ന്യൂഡൽഹി: ജൂൺ 4 മുതൽ ആരംഭിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രിയുടെ വിദേശയാത്ര വളരെ പ്രാധാന്യമേറിയതാണ്. സ്വിറ്റ്സർലാന്റ് , അമേരിക്ക, ഖത്തർ, മെക്സികോ, അഫ്ഗാനിസ്ഥാൻ എന്നീ അഞ്ചു വിദേശ രാജ്യങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കുന്നത്.
ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതെന്ന് വിശേഷിപ്പിക്കാവുന്നതാണ് സ്വിറ്റ്സർലാന്റ് സന്ദർശനം. ജൂൺ 5ന് സ്വിറ്റ്സർലാന്റിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വിറ്റ്സർലാന്റ് പ്രസിഡന്റ് യൊഹാൻ ഷ്നീഡർ അമനുമായി നടത്തുന്ന ചർച്ചയിൽ സ്വിസ് ബാങ്കുകളിലുള്ള ഇന്ത്യക്കാരുടെ കള്ളപ്പണത്തെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാമെന്നുള്ള ഉടമ്പടിയിൽ ഒപ്പുവെയ്ക്കും. കൂടാതെ ഇരുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ നികുതി സംബന്ധമായ വിവരങ്ങളുടെ രേഖകൾ പരസ്പരം കൈമാറുമെന്നാണ് റിപ്പോർട്ട്.
സ്വിറ്റ്സർലാന്റ് സർക്കാർ ഇത്തരത്തിലൊരു ഉടമ്പടി ഒരിക്കലും ഇന്ത്യയുമായി നടത്തില്ലെന്ന ഉറച്ച വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ കള്ളപ്പണ വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. എന്നാൽ ജൂൺ 5 ന് ഇന്ത്യ – സ്വിസ് സർക്കാരുകൾ തമ്മിൽ നടക്കുന്ന ഈ കരാർ ഉടമ്പടി ഏവരേയും അമ്പരപ്പെടുത്തുമെന്നത് ഉറപ്പാണ്.
ജൂൺ 4 ന് അഫ്ഗാനിസ്ഥാനിൽ എത്തുന്ന പ്രധാനമന്ത്രി അവിടെ 1400 കോടി രൂപ ചെലവിൽ ഇന്ത്യ നിർമിച്ച സൽമ അണക്കെട്ട് ഉദ്ഘാടനം ചെയ്യും. തുടർന്ന് ഖത്തറിലേക്ക് പോകുന്ന മോദി ഖത്തർ രാജാവ് ഷെയ്ഖ് തമീം ബീൻ ഹമദ് അൽ താനിയുമായി ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാ ബന്ധം മെച്ചപ്പെടുത്തുന്നതിനായുള്ള ചർച്ചകൾ നടത്തും. അവിടെ നിന്ന് ജൂൺ 5ന് സ്വിറ്റ്സർലാന്റിലെത്തും.
ഇവിടെ നിന്ന് അമേരിക്കയിലേക്ക് പോകുന്ന പ്രധാനമന്ത്രി ജൂൺ 7ന് അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുമായി പ്രതിരോധം, സുരക്ഷാ, ഊർജ്ജം ഉൾപ്പടെയുള്ള വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യും. ഇതു കൂടാതെ പ്രധാനമന്ത്രി അമേരിക്കയുടെ സംയുക്ത പാർലമെൻറിനെ അഭിസംബോധന ചെയ്ത് കൊണ്ട് സംസാരിക്കും.
അമേരിക്കയിൽ നിന്ന് അദ്ദേഹം പോകുന്നത് മെക്സിക്കോയിലേക്കാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ നിക്ഷേപ രംഗത്തെ പരസ്പര സഹകരണത്തെക്കുറിച്ചായിരിക്കും മെക്സിക്കൻ പ്രസിഡന്റും, ഇന്ത്യൻ പ്രധാനമന്ത്രിയും തമ്മില്‍ ചർച്ച ചെയ്യുക.
Post Your Comments