ബര്‍ലിന്‍: മാധ്യമചരിത്രത്തിലെ ഏറ്റവും വലിയ വിവരം ചോര്‍ത്തലാണ് പനാമ രേഖകളെ പുറത്തു കൊണ്ടുവന്നത്. എന്നാല്‍ ഈ രേഖകള്‍ ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയത് ആരാണെന്നത് സംബന്ധിച്ച് ഇപ്പോഴും വിവരം ഒന്നുമില്ല. ജോണ്‍ ദൗ എന്നൊരു പേരു മാത്രമാണ് ഇത് സംബന്ധിച്ച് പുറം ലോകത്തിന് അറിയാവുന്നത്.
2015 ഓഗസ്റ്റ് പതിനഞ്ച്, ജര്‍മ്മന്‍ പത്രമായ സുഡെഡെക്കെ സെക്കിംഗ് ഓഫീസില്‍ ജേര്‍ണലിസ്റ്റ് ഫെഡറിക് ഒബെര്‍ മെയറെ തേടി ഒരു മെസേജ് എത്തി. ഹെലോ ഇത് ജോണ്‍ ദോ വിവരങ്ങളില്‍ താത്പര്യം ഉണ്ടോ. എന്നായിരുന്നു ആ മെസേജ്. താത്പര്യം പ്രകടിപ്പിച്ച ഒബെര്‍മെയറെത്തേടി അതീവ രഹസ്യമായി എന്‍ക്രിപ്റ്റഡ് ചാനലിലൂടെ എത്തിയത് 2.6 ടെറാ ബൈറ്റ് ഡേറ്റാ. 11.5 ദശലക്ഷം രേഖകള്‍.
ലോകം കണ്ട വലിയ വാര്‍ത്തായി മാറിയ പാനമ രേഖകള്‍ അവിടെയാണ് തുടങ്ങുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നായി വിദഗ്ധരായ 400ഓളം അന്വേഷണാത്മക പത്രപ്രവര്‍ത്തകര്‍, മാസങ്ങള്‍ നീണ്ട അന്വേഷണങ്ങള്‍ . പുറത്ത് വന്നത് ലോകത്തെ ഞെട്ടിച്ച വന്‍ തട്ടിപ്പ്. ഇല്ലാത്ത കമ്പനികളുടെ പേരില്‍ വമ്പന്‍ പണമിടപാടുകള്‍. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ , ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍, യുക്രൈന്‍ പ്രസിഡന്റ് പെട്രോ പൊറെഷെന്‍കോ, സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ്, സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് തുടങ്ങി സംശയത്തിന്റെ മുള്‍മുനയില്‍ വമ്പന്‍മാര്‍.
ഐസ്‌ലന്റ് പ്രധാനമന്ത്രി ഗുണ്‍ഗലാഗ്‌സണ്‍ സ്ഥാനം രാജിവയ്‌ക്കേണ്ടിവന്നു. ഇനിയും പലരുടെയും സ്ഥാനങ്ങള്‍ തെറിക്കും . അപ്പോഴും ഒരു ചോദ്യം ബാക്കി നിലനില്‍ക്കുന്നു. സാമ്പത്തിക അസമത്വങ്ങള്‍ക്കെതിരെ പോരാടുന്നുവെന്ന് പ്രഖ്യാപിച്ച് ചരിത്രത്തിലെ ഏറ്റവും വലിയ ചോര്‍ത്തല്‍ നടത്തിയ മനുഷ്യന്‍. ജോണ്‍ ദൗ. ആരാണ് അയാള്‍?
Post Your Comments