യുവേഫാ ചാമ്പ്യന്‍സ് ലീഗിന്‍റെ കലാശപ്പോരാട്ടത്തിന് ഇന്ന്‍ മിലാനിലെ സാന്‍സീറോയില്‍ പന്തുരുളും. പക്ഷേ, നാലു വര്‍ഷത്തിനിടയില്‍ മൂന്നാം തവണയും ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ഒരു ഡെര്‍ബി മത്സരമാവുകയാണ്. 2012-13 സീസണില്‍ ജര്‍മ്മനിയിലെ ചിരവൈരികളായ ബയേണ്‍ മ്യൂണിക്കും ബൊറൂഷ്യാ ഡോര്‍ട്ട്മുണ്ടും ഏറ്റുമുട്ടി. 2013-14 സീസണില്‍ ഇത്തവണത്തെ ഫൈനലിസ്റ്റുകളും നഗരവൈരികളുമായ റയല്‍ മാഡ്രിഡും അത്ലറ്റിക്കോ മാഡ്രിഡും ആണ് ഏറ്റുമുട്ടിയത്. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇപ്പോളിതാ യൂറോപ്പിന്‍റെ ഫൈനല്‍ പോരാട്ടത്തില്‍ വീണ്ടും ഡെര്‍ബി വസന്തം.
രണ്ട് വര്‍ഷം മുമ്പ് അവസാന നിമിഷം വഴങ്ങിയ ഗോളില്‍ റയലിനോട് തോറ്റ് ആദ്യകിരീടമെന്ന സ്വപ്നം അടിയറവച്ച അത്ലറ്റിക്കോ ഇത്തവണ കൂടുതല്‍ കരുത്താര്‍ജ്ജിച്ചാണ് അങ്കത്തിനിറങ്ങുന്നത്. ഫൈനലിലേക്കുള്ള വഴിയില്‍ സാക്ഷാല്‍ ബാഴ്സലോണയും ബയേണ്‍ മ്യൂണിക്കും അടക്കമുള്ള വമ്പന്മാരെയാണ് അവര്‍ കീഴടക്കിയത്. ഫൈനലിലേക്കുള്ള മാര്‍ഗ്ഗം താരതമ്യേന എളുപ്പമായിരുന്നെങ്കിലും ഈ സീസണില്‍ ഇതുവരെ കിരീടങ്ങളൊന്നും നേടാനാകത്തതിന്‍റെ പോരായ്മ നികത്തുക എന്ന ഉദ്ദേശത്തോടും കൂടി ഇറങ്ങുന്ന റയലിനു തന്നെയാണ് മത്സരത്തിനു മുമ്പുള്ള വിലയിരുത്തലുകളില്‍ മുന്‍തൂക്കം. സൂപ്പര്‍താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഗാരത്ത് ബെയില്‍, കരീം ബെന്‍സമ, ലൂക്കാ മോഡ്രിച്ച്, സെര്‍ജിയോ റാമോസ് എന്നിവരുടെ സാന്നിദ്ധ്യവും, മുന്‍പ് പത്ത് തവണ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയിട്ടുണ്ട് എന്ന പെരുമയും, സിനദിന്‍ സിദാന്‍ എന്ന കോച്ചിന്‍റെ തന്ത്രങ്ങളും കടലാസ്സിലെങ്കിലും റയലിനെ ശക്തരാക്കുന്നു.
പക്ഷേ മറുവശത്ത് അത്ലറ്റിക്കോയും കഴിഞ്ഞതവണത്തേക്കാള്‍ ശക്തരായ ടീമുമായാണ് വരുന്നത്. നിത്യവസന്തമായ സ്ട്രൈക്കര്‍ ഫെര്‍ണാന്‍ഡോ ടോറസിന്‍റെ മികച്ച ഫോമും, ഗോളടിയന്ത്രം ആന്‍റ്വാന്‍ ഗ്രീസ്മാന്‍റെ സാന്നിദ്ധ്യവും റയലിനെ അലട്ടുന്നുണ്ട്. എല്ലാത്തിനുമുപരി അത്ലറ്റിക്കോയെ അപകടകാരികളാക്കുന്നത് ഡീഗോ സിമയോണി എന്ന കഠിനാധ്വാനിയായ കോച്ചിന്‍റെ തന്ത്രങ്ങളാണ്. അത്ലറ്റിക്കോയെ വിട്ടുവീഴച്ചകള്‍ ചെയ്യാതെ വിജയത്തിനായി മാത്രം കളിക്കുന്ന ഒത്തിണക്കമുള്ള സംഘമാക്കി മാറ്റുന്നത് സിമയോണിയുടെ സാന്നിദ്ധ്യമാണ്.
ആവേശകരമായ കലാശപ്പോരാട്ടത്തിന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12:15-നാണ് കിക്കോഫ്.
Post Your Comments