കൊല്‍ക്കത്ത: ബി.ജെ.പിയെ പ്രതിരോധിക്കാന്‍ പ്രധാനപ്രതിപക്ഷമായ കോണ്‍ഗ്രസ് പരാജയപ്പെട്ടതോടെ ഒരു ഫെഡറല്‍ മൂന്നാം മുന്നണി രൂപീകരിക്കാന്‍ പ്രദേശികപാര്‍ട്ടികളുടെ നീക്കം. വെള്ളിയാഴ്ച ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് രാജ്യത്തെ പ്രമുഖ പാര്‍ട്ടി നേതാക്കള്‍ പങ്കെടുത്തിരുന്നു. ഈ വേദിയില്‍ വച്ചാണ് ബി.ജെ.പി വിരുദ്ധ മുന്നണിയെ സംബന്ധിച്ച ചര്‍ച്ചകള്‍ കൂടുതല്‍ സജീവമായത്.
മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ ദേശീയതലത്തിലൊരു ബി.ജെ.പി വിരുദ്ധ മുന്നണി രൂപീകരിക്കുക എന്ന ആശയം ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവാണ് ആദ്യം മുന്‍പോട്ട് വച്ചത്. ബി.ജെ.പിയുടെ വിദ്വേഷ രാഷ്ട്രീയത്തെ പ്രതിരോധിക്കാന്‍ സമാനമനസ്‌കരായ പാര്‍ട്ടികള്‍ ഒന്നിച്ചു നില്‍ക്കണമെന്നാവശ്യപ്പെട്ട ലാലു ഇപ്പോള്‍ പ്രതിപക്ഷകക്ഷികള്‍ ഒന്നിച്ചു നിന്നില്ലെങ്കില്‍ ബി.ജെ.പിയും സംഘപരിവാര്‍ സംഘടനകളും ചേര്‍ന്ന് രാജ്യം വിഭജിക്കുമെന്ന മുന്നറിയിപ്പും നല്‍കി.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് തുടങ്ങിയ സംസ്ഥാനമുഖ്യമന്ത്രിമാരടക്കമുള്ളവര്‍ പങ്കെടുത്ത സത്യപ്രതിജ്ഞ ചടങ്ങില്‍ ലാലുവിന്റെ ഈ അഭിപ്രായം പെട്ടെന്ന് ചര്‍ച്ചയായി. ചടങ്ങിന് ആതിഥേയത്വം വഹിച്ച ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ബി.ജെ.പി വിരുദ്ധ ദേശീയ മുന്നണി എന്ന ആശയത്തെ പിന്താങ്ങി. അത്തരമൊരു മുന്നണിക്ക് ആരെങ്കിലും മുന്‍കൈയെടുക്കുന്ന പക്ഷം തന്റെ പൂര്‍ണപിന്തുണ ആ ഉദ്യമത്തിനുണ്ടാവുമെന്ന് മമമത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ ബംഗാളിലെ ഉത്തരാവദിത്വങ്ങള്‍ മുന്നില്‍ നില്‍ക്കേ മുന്നണിയുടെ നേത്യത്വത്തിലേക്ക് തനിക്ക് വരാന്‍ സാധിക്കില്ലെന്നും മമത വ്യക്തമാക്കി.
ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ജമ്മുകാശ്മീര്‍ മുന്‍മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയും മൂന്നാം മുന്നണി എന്ന ആശയത്തെ സ്വാഗതം ചെയ്തു. അഖണ്ഡഭാരതം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി എല്ലാം പാര്‍ട്ടികളും ഒന്നിച്ചു നില്‍ക്കണമെന്നാവശ്യപ്പെട്ട ഫറൂഖ് അബ്ദുള്ള നേതാക്കള്‍ ഒന്നിച്ചു നിന്നാല്‍ മൂന്നാം മുന്നണി യഥാര്‍ത്ഥ്യമാക്കാമെന്നും പറഞ്ഞു. അതേസമയം സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റലി മൂന്നാം മുന്നണിയുടെ സാധ്യതകള്‍ തള്ളിക്കളഞ്ഞു. പലതവണ പരീക്ഷിച്ച് പരാജയപ്പെട്ട ആശയമാണ് മൂന്നാം മുന്നണിയെന്നും, ചെറുപാര്‍ട്ടികള്‍ ചേര്‍ന്നുണ്ടാക്കുന്ന ഇത്തരം മുന്നണികള്‍ നേരിടുന്ന പ്രധാനപ്രശ്‌നം ശക്തമായ നേതൃത്വം ഇല്ലാത്താതാണെന്നും ജെയ്റ്റലി ചൂണ്ടിക്കാട്ടി.
എന്നാല്‍ നിതീഷ് കുമാറിനേയും അരവിന്ദ് കെജരിവാളിനേയും പോലുള്ള മികച്ച പ്രതിച്ഛായയുള്ള നേതാക്കളെ മുന്‍നിരയില്‍ നില്‍ക്കുന്ന പക്ഷം അത്തരമൊരു മുന്നണിക്ക് വലിയ സാധ്യതകളുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. ലാലു പ്രസാദ് യാദവിനെ പോലൊരു തന്ത്രശാലിയാണ് ഇപ്പോള്‍ മൂന്നാം മുന്നണിക്ക് ചുക്കാന്‍ പിടിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. നേരത്തെ 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി പ്രാദേശിക പാര്‍ട്ടികള്‍ ചേര്‍ന്നൊരു മൂന്നാം മുന്നണി സൃഷ്ടിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും മുലായംസിംഗ് യാദവ്, ജയലളിത തുടങ്ങിയ നേതാക്കള്‍ പ്രധാനമന്ത്രി കസേരയില്‍ മോഹം പ്രകടിപ്പിച്ചതോടെ മുന്നണി രൂപീകരണ നീക്കങ്ങള്‍ തുടക്കത്തിലെ പാളുകയായിരുന്നു.
Post Your Comments