ബിഹാറില്‍ വര്‍ദ്ധിച്ചുവരുന്ന ജംഗിള്‍രാജിന്‍റെ പ്രത്യക്ഷതെളിവായി പ്രതിപക്ഷകക്ഷിയായ ലോക്ജനശക്തി പാര്‍ട്ടിയുടെ നേതാവ് സുധേഷ് പാസ്വാനെ ഇന്ന്‍ വെടിവച്ചു കൊന്നു. ഗയ ജില്ലയിലെ നക്സല്‍ ബാധിത പ്രദേശമായ ധുമാരിയയില്‍ ആണ് ഈ ദാരുണസംഭവം അരങ്ങേറിയത്.
കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍റെ പാര്‍ട്ടിയായ ലോക്ജനശക്തിയുടെ ധുമാരിയ ബ്ലോക്ക് പ്രസിഡന്‍റ് ആയിരുന്നു കൊല്ലപ്പെട്ട സുധേഷ്. ഉടന്‍തന്നെ നടക്കാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കച്ചാര്‍ പഞ്ചായത്തിലെ മുഖിയ ആകാന്‍ മത്സരിക്കുന്ന ഭാര്യ മായാകുമാരിക്ക് വേണ്ടി പ്രചരണ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുമ്പോഴായിരുന്നു ബൈക്കിലെത്തിയ അജ്ഞാതരായ അക്രമകാരികള്‍ സുധേഷിനെ വെടിവച്ചു വീഴ്ത്തിയത്.
സംഭവസ്ഥലത്ത് സുധേഷിനൊപ്പമുണ്ടായിരുന്ന അര്‍ദ്ധസഹോദരന്‍ സുനില്‍ പാസ്വാനും വെടിയേറ്റു. സുനിലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാവോവാദികളാണ് കൊലപാതകങ്ങള്‍ക്ക് പിന്നിലെന്നാണ് പ്രാഥമിക വിവരം.
Post Your Comments