അലിഗഡ്: ക്രിക്കറ്റ് കളിയില്‍ നോ ബോള്‍ വിളിച്ചതിനെ തുടര്‍ന്ന് അമ്പയറുടെ സഹോദരിയെ കളിക്കാര്‍ വിഷം കൊടുത്തു കൊന്നു. ഉത്തര്‍പ്രദേശില്‍ പ്രശസ്തമായ ജരാരാ പ്രീമിയര്‍ ലീഗ് എന്ന് ക്രിക്കറ്റ് ടൂര്‍ണമെന്റുമായി ബന്ധപ്പെട്ടാണ് സംഭവം. അമ്പയര്‍ നിന്ന രാജ്കുമാര്‍ എന്നയാളുടെ സഹോദരിയും സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുമായ പൂജയാണ് മരണമടഞ്ഞത്.
മെയ് 14 മുതല്‍ 30 വരെ നടന്ന ജെ.പി.എല്ലില്‍ 28ന് നടന്ന മത്സരത്തിലാണ് നാടകീയ രംഗങ്ങളും അപ്രതീക്ഷിത സംഭവങ്ങളും നടന്നത്. ജരാരാ ക്രിക്കറ്റ് ക്ലബ്ബും ബാരികി ക്രിക്കറ്റ് ക്ലബ്ബും തമ്മില്‍ നടന്ന മത്സരത്തിന്റെ നിര്‍ണ്ണായക സമയത്ത് അമ്പയര്‍ രാജ്കുമാര്‍ നോബോള്‍ വിളിച്ചു. തീരുമാനം തെറ്റാണെന്ന് പറഞ്ഞ് സന്ദീപ് പാല്‍ എന്ന ഒരു കളിക്കാരന്‍ രംഗത്ത് വരികയും തീരുമാനം തിരുത്താന്‍ അമ്പയറോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ കുമാര്‍ ഇത് സമ്മതിച്ചില്ല. തുടര്‍ന്ന് ഇതിന് കനത്ത വില കൊടുക്കേണ്ടി വരുമെന്നും ചിലപ്പോള്‍ കുടുംബത്തിലെ ഒരാളെ തന്നെ നഷ്ടമാകുമെന്നും ഭീഷണിപ്പെടുത്തി.
പിറ്റേന്ന് വീട്ടുകാര്‍ കളികാണാന്‍ പോയ സമയത്ത് സന്ദീപ് പാല്‍ കുമാറിന്റെ സഹോദരി 15 കാരി പൂജയെയും മറ്റ് മൂന്ന് സുഹൃത്തുക്കളെയും വിളിച്ചു കൊണ്ടു പോയി ശീതളപാനീയത്തില്‍ വിഷം കലര്‍ത്തി നല്‍കി. പാലിനെ ദീര്‍ഘകാലമായി അറിയാവുന്നതിനാല്‍ അവര്‍ സംശയിച്ചുമില്ല. കുടിച്ച ഉടന്‍ പൂജ കുഴഞ്ഞു വീണു. തുടര്‍ന്ന് നാലുപേരെയും ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും പൂജ അവിടെവെച്ച് മരിക്കുകയുമായിരുന്നു. ഇപ്പോള്‍ സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതേസമയം വിഷപാനീയം കുടിച്ച മറ്റ് മൂന്ന് പേര്‍ രക്ഷപ്പെട്ടു.
ഏറെ ആരാധകരുള്ള ജെ.പി.എല്ലിനെ വെറും ഒരു ക്രിക്കറ്റ് ടൂര്‍ണമെന്റായി മാത്രം ആരും പരിഗണിക്കാറില്ലാത്തതിനാല്‍ ലീഗില്‍ ഇത്തരം അടവുകള്‍ പതിവാണ്. പലപ്പോഴും മത്സരത്തിന്റെ വീറും വാശിയും അക്രമത്തില്‍ കലാശിക്കാറുമുണ്ട്. അതേസമയം വെറും 5,100 രൂപ മാത്രമാണ് രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന മത്സരത്തിന്റെ സമ്മാനത്തുക.
Post Your Comments