NewsIndia

മദ്യരാജാവിന് ബ്രിട്ടനില്‍ സുഖജീവിതം മല്യയെ ഇന്ത്യയിലേയ്ക്ക് തിരിച്ച് കൊണ്ട്‌വരാമെന്നത് പകല്‍കിനാവ് മാത്രം…

കോടികളുടെ വെട്ടിപ്പ് നടത്തി ഇന്ത്യയില്‍ നിന്നും ബ്രിട്ടനിലേക്ക് മുങ്ങിയ മദ്യരാജാവ് വിജയ് മല്യ(60)യെ തിരിച്ച് കൊണ്ടു വന്ന് വിചാരണ നടത്താമെന്നത് വെറും പകല്‍ക്കിനാവ് മാത്രമാവുകയാണോ…? വന്‍ അഴിമതി നടത്തി ഊളിയിട്ട മല്യയ്ക്ക് ബ്രിട്ടനില്‍ സുഖജീവിതം തുടരാന്‍ സാധിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്.
വിജയ് മല്യക്കെതിരെ റെഡ്‌കോര്‍ണര്‍ നോട്ടീസ് (ആര്‍സിഎന്‍) പുറപ്പെടുവിക്കണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അഭ്യര്‍ത്ഥന ഇപ്പോള്‍ ഇന്റര്‍പോള്‍ തിരിച്ചയച്ചിരിക്കുകയാണ്.

ഇതിന് പുറമെ മല്യയെ നാടുകടത്തില്ലെന്ന് തീര്‍ത്ത് പറഞ്ഞ് ബ്രിട്ടനും രംഗത്തെത്തിയിട്ടുണ്ട്.
മല്യയ്‌ക്കെതിരെ ഒരു ഗ്ലോബല്‍ വാണ്ടഡ് നോട്ടീസ് പുറപ്പെടുവിപ്പിക്കാന്‍ വേണ്ടി ഇഡി മെയ് 12ന് ഇന്റര്‍പോളിനെ സമീപിച്ചിരുന്നുവെന്നാണ് ചില ഉറവിടങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ മല്യയ്‌ക്കെതിരെ വേണ്ടത്ര തെളിവുകള്‍ ഇല്ലാത്തതിനാല്‍ ആര്‍സിഎന്‍ പുറപ്പെടുവിക്കാന്‍ സാധിക്കുകയില്ലെന്നാണ് ഇന്റര്‍പോള്‍ പ്രതികരിച്ചിരിക്കുന്നത്. മല്യയുടെ മേല്‍ നാടുകടത്തുന്നതിനോ വിചാരണയ്‌ക്കോ ഉള്ള അപേക്ഷയില്ലാത്തതിനാല്‍ അദ്ദേഹത്തിനെതിരെ ആര്‍സിഎന്‍ പുറപ്പെടുവിക്കാന്‍ സാധ്യമല്ലെന്നാണ് ഇന്റര്‍നാഷണല്‍ പൊലീസ് ഏജന്‍സി ഉറവിടങ്ങള്‍ അന്വേഷകരോട് പറഞ്ഞിരിക്കുന്നത്.

ഇത്തരമൊരു നോട്ടീസുമായി മുന്നോട്ട് പോകുന്നതിന് മുമ്പ് തങ്ങള്‍ക്ക് മല്യയ്ക്ക് പറയാനുള്ളത് കേള്‍ക്കണമെന്നാണ് ഇന്റര്‍പോള്‍ അറിയിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.മല്യയെ നാട് കടത്താന്‍ സാധ്യമല്ലെന്ന് തങ്ങളുടെ ഇമിഗ്രേഷന്‍ നിയമങ്ങള്‍ എടുത്ത്കാട്ടി യു.കെ അടുത്തിടെ രംഗത്തെത്തിയിരുന്നു. തെളിവില്ലെന്ന കാരണം പറഞ്ഞ് മുന്‍ ഐപിഎല്‍ ചീഫ് ലളിത് മോദിക്കെതിരെ ആര്‍സിഎന്‍ പുറപ്പെടുവിക്കാന്‍ കഴിഞ്ഞ വര്‍ഷം ഇന്റര്‍പോള്‍ വിസമ്മതിച്ചിരുന്നു.
ആര്‍സിഎന്‍ അപേക്ഷ മൂച്വല്‍ ലീഗല്‍ അസിസ്റ്റന്‍സ് ട്രീറ്റി(എംഎല്‍എടി) യിലൂടെ അയക്കാനാണ് ഇഡി ഇപ്പോള്‍ തയ്യാറെടുക്കുന്നത്. ഇതിലൂടെ മല്യയ്‌ക്കെതിരെ ആര്‍സിഎന്‍ അയപ്പിക്കാനാവുമെന്നാണ് ഒഫീഷ്യലുകള്‍ വിശ്വസിക്കുന്നത്.ഒരിക്കല്‍ ആര്‍സിഎന്‍ പുറപ്പെടുവിച്ച് കഴിഞ്ഞാല്‍ യു.കെ വിട്ട് മറ്റെവിടേക്കും മല്യയ്ക്ക് സഞ്ചരിക്കാനാവില്ല. ഇതിന് പുറമെ ബ്രിട്ടനിലെ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനും ശരിയായ എക്ട്രാഡിക്ഷന്‍ പ്രക്രിയകളിലൂടെ ഇന്ത്യയ്ക്ക് കൈമാറാനും അധികാരം ലഭിക്കുകയും ചെയ്യും.
ബ്രിട്ടന് ഒരു എക്‌സ്ട്രാഡിക്ഷന്‍ റിക്വസ്റ്റ് അയക്കാനും ഇഡി തയ്യാറെടുത്ത് വരുന്നുണ്ട്. 900 കോടി രൂപയുടെ ഐഡിബിഐ ലോണ്‍ തട്ടിപ്പ് നടത്തിയ മല്യ ഈ വര്‍ഷം മാര്‍ച്ച് രണ്ടിനായിരുന്നു തന്റെ ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ടില്‍ ലണ്ടനിലേക്ക് മുങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button