സര്‍ബാനന്ദ സോണോവാള്‍ ഇന്ന് തുടങ്ങുകയാണ്. ഒരു വടക്കു-കിഴക്കന്‍ സംസ്ഥാനത്തെ ആദ്യ ബിജെപി ഗവണ്‍മെന്‍റിന്‍റെ സാരഥിയായി സോണോവാള്‍ വരുമ്പോള്‍ പ്രതീക്ഷകള്‍ വാനോളമാണ്. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ അസ്സാമില്‍ തന്‍റെ രാഷ്ട്രീയജീവിതം ആരംഭിച്ച സോണോവാളിനെ “ജതിയ നായക് (പ്രാദേശിക നായകന്‍)” എന്ന പട്ടം നല്‍കി ആദരിച്ചത് സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന വിദ്യാര്‍ഥി സംഘടനയായ ആള്‍ ആസ്സാം സ്റ്റുഡന്‍റ്സ് യൂണിയന്‍ (എ.എ.എസ്.യു) ആണ്.
സോണോവാള്‍-കച്ചാരി ഗോത്രവിഭാഗത്തില്‍പ്പെടുന്ന സര്‍ബാനന്ദ തികച്ചും ദരിദ്രമായ ചുറ്റുപാടുകളില്‍ ജനിച്ചു വളര്‍ന്ന, സാധാരണക്കാരുടെ മനസ്സറിഞ്ഞ നേതാവാണ്. ജനനേതാവായി പേരെടുത്ത ശേഷവും സാധാരണ ജനങ്ങളുടെ സാഹചര്യങ്ങളുമായി ഇണങ്ങി ജീവിക്കാനുള്ള താത്പര്യപ്രകാരം സോണോവാള്‍ തന്‍റെ ഔദ്യോഗിക വസതികളില്‍ എയര്‍ കണ്ടീഷണറുകള്‍ ഉപയോഗിക്കാറില്ല. ദിബ്രു നദിയുടെ തീരത്ത് അധിവസിച്ചിരുന്ന സോണോവാളിന്‍റെ കുടുംബവും ദിബ്രുവിലെ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് സ്വന്തം ഗ്രാമം ഉപേക്ഷിച്ച് പോകാന്‍ നിര്‍ബന്ധിതരായി. 1979-ല്‍ 94 ദിവസം മുഖ്യമന്ത്രി പദവിയില്‍ ഇരുന്ന ജോഗേന്ദ്ര നാഥ് ഹസാരികയ്ക്ക് ശേഷം ആസ്സാമിലെ ഗോത്രവിഭാഗക്കാരുടെ ഇടയില്‍ നിന്ന് മുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ വ്യക്തിയാണ് സര്‍ബാനന്ദ സോണോവാള്‍.
സോണോവാള്‍ ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധേയനാകുന്നത് ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ നിയന്ത്രിക്കുന്നതിനുള്ള നിയമം Illegal Migrants (determination by tribunals) Act, 1983 (IMDT)-യ്ക്കെതിരെ നടത്തിയ പോരാട്ടത്തിലൂടെ ആയിരുന്നു. നുഴഞ്ഞുകയറുന്ന ബംഗ്ലാദേശ്കാരന്‍ ഇന്ത്യന്‍ പൗരനല്ല എന്ന് സ്ഥാപിക്കുന്നത്തിനുള്ള ഉത്തരവാദിത്തം പരാതിക്കാരനില്‍ നിക്ഷിപ്തമായ പ്രസ്തുത നിയമം നുഴഞ്ഞുകയറ്റം നിയന്ത്രിക്കുന്നതിലുമുപരി, നുഴഞ്ഞുകയറ്റത്തെ സഹായിക്കുന്നതാന്നെന്ന സര്‍ബാനന്ദയുടെ വാദം അംഗീകരിച്ച സുപ്രീംകോടതി 2005-ല്‍ ഈ നിയമം റദ്ദാക്കി. സോണോവാളിന്‍റെ വ്യക്തിപരമായ വിജയമായാണ് ഈ വിധി പരിഗണിക്കപ്പെടുന്നത്.
മുഖ്യമന്ത്രി ആയി അധികാരമേറ്റെടുത്ത ശേഷം സോണോവാളിന്‍റെ മുഖ്യശ്രദ്ധ ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത നുഴഞ്ഞുകയറ്റം നിയന്ത്രിക്കുക എന്നതിലായിരിക്കും. ഇതിനായി രണ്ടു വര്‍ഷത്തിനുള്ളില്‍ ആസ്സാമിന്‍റെ, ബംഗ്ലാദേശുമായി പങ്കിടുന്ന അതിര്‍ത്തിപ്രദേശങ്ങള്‍ സീല് ചെയ്യുമെന്ന പ്രഖ്യാപനവും സോണോവാള്‍ നടത്തിക്കഴിഞ്ഞു. അതുള്‍പ്പെടെ അസ്സാമിന്‍റെ ബഹുമുഖമായ എല്ലാ മേഖലകളിലും ഗുണപരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സോണോവാളിനും അദ്ദേഹത്തിന്‍റെ ഗവണ്‍മെന്‍റിനും കഴിയട്ടെ എന്നാശംസിക്കുന്നു.
Post Your Comments