ന്യൂഡല്‍ഹി : ആപ്പിള്‍ ഫോണുകളുകളുടെയും അനുബന്ധ ഉത്പന്നങ്ങളുടെയും നിര്‍മ്മാണ കേന്ദ്രമായി ഇന്ത്യയെ മാറ്റുന്ന കാര്യം പരിഗണിക്കാമെന്ന് ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക് പറഞ്ഞു. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ സഹകരിക്കാന്‍ ആപ്പിളിന് താല്‍പര്യമുണ്ടെന്നും ടിം കുക്ക് ന്യൂഡല്‍ഹിയില്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിലാണ് ടിം കുക്ക് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിലെ മൊബൈല്‍ ആപ്ലിക്കേഷന്‍ കമ്പനികള്‍ക്ക് വിപുലമായ സാധ്യതയാണുള്ളതെന്നും ടിം കുക്ക് പറഞ്ഞു. ഹൈദരാബാദില്‍ ആപ്പിള്‍ ആരംഭിക്കുന്ന മാപ്പ് ഡെവലപ്പ്‌മെന്റ് സെന്ററിനെക്കുറിച്ച് ടിം കുക്ക് പ്രധാനമന്ത്രിയോട് വിശദീകരിച്ചു. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുമായും ആപ്പിള്‍ സഹകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ടിം കുക്കിനോട് ആവശ്യപ്പെട്ടു. ആപ്പിള്‍ മേധാവിയായ ശേഷം ഇതാദ്യമായാണ് ടിം കുക്ക് ഇന്ത്യയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നത്. നരേന്ദ്ര മോദി മൊബൈല്‍ ആപ്പിന്റെ ഐഫോണ്‍ പതിപ്പും പുറത്തിറക്കി. പുതിയ പതിപ്പില്‍ ഒട്ടേറെ സവിശേഷതകള്‍ അധികമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചടങ്ങില്‍ വെച്ച് പ്രധാനമന്ത്രി മോദി ആപ്പിള്‍ സി.ഇ.ഒയെ പ്രശംസിച്ചു. പുതിയ ആപ്പ് പുറത്തിറക്കിയതില്‍ നന്ദിയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments