തിരുവനന്തപുരം: രാജ്യത്തെ ദേശീയ പാതകളിലുള്ള ടോള്‍ പിരിവ് ആറ് മാസത്തിനകം പൂര്‍ണ്ണമായി ഇലക്‌ട്രോണിക് ടോള്‍ പ്ലാസകള്‍ വഴിയാക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ, ഷിപ്പിങ് മന്ത്രി നിതിന്‍ ഗഡ്കരി. ടോള്‍ പ്ലാസ്സകളില്‍ ഇലക്ടോണിക് വെയിങ് ബ്രിഡ്ജുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ആകെയുള്ള 380 ടോള്‍ പ്ലാസ്സകളില്‍ എഴുപതോളം എണ്ണത്തില്‍ ഇലക്‌ട്രോണിക് ഫാസ്റ്റ് ട്രാക്ക് സംവിധാനം ഏര്‍പ്പെടുത്താനുള്ള നടപടികള്‍ ഇതോടെ ആരംഭിച്ചിട്ടുണ്ട്.
ടോള്‍ പിരിവിലെ കാലതാമസം ഒഴിവാക്കി ഇലക്‌ട്രോണിക് കാര്‍ഡുപയോഗിച്ച് ടോള്‍ തുക അടയ്ക്കാവുന്ന സംവിധാനമാണിത്.
രാജ്യത്തൊട്ടാകെ ഇപ്പോള്‍ ടോള്‍ പിരിവ് മൂലം 66 കോടിയോളം രൂപയുടെ നഷ്ടവും 30,000 കോടി രൂപയുടെ ഇന്ധനവും നഷ്ടമായികൊണ്ടിരിക്കുകയാണ്. ഇത് ഒഴിവാക്കാനാണ് പുതിയ സംവിധാനം. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ രാജ്യത്തെ 11 കേന്ദ്രങ്ങളിലെ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ വീഡിയോ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
രാജ്യത്തെ നിരത്തുകളില്‍ ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാനുള്ള ഹരിത ട്രിബ്യൂണല്‍ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന തരത്തില്‍ കേന്ദ്രഗവണ്‍മെന്റ് സമര്‍പ്പിച്ച സത്യവാങ്മൂലം സുപ്രീം കോടതി അംഗീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മലിനീകരണ നിയന്ത്രണത്തിന്റെ ഭാഗമായി കാറുകളുടെ ഉപയോഗം സംബന്ധിച്ച ദേശീയ നയം രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ റോഡ് വികസനത്തിനുള്ള തടസ്സം സ്ഥലം ഏറ്റെടുക്കലാണ് സ്ഥലം ലഭ്യമാക്കിയാല്‍ എത്ര ദേശീയ പാതകള്‍ വേണമെങ്കിലും രാജ്യത്ത് നിര്‍മ്മിക്കാനുള്ള സഹായവും കേന്ദ്രം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിനോദ സഞ്ചാര മേഖലയെ മെച്ചപ്പെടുത്തുന്നതിനായി കേരളത്തില്‍ ഉള്‍നാടന്‍ ജലപാതകളുടെ വികസനം ഉറപ്പാക്കാന്‍ കേന്ദ്ര സംസ്ഥാന സംയുക്ത സംരംഭത്തിന് രൂപം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൊല്ലം കോട്ടപ്പുറം ദേശീയ ജലപാത മൂന്നിനും കേന്ദ്രസഹായം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments