KeralaNews

ജിഷ വധക്കേസ്; പ്രതി അമീര്‍ ഈ മാസം മുപ്പതുവരെ പൊലീസ് കസ്റ്റഡിയില്‍; സഹോദരന്‍ ബദറുലും പിടിയില്‍

കൊച്ചി: ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്‌ലാമിനെ 10 ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി അമീറിനെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് പൊലീസ് അപേക്ഷ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ മാസം 30 വരെയാണ് കസ്റ്റഡി കാലാവധി. അമീറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു.

ഹാജരാക്കിയപ്പോള്‍, എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി അമീറിനോട് ചോദിച്ചു. തനിക്ക് നാട്ടില്‍ പോകണമെന്നായിരുന്നു മറുപടി. അതേസമയം, അമീറിന്റെ സഹോദരന്‍ ബദറുല്‍ ഇസ്ലാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെരുമ്പാവൂരില്‍നിന്നാണ് ഇയാളെ പിടികൂടിയത്. അസമില്‍നിന്നു പോയ ശേഷം ഇയാളെക്കുറിച്ച് വിവരമൊന്നുമില്ലെന്ന് കുടുംബാംഗങ്ങള്‍ നേരത്തെ പറഞ്ഞിരുന്നു. പൊലീസ് ഇയാള്‍ക്കായും തിരച്ചില്‍ നടത്തിവരികയായിരുന്നു.

അതിനിടെ, പ്രതിയുടെ ദൃശ്യങ്ങള്‍ പുറത്തുവരാതിരിക്കാന്‍ പൊലീസ് അപേക്ഷ സമര്‍പ്പിച്ചു. പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കുന്നതോടെ തെളിവെടുപ്പ് പുനരാരംഭിക്കും. മുഖം മറച്ചായിരിക്കും തെളിവെടുപ്പ്.

അമീറുല്‍ ഇസ്‌ലാമിനെ അയല്‍വാസിയായ വീട്ടമ്മ തിരിച്ചറിഞ്ഞിരുന്നു. കൊലപാതകം നടന്ന ഏപ്രില്‍ 28 നു സന്ധ്യയോടെ ജിഷയുടെ വീട്ടില്‍നിന്നു കൊലയാളിയെന്നു സംശയിക്കുന്ന യുവാവ് സമീപത്തെ കനാലിലേക്ക് ഇറങ്ങുന്നതു കണ്ടതായി മൊഴി നല്‍കിയ വീട്ടമ്മയാണ് കാക്കനാട് ജില്ലാ ജയിലില്‍ നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ അമീറിനെ തിരിച്ചറിഞ്ഞത്. കേസിലെ മുഖ്യസാക്ഷിയാണു വീട്ടമ്മ. ജിഷയുടെ അയല്‍വാസികളായ മറ്റു മൂന്നുപേര്‍ക്കും കൊലനടന്ന ദിവസം അമീര്‍ പുതിയ ചെരുപ്പു വാങ്ങാനെത്തിയ കുറുപ്പംപടിയിലെ കടയുടെ ഉടമയ്ക്കും വേണ്ടി വീണ്ടും തിരിച്ചറിയല്‍ പരേഡ് നടത്തും.

അമീറിനെതിരെ അന്വേഷണ സംഘത്തിന്റെ പക്കലുള്ള ഏറ്റവും ശക്തമായ തെളിവ് ഡി.എന്‍.എ പരിശോധനാ ഫലമാണ്. എന്നാല്‍ കൊലനടത്താന്‍ ഉപയോഗിച്ച കത്തി കണ്ടെത്താന്‍ കഴിയാത്തതു പൊലീസിനെ കുഴയ്ക്കുന്നുണ്ട്. കത്തി കണ്ടെത്താന്‍ വീടിനു സമീപത്തെ കനാലിലും പരിസരത്തും തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

രണ്ടു കത്തികളാണ് ഇതുവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊലനടന്നതിനു തൊട്ടടുത്ത ദിവസം സമീപത്തെ ഒഴിഞ്ഞ പറമ്പിലെ കുറ്റിക്കാട്ടിലാണ് ആദ്യത്തെ കത്തി കണ്ടെത്തിയത്. ഇതില്‍ രക്തക്കറയുണ്ടായിരുന്നില്ല. ഇരിങ്ങോള്‍ വൈദ്യശാലപ്പടിയില്‍ അമീര്‍ താമസിച്ചിരുന്ന ലോഡ്ജിന്റെ സമീപത്തെ കെട്ടിടത്തിന്റെ ടെറസിലാണ് പ്രതി അറസ്റ്റിലായ ശേഷം രണ്ടാമത്തെ കത്തി കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button