ചണ്ഡീഗഡ്: അധ്യാപകര്‍ ജീന്‍സ് ധരിക്കരുതെന്ന വാര്‍ത്ത നിഷേധിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍. ഇതുസംബന്ധിച്ച മാധ്യമ വാര്‍ത്തകള്‍ അധ്യാപകര്‍ക്കിടയിലും സോഷ്യല്‍ മീഡിയയിലും പ്രതിഷേധമുണ്ടാക്കിയതോടെയാണ് മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്ക് വിശദീകരണം നല്‍കിയത്. ഇത്തരത്തിലുള്ള യാതൊരു നിര്‍ദ്ദേശവും ആര്‍ക്കും നല്‍കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ആരെങ്കിലും ഇതുപോലുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കില്‍ അക്കാര്യം പരിശോധിക്കും. എന്നാല്‍, അധ്യാപകര്‍ക്ക് ജീന്‍സ് പാടില്ലെന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ എടുത്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഡയറക്ടര്‍ ഓഫ് എലമെന്ററി എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ പേരിലാണ് ജീന്‍സ് ധരിക്കരുതെന്ന ഉത്തരവ് കഴിഞ്ഞദിവസം പുറത്തിറങ്ങിയത്.
അധ്യാപകര്‍ സ്‌കൂളിലോ എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലോ ജീന്‍സ് ധരിക്കരുതെന്നാണ് നിര്‍ദ്ദേശം. അധ്യാപകര്‍ ലളിതമായ വസ്ത്രം മാത്രമേ ധരിക്കരുതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം എന്തുകാരണത്താലാണ് ജീന്‍സ് ധരിക്കാന്‍ പാടില്ലെന്നത് ഉത്തരവില്‍ ചൂണ്ടികാണിച്ചിട്ടില്ല. പ്രൈമറി മിഡില്‍ സ്‌കൂള്‍ അധ്യാപകര്‍ക്കായാണ് നിര്‍ദ്ദേശം പുറത്തിറങ്ങിയത്.അധ്യാപകര്‍ക്ക് പ്രത്യേക യൂണിഫോം നിര്‍ദ്ദേശിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ എന്തു ധരിക്കരുതെന്ന് സര്‍ക്കാര്‍ തീരുമാനിക്കുന്നത് ശരിയല്ലെന്നാണ് ഒരുകൂട്ടം അധ്യാപകരുടെ നിലപാട്. സോഷ്യല്‍ മീഡിയയിലും ഇത്തരമൊരു വിചിത്ര നിര്‍ദ്ദേശത്തിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.
Post Your Comments