ടോക്കിയോ: വെടിക്കെട്ടുകള്‍ക്കു പകരം കൃത്രിമ ഉല്‍ക്കകളെ ആശ്രയിക്കാന്‍ ജപ്പാന്‍. 2020 ല്‍ ടോക്കിയോയില്‍ നടക്കുന്ന ഒളിമ്പിക്‌സ് ഉദ്ഘാടനച്ചടങ്ങില്‍ ജപ്പാന്‍കാരുടെ പുതിയവിദ്യ ലോകത്തിനു കാണാനാകും. സ്‌കൈ കാന്‍വാസ് എന്നാണു പദ്ധതിക്കു നല്‍കിയിരിക്കുന്ന പേര്. സ്റ്റാര്‍ എഎല്‍ഇ എന്ന കമ്പനിയാണു പദ്ധതിക്കു പിന്നില്‍.
ബഹിരാകാശത്തു കൂടി സഞ്ചരിക്കുന്ന ലോഹം അടങ്ങിയതോ അല്ലാത്തതോ ആയ ശിലാശകലങ്ങളെയാണ് ഉല്‍ക്കകള്‍ എന്നു പറയുന്നത്. ധൂളീകണങ്ങള്‍ മുതല്‍ ഒരു മീറ്റര്‍ വരെ വലിപ്പമുള്ളവയാണ് ഇവ. വളരെ ചെറിയവയെ ബഹിരാകാശധൂളീകണങ്ങള്‍ എന്നു വിളിക്കുന്നു. ഇവയില്‍ ഭൂരിഭാഗവും വരുന്നത് ധൂമകേതു, ഛിന്നഗ്രഹങ്ങള്‍ എന്നിവയില്‍നിന്നാണ്. വളരെ അപൂര്‍വമായി ചന്ദ്രന്‍, ചൊവ്വ എന്നിവയില്‍നിന്നും ഉല്‍ക്കകള്‍ എത്താറുണ്ട്.
സെക്കന്‍ഡില്‍ 42 മീറ്റര്‍ വേഗത്തിലാണു സാധാരണയായി ഉല്‍ക്കകള്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുന്നത്. ഇവ ഭൂമിയുടെ അന്തരീക്ഷവുമായി ഉരഞ്ഞ് കത്തുന്നു. ഇങ്ങനെ കത്തിവീഴുന്ന ഉല്‍ക്കകള്‍ ആകാശത്ത് ഒരു അഗ്‌നിരേഖ സൃഷ്ടിക്കുന്നു. ഇവയെയാണ് നമ്മള്‍ കൊള്ളിമീനുകള്‍ എന്നു വിളിക്കുന്നത്. ചില ദിവസങ്ങളില്‍ മിനിറ്റുകള്‍ ഇടവിട്ടുള്ള ഉല്‍ക്കാവീഴ്ചകള്‍ കാണാം. ഈ പ്രതിഭാസത്തെയാണ് ഉല്‍ക്കാവര്‍ഷം എന്നു വിളിക്കുന്നത്.
കൃത്രിമമായി കൊള്ളിമീന്‍ ഉണ്ടാക്കാനാണു സ്റ്റാര്‍ എഎല്‍ഇ ഗവേഷകര്‍ ഒരുങ്ങുന്നത്. ഇതിനായി ചെറുഉപഗ്രഹത്തെ ബഹിരാകാശത്തേയ്ക്ക് അയയ്ക്കും. 1,000 മുതല്‍ 5,000 ചെറു ഗോളങ്ങളാകും ഉപഗ്രഹത്തിലുണ്ടാകുക. വ്യത്യസ്തമായ ലോഹങ്ങളെയാകും ചെറുഗോളങ്ങളില്‍ ഉള്‍ക്കൊള്ളിക്കുക.
ഓരോ ലോഹവും അന്തരീക്ഷത്തിലെ ഘര്‍ഷണത്തില്‍ വ്യത്യസ്ത നിറങ്ങളാകും പുറപ്പെടുവിക്കുക.
ഉദാഹരണമായി ചെമ്പ് കത്തുമ്പോള്‍ പച്ച വെളിച്ചമാകും ഉണ്ടാകുക. ഭൂമിയില്‍നിന്നുള്ള നിര്‍ദേശാനുസരണം ഉപഗ്രഹത്തില്‍നിന്നു ഇവ ഭൂമിയിലേക്കു കടത്തിവിടുകയാണു ലക്ഷ്യം. ഭൂമിയില്‍നിന്ന് 56 മുതല്‍ 80 കിലോമീറ്റര്‍ ഉയരത്തിലാകും ഉപഗ്രഹം പുറത്തുവിടുന്ന ഗോളങ്ങള്‍ കത്തിയെരിയുക.
ടോക്കിയോ ആകാശത്തുള്ള വര്‍ണവിസ്മയം 30 ലക്ഷം പേര്‍ കാണുമെന്നാണു പ്രതീക്ഷ. എന്നാല്‍ വന്‍പണച്ചെലവ് പദ്ധതിക്കുവേണ്ടിവരും. ഒരു ചെറുഗോളത്തില്‍ അടങ്ങുന്ന ലോഹഭാഗത്തിന് 5,44,000 രൂപ ചെലവാകുമെന്നാണു കണക്ക്. ഇത്തരം 3,000 ഗോളങ്ങളാകും ഭൂമിയില്‍ വര്‍ണം വിതറാന്‍ അയയ്ക്കുക.
Post Your Comments