തിരുവനന്തപുരം: പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുന്നില്ലെങ്കില്‍ ഉമ്മന്‍ ചാണ്ടിക്കും ക്യാബിനറ്റ് റാങ്കുള്ള പുതിയ പദവി ലഭിക്കുന്നില്ലെങ്കില്‍ വി.എസ്.അച്യുതാനന്ദനും എം.എല്‍.എ ഹോസ്റ്റലിലെ പുതിയ ഫ്ലാറ്റുകളിലേക്കു മാറേണ്ടി വരും. തിരഞ്ഞെടുപ്പില്‍ ജയിച്ചെത്തിയ മുന്‍ മന്ത്രിമാര്‍ക്കും എം.എല്‍.എ ഹോസ്റ്റലില്‍ ഇടം കണ്ടെത്തേണ്ടതുണ്ട്. പതിവില്‍ നിന്നു വ്യത്യസ്തമായി രണ്ട് മുന്‍ മുഖ്യമന്ത്രിമാരാണ് ഇത്തവണ നിയമസഭയില്‍ ഉണ്ടാവുക. ഇതില്‍ വി.എസ്.അച്യുതാനന്ദന് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസ് ഒഴിയും. പുതിയ ക്യാബിനറ്റ് റാങ്കുള്ള പദവി ലഭിക്കുകയാണെങ്കില്‍ വി.എസിന് ഔദ്യോഗിക വസതിയും കാറും മറ്റും ലഭിക്കും.അല്ലെങ്കില്‍ വാടകവീട്ടിലേയ്ക്കു മാറും. അങ്ങനെയെങ്കില്‍ എം.എല്‍.എ ഹോസ്റ്റലിലെ ന്യൂ ബ്ലോക്കില്‍ താഴത്തെ നിലയിലുള്ള ഏതെങ്കിലും ഫ്ലാറ്റ് അദ്ദേഹത്തിന് ഓഫിസിനായി കണ്ടെത്തും. താന്‍ ആലപ്പുഴയിലേക്കു താമസം മാറ്റില്ലെന്നു വി.എസ് വ്യക്തമാക്കിയിട്ടുണ്ട്.
സ്ഥാനം ഒഴിയുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജഗതിയിലെ സ്വന്തം വീട്ടിലേക്കു താമസം മാറ്റിക്കഴിഞ്ഞു. അദ്ദേഹം പ്രതിപക്ഷ നേതാവ് ആവുകയാണെങ്കില്‍ കന്റോണ്‍മെന്റ് ഹൗസ് ലഭിക്കും. അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ഓഫിസ് പ്രവര്‍ത്തനത്തിനും മറ്റുമായി എം.എല്‍.എ ഹോസ്റ്റലില്‍ ഇടം കണ്ടെത്തണം. എം.എല്‍.എ ഹോസ്റ്റലിലെ ന്യൂ ബ്ലോക്കില്‍ താഴത്തെ നിലയില്‍ ഇപ്പോള്‍ സി.ദിവാകരനും കെ.മുരളീധരനുമാണ് ഫ്ലാറ്റുകള്‍ അനുവദിച്ചിരിക്കുന്നത്. രണ്ടു പേരും വീണ്ടും എം.എല്‍.എമാരായി ജയിച്ചിട്ടുണ്ട്.
ജയിച്ച മുന്‍ മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, കെ.എം.മാണി, പി.ജെ.ജോസഫ്, കെ.സി.ജോസഫ്, രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, അടൂര്‍ പ്രകാശ്, മഞ്ഞളാംകുഴി അലി, പി.കെ.അബ്ദു റബ്ബ്, അനൂപ് ജേക്കബ്, വി.കെ.ഇബ്രാഹിംകുഞ്ഞ്, എ.പി.അനില്‍കുമാര്‍, ഡോ.എം.കെ.മുനീര്‍, വി.എസ്.ശിവകുമാര്‍ എന്നിവര്‍ വരും ദിവസങ്ങളില്‍ ഔദ്യോഗിക വസതി ഒഴിയുമെന്നതിനാല്‍ ഇവര്‍ക്ക് എം.എല്‍.എ ഹോസ്റ്റലില്‍ ഫ്ലാറ്റുകള്‍ കണ്ടെത്തേണ്ടി വരും.
തോറ്റ എല്ലാ എം.എല്‍.എമാരോടും 30നു മുമ്പ് എം.എല്‍.എ ഹോസ്റ്റല്‍ ഒഴിയണമെന്ന് ആവശ്യപ്പെട്ടു നിയമസഭാ സെക്രട്ടേറിയറ്റ് നോട്ടീസ് നല്‍കും. ജയിച്ചവര്‍ക്ക് ഇപ്പോഴത്തെ ഫ്ലാറ്റുകളിലും മുറികളിലും തുടരാം. ഒഴിയുന്ന മുറികളും ഫ്ലാറ്റും അറ്റകുറ്റപ്പണി നടത്തി പുതിയ എംഎല്‍എമാര്‍ക്ക് അനുവദിക്കും. സീനിയര്‍ എം.എല്‍.എമാര്‍ക്കു ഫ്ലാറ്റുകള്‍ അനുവദിച്ച ശേഷമേ ജൂനിയേഴ്സിന് നല്‍കൂ. ജൂനിയര്‍ എം.എല്‍.എമാര്‍ക്കു പഴയ ബ്ലോക്കിലെ ഫ്ലാറ്റും റൂമുകളും കൊണ്ടു തൃപ്തിപ്പെടേണ്ടി വരും. പുതിയ സ്പീക്കറെ തിരഞ്ഞെടുത്ത ശേഷമായിരിക്കും എം.എല്‍.എമാര്‍ക്കു സ്ഥിരമായി ഫ്ലാറ്റും മുറികളും അനുവദിക്കുക. നിയമസഭാംഗങ്ങളെ സത്യപ്രതിജ്ഞ ചെയ്യിക്കുന്ന പ്രോ ടെം സ്പീക്കര്‍ ചുമതലയേല്‍ക്കുന്നതു വരെ ഇപ്പോഴത്തെ സ്പീക്കര്‍ക്കായിരിക്കും ചുമതല. തിരഞ്ഞെടുപ്പില്‍ തോറ്റതിനാല്‍ ഇപ്പോഴത്തെ സ്പീക്കര്‍ എന്‍.ശക്തന്, ഡപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, ഗവ.ചീഫ് വിപ് തോമസ് ഉണ്ണിയാടന് എന്നിവര്‍ വൈകാതെ തന്നെ ഔദ്യോഗിക വസതി ഒഴിയണം.
Post Your Comments