കേരളത്തിലൂടെ സർവീസ് നടത്തുന്ന തമിഴ്നാട് സർക്കാരിന്റെ ബസുകൾ ടോൾ നൽകാൻ ബാധ്യസ്ഥരെന്ന് ഹൈക്കോടതി. തിരുവനന്തപുരത്ത് ദേശീയപാത 47-ൽ അമരവിളയിൽ നിർമ്മിച്ച പാലത്തിൽ തമിഴ്നാട് സർക്കാർ ബസുകളിൽ നിന്ന് ടോൾ പിരിക്കുന്നതിനെതിരെ തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ നാഗർകോവിൽ റീജിയണൽ മാനേജിംഗ് ഡയറക്ടർ ഹർജി നൽകിയിരുന്നു. എന്നാൽ, ഈ ഹർജി തള്ളിയാണ് ഹൈക്കോടതിയുടെ തീരുമാനം. 2013-14 കാലത്തെ ടോൾ പിരിവിനെതിരെ 2013-ൽ നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്റെ വിധി.
രണ്ട് സംസ്ഥാനങ്ങളും തമ്മിലുള്ള കരാറിന്റെ ഭാഗമായാണ് തമിഴ്നാട്ടിലെ ബസുകൾ കേരളത്തിലും സർവീസ് നടത്തുന്നത്. അതിനാൽ, കേരളത്തിൽ കെഎസ്ആർടിസിക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ തമിഴ്നാട് സർക്കാറിന്റെ ബസുകൾക്കും ലഭിക്കണമെന്നായിരുന്നു ഹർജിക്കാരന്റെ വാദം. എന്നാൽ, ദേശീയപാതയിൽ നിർമ്മിച്ച പാലത്തിൽ കേന്ദ്ര സർക്കാരിന്റെ വാഹനങ്ങൾക്കും കെഎസ്ആർടിസി അടക്കമുള്ള കേരള സർക്കാർ വാഹനങ്ങൾക്കുമാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. ഇത് അംഗീകരിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.
Also Read: കാർത്തിക ബാറിന് സമീപം സംശയ സാഹചര്യത്തിൽ യുവാക്കള്‍: ചോദ്യം ചെയ്തപ്പോൾ പൊളിഞ്ഞത് വാഹന മോഷണം
Post Your Comments