തിരുവനന്തപുരം: മോദി സര്‍ക്കാര്‍ അധികാരമേറ്റശേഷം കേന്ദ്ര കൃഷി മന്ത്രാലയം കേരളത്തിനു നല്‍കിയ കോടിക്കണക്കിന് രുപ ചെലവഴിക്കാതെ നഷ്ടപ്പെടുത്തി. കൃഷിയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികള്‍ക്കായി അനുവദിച്ച 9703.83 ലക്ഷം രൂപയാണ് കേരളം ചെലവഴിക്കാതിരുന്നത്.
മത്സ്യ വികസനത്തിനായി നല്‍കിയ 110 കോടിയില്‍ 63 കോടിയും ചെലവഴിച്ചില്ല. ക്ഷീരവികസനത്തിനായി നല്‍കിയ 1405.46 ലക്ഷം രൂപയാണ് ചെലവഴിക്കാതിരുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അനുവദിച്ച 606 ലക്ഷം രൂപയില്‍ നയാപൈസ ഇതേവരെ ചെലവഴിച്ചില്ല. മൃഗാരോഗ്യത്തിനും രോഗപ്രതിരോധത്തിനുമായി നല്‍കിയ 797.35 ലക്ഷം രുപയും കേരളം ഉപയോഗിച്ചില്ല.
വിവിധ സംസ്ഥാനങ്ങള്‍ കൂടുതല്‍ പണം ആവശ്യപ്പെട്ട് പുതിയ പദ്ധതികളുമായി കേന്ദ്രത്തെ സമീപിക്കുമ്പോഴാണ് പദ്ധതികള്‍ക്കായി നല്‍കിയ പണത്തിന്റെ നല്ല ഭാഗം കേരളം ഉപയോഗിക്കാതിരിക്കുന്നത്.
യു.പി.എ സര്‍ക്കാര്‍ കൃഷി ദുരിതാശ്വാസത്തിനായി അഞ്ചു വര്‍ഷം കൊണ്ട് കേരളത്തിന് നല്‍കിയത് 543.22 കോടി രൂപയാണ്. നരേന്ദ്രമോദി സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത് 1022 കോടിയും. മണ്ണ് പരിശോധനയ്ക്കായി യുപിഎ സര്‍ക്കാര്‍ അവസാന രണ്ടുവര്‍ഷം കേരളത്തിന് നല്‍കിയത് വെറും 36.23 കോടിയാണെങ്കില്‍ മോദി സര്‍ക്കാര്‍ ഇതുവരെ 453.85 കോടി നല്‍കി.
ജൈവകൃഷി വികസനത്തിനായി കേരളത്തിലെ 119 സംഘങ്ങളെ പരമ്പാരഗത കൃഷി വികാസ് യോജനയില്‍പ്പെടുത്തി സാമ്പത്തിക സഹായം നല്‍കി.
കേരളത്തിലെ പയര്‍ ഉല്പാദനത്തേയും ദേശീയ ഭക്ഷ്യ സുരാക്ഷാ പദ്ധതിയില്‍ പെടുത്തിയതും മോദി സര്‍ക്കാറാണ്. രാഷ്ട്രീയ കൃഷി വികാസ് യോജനയില്‍പ്പെടുത്തി 64 പദ്ധതികളാണ് കേരളത്തില്‍ പൂര്‍ത്തീകരിച്ചത്.
ദേശിയ മത്സ്യവികസന ബോര്‍ഡിന്റെ കീഴില്‍ സംസ്ഥാനത്ത്് 47 മത്സ്യ ചന്തകള്‍ക്കായി 42.48 കോടിയാണ് കേന്ദ്രം അനുവദിച്ചത്. ട്രോളിംഗ് നിരോധന സമയത്ത് കേരളത്തിലെ 1,97,058 മത്സ്യത്തൊഴിലാളികള്‍ക്ക് കേന്ദ്ര സഹായവും നല്‍കി. 1300 മത്സ്യപ്രവര്‍ത്തകര്‍ക്ക് വീടും വെച്ചു നല്‍കി. 2.37,510 തൊഴിലാളികള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷയും നല്‍കി.
മൃഗങ്ങളെ ഇന്‍ഷ്വര്‍ ചെയ്യുന്ന പദ്ധതി കേരളത്തിലെ മുഴുവന്‍ ജില്ലകളിലേക്കും വ്യാപിപ്പിച്ചു. കഴിഞ്ഞ വര്‍ഷം 17,792 മൃഗങ്ങളെ ഇന്‍ഷ്വര്‍ ചെയ്തു. കൃഷി വികസനത്തിനും ഗവേഷണത്തിനുമായി കഴിഞ്ഞ രണ്ടു വര്‍ഷം ബജറ്റില്‍ പെടുത്തി 145.65 കോടി രുപയാണ് കേരളത്തിന് അനുവദിച്ചത്. ഇതില്‍ എത്ര രൂപ ചെലവഴിച്ചു എന്നതിന്റെ കണക്ക് സംസ്ഥാനം നല്‍കിയിട്ടില്ല.
വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കു പുറമെ ബജറ്റ് വിഹിതമായും ഗ്രാന്റായും കോടികളാണ് കൃഷി വകുപ്പ് കേരളത്തിന് നല്‍കിയത്. ഇതില്‍ പലതും അതത് കാലയളവില്‍ ഉപയോഗിച്ചില്ലെങ്കില്‍ നഷ്ടപ്പെടുന്നതുമാണ്.
Post Your Comments