കൊച്ചി : ഉമ്മന്‍ ചാണ്ടിയുടെ വികസന പദ്ധതികളില്‍ ഒന്നാം പേരുകാരനായിരുന്നു കൊച്ചി മെട്രോ. എങ്ങനേയും അധികാരം പൂര്‍ത്തിയാക്കും മുമ്പ് ഉദ്ഘാടനം ചെയ്യുമെന്ന് പറഞ്ഞ പദ്ധതി. എല്ലാം ശരിയായി എന്ന തരത്തില്‍ മെട്രോയുടെ പരീക്ഷണ ഓട്ടവും നടത്തി. മുഖ്യമന്ത്രിയായിരിക്കെ നേരിട്ട് ഉമ്മന്‍ ചാണ്ടിയെത്തി പരീക്ഷണ ഓട്ടം ഉദ്ഘാടനം ചെയ്തു. പരീക്ഷണ ഓട്ടത്തിന്റെ ഉദ്ഘാടനം കെങ്കേമമാക്കിയതിന് മുഖ്യമന്ത്രിയെത്തിയതില്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളര്‍മാരുടെ ആഘോഷവുമുണ്ടായി.
ഇതിനിടയില്‍ കേരള പിറവി ദിനമായ നവംബര്‍ ഒന്നിന് കൊച്ചി മെട്രോയില്‍ യാത്രകാര്‍ക്ക് പോകാന്‍ കഴിയുമെന്ന വീരവാദവുമെത്തി. എന്നാല്‍ ഇതെല്ലാം വെറും പാഴ് വാക്കുകളായിരുന്നു. ഇനിയും ഒരു കൊല്ലമെങ്കിലും കൊച്ചി മെട്രോ സര്‍വ്വീസ് തുടങ്ങാന്‍ വേണ്ടി വരും. കൊച്ചി മെട്രോ റെയില്‍ 2017 മാര്‍ച്ചില്‍ യാഥാര്‍ത്ഥ്യമാകത്തക്ക വിധം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. കൊച്ചി മെട്രോയുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന യോഗത്തിലാണ് തീരുമാനം. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ത്രൈമാസാടിസ്ഥാനത്തില്‍ ലക്ഷ്യം വച്ച് മുന്നോട്ട് പോകണമെന്നും ത്രൈമാസ റിപ്പോര്‍ട്ട് ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഇതോടെയാണ് കള്ളി പൊളിയുന്നത്.
കൊച്ചി മെട്രോ നവംബറില്‍ പൂര്‍ത്തിയാകില്ലെന്നും റിപ്പോര്‍ട്ട് ചെയ്തു. ഇത് ശരിവയ്ക്കുന്ന തീരുമാനങ്ങളാണ് ഇന്നലത്തെ അവലോകന യോഗത്തില്‍ നിന്ന് പുറത്തുവരുന്നത്.
കൊച്ചി മെട്രോയുടെ ആലുവ മുതല്‍ മഹാരാജാസ് കോളജ് ഗ്രൗണ്ട് വരെയുള്ള ആദ്യഘട്ടത്തിന്റെ കമ്മിഷനിങ് അടുത്ത വര്‍ഷം മാര്‍ച്ചിലേക്കു നീണ്ടുപോയേക്കും. ഈ വര്‍ഷം നവംബര്‍ ഒന്നിനു കേരളപ്പിറവി ദിനത്തില്‍ മെട്രോ സര്‍വീസ് കമ്മിഷന്‍ ചെയ്യാനായിരുന്നു നേരത്തേയുള്ള തീരുമാനം. സിവില്‍ ജോലികള്‍ ഏറെക്കുറെ തീര്‍ന്നെങ്കിലും മെട്രോ കമ്മിഷനിങ്ങിന് ഇനിയും ഏറെ കാര്യങ്ങള്‍ അവശേഷിക്കുകയാണ്. ഈ സാഹചര്യത്തില്‍ നവംബറില്‍ പദ്ധതി കമ്മിഷന്‍ ചെയ്യുക എളുപ്പമാവില്ലെന്നു കെഎംആര്‍എല്‍ അറിയിച്ചു. അടുത്തവര്‍ഷം മാര്‍ച്ചിലെങ്കിലും കമ്മിഷനിങ് ഉറപ്പാക്കാനാവുന്നവിധം ഷെഡ്യൂള്‍ ക്രമീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.
ഈ സാഹചര്യത്തില്‍ കൊച്ചി മെട്രോയുടെ നിര്‍മ്മാണ പുരോഗതി മുഖ്യമന്ത്രി നേരിട്ട് വിലയിരുത്തും. മൂന്നുമാസത്തിലൊരിക്കല്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ. ശ്രീധരന്റെ സൗകര്യം കൂടി പരിഗണിച്ച് കെ.എം. ആര്‍. എല്‍., ഡി.എം.ആര്‍. സി. എന്നിവയുടെ സംയുക്തയോഗം അധികം വൈകാതെ വിളിച്ച് ചേര്‍ക്കാനും യോഗം തീരുമാനിച്ചു.
Post Your Comments