തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് വര്‍ഗീയ ധ്രുവീകരണം ഉണ്ടായെന്നും യു.ഡി.എഫ് പരാജയത്തിന് ഇത് കാരണമായെന്നും തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷമുളള ആദ്യ യു.ഡി.എഫ് യോഗത്തിനു ശേഷം കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ പറഞ്ഞു. പലയിടത്തും സി.പി.എം മുസ്ലീം കുടുംബയോഗങ്ങള്‍ നടത്തി. അവരില്‍ ഭയാശങ്ക നിറച്ചു. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ യു.ഡി.എഫിന് കരുത്ത് കുറവാണെന്ന പ്രചാരണം ഒരു പരിധി വരെ വിജയിച്ചു. ഇതിനെ വേണ്ടത്ര പ്രതിരോധിക്കാന്‍ യു.ഡി.എഫിനു കഴിഞ്ഞില്ല.സര്‍ക്കാരിന് എതിരായ അഴിമതി ആരോപണങ്ങള്‍ പരാജയത്തെ ബാധിച്ചില്ല. ഈ ആരോപണങ്ങള്‍ ഇതിലും ശക്തമായി നിന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫാണ് വിജയിച്ചത്.ഭൂമിയുമായി ബന്ധപ്പെട്ട് അവസാന കാലത്ത് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവുകളും അത് പിന്‍വലിക്കേണ്ടി വന്നതും ഇതില്‍ എന്തോ പന്തികേടുണ്ടെന്ന തോന്നല്‍ ജനങ്ങളിലുണ്ടാക്കി. ഇടതു മുന്നണിയും ബി.ജെ.പിയും ഇത്രത്തോളം പണം ഒഴുക്കിയ ഒരു തിരഞ്ഞെടുപ്പ് മുമ്പ് ഉണ്ടായിട്ടില്ല. ഇതും പരാജയത്തിന്റെ ഒരു കാരണമായിട്ടാവാം.
ഇന്നലത്തെ യോഗത്തില്‍ പരാജയം സംബന്ധിച്ച് ആഴത്തില്‍ വിശകലനം ഉണ്ടായില്ലെന്നും എല്ലാ ഘടകകക്ഷികളും പരാജയം വിലയിരുത്തിയ ശേഷം അടുത്ത മാസം എട്ടിന് വീണ്ടും യു.ഡി.എഫ് യോഗം ചേര്‍ന്ന് പരാജയം വിശദമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വോട്ടെടുപ്പ് കഴിഞ്ഞ ശേഷവും കടുത്ത തോല്‍വി തിരിച്ചറിയാന്‍ കഴിയാതെ പോയത് വീഴ്ചയല്ലേ എന്ന ചോദ്യത്തിന്. തോല്‍വി തന്നെ പ്രതീക്ഷിച്ചിരുന്നില്ലെന്നും കനത്ത പരാജയം അപ്രതീക്ഷിതമായിരുന്നു എന്നുമായിരുന്നു മറുപടി. വിജയം ഉറപ്പാണെന്ന റിപ്പോര്‍ട്ടാണ് എല്ലായിടത്തു നിന്നും ലഭിച്ചത്. പുറമേയ്ക്ക് അങ്ങനെയൊരു തോന്നലാണ് കേരളത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ അടിയൊഴുക്കുകള്‍ ഉണ്ടായെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. വിശദമായ പരിശോധനയ്ക്കു ശേഷമേ ഇതിന്റെ കാരണങ്ങള്‍ കണ്ടെത്താനാവൂ. സാമൂഹിക നന്മ മുന്നില്‍ കണ്ടാണ് മദ്യനയം നടപ്പാക്കിയത്. അത് വോട്ടായി മാറണമെന്നില്ല. മുമ്പ് ചാരായ നിരോധനം നടപ്പാക്കിയതിനു ശേഷം നടന്ന തിരഞ്ഞെടുപ്പിലും യു.ഡി.എഫ് പരാജയപ്പെട്ടിരുന്നു. സമൂഹ നന്മ നോക്കിയെടുക്കുന്ന തീരുമാനങ്ങളെല്ലാം വോട്ടെടുപ്പില്‍ അനുകൂലമായി പ്രതിഫലിക്കണമെന്നില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയ തര്‍ക്കം,ഘടകക്ഷികള്‍ തമ്മിലുളള തര്‍ക്കം, കാലുവാരല്‍ തുടങ്ങിയ വിഷയങ്ങള്‍ പരാജയ കാരണമായിട്ടുണ്ടോയെന്ന് വിശദ ചര്‍ച്ചയ്ക്കു ശേഷമേ പറയാനാവൂയെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments