കണ്ണൂര്‍: ജിഷ വധക്കേസുമായി ബന്ധപ്പെട്ട് പോലീസ് പുറത്തുവിട്ട രേഖാ ചിത്രവുമായി സാമ്യമുള്ള അന്യ സംസ്ഥാന തൊഴിലാളിയായ യുവാവിനെ അറസ്റ്റ് ചെയ്തു. രവി ചന്ദ്ര (30) എന്ന് പേരുള്ള ഇയാള്‍ കര്‍ണ്ണാടക ബീജാപൂര്‍ സ്വദേശി ആണ്. ആലക്കോട് എസ്.ഐ ടി.വി അശോകനും സംഘവുമാണ് രവിയെ കസ്റ്റഡിയില്‍ എടുത്തത്.
തേര്‍തല്ലി ജലനിധി പദ്ധതിയുമായി ബന്ധപ്പെട്ടു ജെ.സി.ബി ഓപ്പറേറ്റര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു ഇയാള്‍. മേരിഗിരിയിലെ ഒരു വാടകവീട്ടില്‍ ആയിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. പോലീസ് പുറത്തുവിട്ടിരിക്കുന്ന രേഖാചിത്രവുമായി സാമ്യം ഉള്ളതിനെ തുടര്‍ന്ന് നാട്ടുകാരാണ് പോലീസില്‍ വിവരങ്ങള്‍ നല്‍കിയത്. തുടര്‍ന്നിയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. രേഖാ ചിത്രത്തിലെ സാമ്യം മാറ്റി നിര്‍ത്തിയാല്‍ ജിഷ കൊലപാതകവുമായി ബന്ധപ്പെട്ട യാതൊന്നും ചോദ്യം ചെയ്യലില്‍ നിന്നും പോലീസിനു ലഭിച്ചില്ല. തുടര്‍ന്ന് ഇയാളെ വിട്ടയക്കുകയും ചെയ്തു.
അതേസമയം ജിഷയുടെ വീടിനു സമീപത്തു നിന്നും ഒരു കാവിമുണ്ടും രണ്ടു ഷര്‍ട്ടും ഒരു ഹാന്‍ഡി ക്യാമും കണ്ടെത്തിയതായി സൂചനയുണ്ട്. എന്നാല്‍ ഇത് കേസുമായ് ബന്ധപ്പെട്ടതാണോ എന്നിതുവരെ സ്ഥിരീകരിച്ചിട്ടില്ല. ജിഷയുടെ അമ്മ രാജേശ്വരിയെ വീണ്ടും ചോദ്യം ചെയ്തതിലൂടെ ചില സുപ്രധാനമായ വിവരങ്ങള്‍ ലഭിച്ചതായി അന്വേഷണസംഘം പറഞ്ഞു. മുന്‍പ് ലഭിക്കാത്ത പല നിര്‍ണ്ണായക വിവരങ്ങളും ഇപ്പോള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണത്തെ ബാധിക്കും എന്നതിനാല്‍ ഇക്കാര്യം പുറത്തു വിടുന്നില്ല എന്നും പോലീസ് പറഞ്ഞു. സംഭവം നടന്ന ദിവസം സമീപത്തുള്ള ഇരിങ്ങോള്‍ കാവില്‍ കുട്ടികള്‍ കണ്ട അപരിചിതനെക്കുറിച്ചുള്ള അന്വേഷണവും ഊര്‍ജ്ജപ്പെടുത്തിയിട്ടുണ്ട്.
Post Your Comments