ഗുജറാത്തിലെ കണ്ട്ല തുറമുഖത്തു നിന്നും 1750-ടണ്‍ അസ്ഫാള്‍ട്ടുമായി കര്‍ണാടകയിലെ കാര്‍വാര്‍ തുറമുഖത്തേക്ക് പോവുകയായിരുന്ന (എംവി) ഇനിഫിനിറ്റി I എന്ന വ്യാപാരക്കപ്പലില്‍ ഗോവന്‍തീരത്തിനടുത്ത് വച്ച് പൊടുന്നനയാണ് വിള്ളല്‍ വീണതും വെള്ളം ഇരച്ചു കയറാന്‍ തുടങ്ങിയതും. അതോടെ നിയന്ത്രണം നിലനിര്‍ത്താന്‍ പാടുപെട്ട് ആടിയുലഞ്ഞ ഇന്‍ഫിനിറ്റി തങ്ങളുടെ അവസ്ഥ അറിയിച്ചുകൊണ്ട് സഹായാഭ്യര്‍ത്ഥനയുമായി ഇന്ത്യന്‍ നേവിയെ സമീപിച്ചു.
ഇന്ത്യന്‍ നേവിയും കോസ്റ്റ്ഗാര്‍ഡും സമയോചിതമായ ഇടപെടലിലൂടെ ഇന്‍ഫിനിറ്റിയെ ഒരു വന്‍അപകടത്തില്‍ നിന്ന് രക്ഷിക്കുവാനുള്ള നടപടികള്‍ ഉടനടി കൈക്കൊണ്ട് തങ്ങളുടെ കര്‍മ്മകുശലതയുടെ ഏറ്റവും പുതിയൊരു ഉദാഹരണം കൂടി കാഴ്ചവച്ചു.
പശ്ചിമ നാവിക കമാന്‍ഡിന്‍റെ ഐഎന്‍എസ് ത്രൈഖണ്ഡാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. കോസ്റ്റ്ഗാര്‍ഡ് കപ്പലുകളായ അമല്‍, ശൂര്‍ എന്നിവയും ത്രൈഖണ്ഡിന് പിന്തുണയേകി. ഗോവയില്‍ നിന്നുള്ള ഒരു ടഗ്ഗും അകമ്പടി സേവിച്ചു. അടിയന്തിരമായ ഒരു സാഹചര്യമുണ്ടായാല്‍ സഹായമെത്തിക്കാന്‍ ഐഎന്‍എസ് കൊണ്ടൂളിനേയും തയാറാക്കി നിര്‍ത്തി. അതിവേഗം ആളുകളെ ഒഴിപ്പിക്കേണ്ടതായ ഘട്ടം വന്നാല്‍ മുന്‍കരുതലായി ഹെലികോപ്റ്ററുകളും തയാറായി.
ഐഎന്‍എസ് ത്രൈഖണ്ഡ് എത്തിച്ചുകൊടുത്ത പമ്പുകള്‍ ഉപയോഗിച്ച് ഇന്‍ഫിനിറ്റിയുടെ ഉള്ളില്‍ കയറിയ വെള്ളം പുറത്തേക്ക് പമ്പ് ചെയ്ത് സ്ഥിതി നിയന്ത്രണവിധേയമാക്കി.
Post Your Comments