ന്യൂഡല്‍ഹി: പൊതുതിരഞ്ഞെടുപ്പ് ഇപ്പോള്‍ നടന്നാല്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം 342 സീറ്റോടെ അധികാരത്തില്‍ വരുമെന്ന് എബിപി ന്യൂസും ഐഎംആര്‍ബി ഇന്റര്‍നാഷണലും ചേര്‍ന്ന് നടത്തിയ സര്‍വേ പ്രവചിക്കുന്നു.
മോദി ഗവണ്‍മെന്‍റ് രാജ്യത്തുടനീളം ജനപ്രിയമായി തുടരുന്നുവെന്നും സര്‍വേ പറയുന്നു.
രാജ്യത്തിപ്പോഴും ഏറ്റവും ജനപ്രിയനായ നേതാവ് നരേന്ദ്രമോദി തന്നെയാണെന്ന് സര്‍വേ വെളിപ്പെടുത്തുന്നു. രാജ്യത്തെ 47 ശതമാനം ആളുകള്‍ മോദിയെ പിന്തുണയ്ക്കുന്നവരാണ്. കോണ്‍ഗ്രസ് പ്രസിഡന്‍റ് സോണിയാഗാന്ധിക്ക് 9 ശതമാനം ആളുകളുടെ പിന്തുണയുള്ളപ്പോള്‍ 2019-ല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് കരുതിവച്ചിരിക്കുന്ന രാഹുല്‍ഗാന്ധിക്കാകട്ടെ വെറും 6 ശതമാനം ആളുകളുടെ പിന്തുണയേയുള്ളൂ. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളാണ് രാഹുലിന്‍റെ ഒപ്പം പിടിച്ചത്.
49 ശതമാനം ആളുകള്‍ മോദിയുടെ പ്രകടനത്തെ “വളരെ നല്ലത്” എന്നോ “നല്ലത്” എന്നോ വിലയിരുത്തിയപ്പോള്‍ 32 ശതമാനം ആളുകള്‍ “ശരാശരി” എന്നാണ് അഭിപ്രായപ്പെട്ടത്. 36 ശതമാനം ആളുകള്‍ എന്‍ഡിഎ ഗവണ്‍മെന്‍റിന്‍റെ പ്രകടനത്തെ “വളരെ നല്ലത്” എന്നോ “നല്ലത്” എന്നോ വിലയിരുത്തിയപ്പോള്‍ 33 ശതമാനം ആളുകള്‍ “ശരാശരി” എന്നും അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ ഇതുവരെയുള്ള ഏറ്റവും നല്ല പ്രധാനമന്ത്രിയായും മോദി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, ഇന്ദിരാഗാന്ധി, അടല്‍ ബിഹാരി വാജ്പേയി എന്നിവര്‍ തൊട്ടു പിന്നിലെത്തി.
ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ-യ്ക്ക് 66 സീറ്റുകള്‍ ലഭിക്കും (ഇപ്പോള്‍ 62 സീറ്റുകള്‍). ഇടതു കക്ഷികള്‍ക്ക് ഇപ്പോഴുള്ളതില്‍ നിന്ന്‍ 4 സീറ്റുകള്‍ അധികമായി ലഭിച്ച് 14-ലിലെത്തും.
2014-ലെ പൊതുതിരഞ്ഞെടുപ്പിന് ശേഷം രാജ്യത്തിന്‍റെ വടക്കും, കിഴക്കും തെക്കും ബിജെപിയുടേയും സഖ്യകക്ഷികളുടേയും വോട്ട് വിഹിതത്തില്‍ ഗണ്യമായുണ്ടായ വര്‍ദ്ധനവും ഈ സര്‍വേ ഫലത്തെ സ്വാധീനിച്ചു. രാജ്യത്തിന് പടിഞ്ഞാറ് പഞ്ചാബില്‍ മാത്രമാണ് ഈ കാലയളവില്‍ ബിജെപിക്കും എന്‍ഡിഎയ്ക്കും നേരിയ ക്ഷീണം സംഭവിച്ചത്.
Post Your Comments