ബംഗളൂരു: ഈ അധ്യയന വര്‍ഷം കര്‍ണാടകയില്‍ പത്തില്‍ താഴെ വിദ്യാര്‍ത്ഥികളുള്ള 2,959 സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നു. ഇത്തരം സ്‌കൂളുകളിലധികവും കന്നട മീഡിയത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ഇത്രയും സ്‌കൂളുകള്‍ ഒന്നിച്ച് പൂട്ടുന്നത് ഇതാദ്യമായാണ്.
ഏഴു വിദ്യാഭ്യാസ ജില്ലകളിലെ 791 സ്‌കൂളുകള്‍ പൂട്ടാന്‍ മെയ് 21 ന് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ആദ്യ സര്‍ക്കുലറില്‍ ഉത്തരവിട്ടിരുന്നു. 27 വിദ്യാഭ്യാസ ജില്ലകളില്‍ നിന്നുള്ള 2,168 സ്‌കൂളുകള്‍ കൂടി പൂട്ടാന്‍ ജൂണ്‍ ഒന്നിന് ഇറങ്ങിയ രണ്ടാമത്തെ സര്‍ക്കുലറില്‍ നിര്‍ദേശിച്ചു.
പൂട്ടുന്ന സ്‌കൂളുകളിലെ വിദ്യാര്‍ഥികളെ ഒരു കിലോമീറ്റര്‍ പരിധിയിലുള്ളതും 31 ല്‍ അധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നതുമായ സ്‌കൂളുകളിലേയ്ക്ക് മാറ്റാനാണ് നിര്‍ദേശം. കുട്ടികളെ പ്രവേശിപ്പിക്കേണ്ടത് സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലോ ആര്‍.ടി.ഇ ക്വാട്ടയില്‍ അണ്‍എയ്ഡഡ് സ്‌കൂളുകളിലോ ആയിരിയ്ക്കും. ഒരു കിലോമീറ്ററിനുള്ളില്‍ സ്‌കൂളുകള്‍ കണ്ടെത്താന്‍ പറ്റിയില്ലെങ്കില്‍ മറ്റു ക്രമീകരണങ്ങള്‍ ഒരുക്കണമെന്നും ഉത്തരവില്‍ ചൂണ്ടുക്കാട്ടുന്നു. ഏറ്റവും കൂടുതല്‍ സ്‌കൂളുകള്‍ പൂട്ടുന്നത് തെക്കന്‍ കര്‍ണാടകയിലാണ്. ഇവിടെ വിദ്യാര്‍ത്ഥി ക്ഷാമത്തിനുള്ള പ്രധാന കാരണം ഇംഗ്‌ളീഷ് മീഡിയം വിദ്യാഭ്യാസം ആവശ്യപ്പെടുന്ന രക്ഷിതാക്കള്‍ കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിടാന്‍ തയാറാവാത്ത സ്ഥിതി നിലനില്‍ക്കുന്നതാണ്. ഹാസന്‍ ജില്ലയില്‍ മാത്രം 320 സ്‌കൂളുകള്‍ പൂട്ടും. തുമകൂരുവില്‍ 206 ഉം ചിക്കമംഗളൂരുവില്‍ 203 ഉം മാണ്ഡ്യയില്‍ 191 ഉം രാമനഗരത്തില്‍ 177ഉം ശിവമൊഗ്ഗയില്‍ 167 ഉം ബംഗളൂരു റൂറല്‍ പ്രദേശത്ത് 146 ഉം മൈസൂരില്‍ 98ഉം സ്‌കൂളുകള്‍ക്ക് പൂട്ട് വീഴും. ഏറ്റവും കുറവ് സ്‌കൂളുകള്‍ പൂട്ടുന്നത് ഗഡക് ജില്ലയിലാണ്. ഇവിടത്തെ രണ്ടു സ്‌കൂളുകളില്‍ പത്തില്‍ താഴെ കുട്ടികളാണുള്ളത്.വിദ്യാഭ്യാസ വകുപ്പിന്റെ കണക്കനുസരിച്ച് 11 നും 30 നും ഇടയില്‍ വിദ്യാര്‍ഥികളുള്ള 12,360 സ്‌കൂളുകള്‍ സംസ്ഥാനത്തുണ്ട്. അധ്യാപക ക്ഷാമം പരിഹരിക്കാനും സ്‌കൂളുകളുടെ നിലവാരം ഉയര്‍ത്താനുമാണ് ഈ നടപടിയെന്നാണ് അധികൃതര്‍ പറയുന്നത്. സ്‌കൂളുകളില്‍ അധികമുള്ള അധ്യാപകരെ മറ്റു സ്‌കൂളുകളിലേക്ക് മാറ്റുമെന്നാണ് അറിയുന്നത്.
Post Your Comments