവമായ ശ്രമം നടത്തുകയാണ്. ചെറിയ ചില പ്രശ്നങ്ങൾ ഉണ്ടായാൽ പോലും ഊതി വീർപ്പിക്കുന്നവർ ഭൂരിപക്ഷ വിഭാഗം അനുഭവിച്ചുവരുന്ന പ്രയാസങ്ങൾ കാണുന്നില്ലെന്ന ആക്ഷേപം ആർ എസ് എസ് പ്രസ്ഥാനങ്ങൾ ഉന്നയിച്ചുകഴിഞ്ഞു.
അതെന്തായാലും ഈ പ്രശ്നത്തിൽ ഇടപെടാൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ തയ്യാറായിരിക്കുന്നു . സംഭവസ്ഥലം കമ്മീഷൻ സന്ദർശിക്കാനുള്ള സാധ്യതയും കാണുന്നുണ്ട്. അതിനു മുൻപ് സംസ്ഥാന സർക്കാരിന്റെ വിശദീകരണം കമ്മീഷൻ തേടിയിട്ടുണ്ട്. അതിനുശേഷം മറ്റു നടപടികളിലേക്ക് അവർ കടന്നേക്കും. ബിജെപിയുടെ ഒരു പ്രതിനിധി സംഘം താമസിയാതെ അവിടെ സന്ദർശനം നടത്തുമെന്ന് അമിത് ഷാ അറിയിച്ചിട്ടുണ്ട്. എംപിമാർ അടങ്ങുന്നതാവും ഈ ബിജെപി സംഘം. അതിനുശേഷം പ്രശ്നം ദേശീയ തലത്തിൽ ഉന്നയിക്കാൻ ആണ് ബിജെപി ഉദ്ദേശിക്കുന്നത്. ഇത്തരമൊരുപ്രശ്നത്തിൽ ആവശ്യമായ നടപടി സ്വീകരിക്കേണ്ടത് സംസ്ഥാന ഭരണകൂടമാണ്. എന്നാൽ അതിനുള്ള സാധ്യത തൽക്കാലം ആരും കാണുന്നില്ല എന്നതാണ് വസ്തുത. എന്നാൽ ഇതൊരു സാധാരണ പ്രശ്നമാണെന്നും അതിലേറെ പ്രാധാന്യം അതിനില്ലെന്നുമാണ് സമാജവാദി പാർട്ടിയും യുപി മുഖ്യമന്ത്രി അഖിലേഷ് യാദവുമൊക്കെ പറയുന്നത്. അതിനെ ബിജെപി രാഷ്ട്രീയവൽക്കരിക്കുന്നു, വര്ഗീയ വൽക്കരിക്കുന്നു തുടങ്ങിയ ആക്ഷേപങ്ങളും അവരുന്നയിക്കുന്നു. ഇന്നിപ്പോൾ അത്തരം പ്രതിരോധവുമായി രംഗത്തുവരാൻ അവരെ നിർബന്ധിതമാക്കിയത് ബിജെപിയും സംഘ പരിവാർ പ്രസ്ഥാനങ്ങളും സ്വീകരിച്ച ശക്തമായ നിലപാടും അവരുയർത്തിയ പ്രതിഷേധവുമാണ് എന്നതും പ്രധാനമാണ്. ജിഹാദി സംഘടനകളാണ് ഇന്നിപ്പോൾ ഇത്തരം മത സ്പർധ വളർത്തുന്ന, പ്രകോപന പരമായ നീക്കങ്ങൾക്ക് പിന്നിലെന്നത് സംസ്ഥാന ഭരണകൂടം കാണുന്നില്ല എന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നു.
അതെന്തായാലും ഈ പ്രശ്നം ഇനി ദേശീയ തലത്തിൽ ഉന്നയിക്കപ്പെടുക തന്നെ ചെയ്യുമെന്നു തീർച്ചയായി . അത് അപ്പോൾ ഒഴിവാക്കാൻ അല്ലെങ്കിൽ കണ്ടില്ലെന്നു നടിക്കാൻ മുന് നിര മാധ്യമങ്ങൾക്ക് കഴിയാതാവും എന്നതും തീർച്ച. ഇത്തരമൊരു പ്രശ്നത്തിൽ മറ്റു രാഷ്ട്രീയ കക്ഷികൾക്കും ഒരു നിലപാട് എടുക്കേണ്ടതായി വരും. ഒരിക്കൽ കൂടി ഇന്ത്യയുടെ രാഷ്ട്രീയത്തിന്റെ ഗതി നിർണയിക്കാൻ അല്ലെങ്കിൽ നിശ്ചയിക്കാൻ പോകുന്നത് ബിജെപിയാണ് എന്ന് വരുന്നു എന്നർഥം. ബിജെപി തീരുമാനിക്കുന്ന അജണ്ട മറ്റുള്ളവർക്ക് ഏറ്റെടുക്കേണ്ടി വരുമെന്ന് അർഥം.
Post Your Comments