ആലുവ: ആലുവയില്‍ വിധവയെ കബളിപ്പിച്ച് 31 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പിടിയിലായ രാമചന്ദ്രന്‍ യോഗപരിശീലനത്തിന്റെ മറവില്‍ ലക്ഷ്യമിട്ടത് പണം തട്ടലും ലൈംഗിക ചൂഷണവും. ചേര്‍ത്തല പെരുമ്പളം കാളത്തോട് ബോട്ട് ജെട്ടിക്ക് സമീപം നാലൊന്നില്‍ വീട്ടില്‍ രാമചന്ദ്ര(39)നെയാണ് ആലുവ സി.ഐ ടി.ബി വിജയന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം തന്ത്രപരമായി അറസ്റ്റ് ചെയ്തത്. ആലുവ സ്വദേശിനിയായ വിധവയുടെ പരാതിയിലാണ് ഇയാളെ പിടികൂടിയത്. വിധവയായ മധ്യവയസ്‌കയെ മയക്കുമരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിച്ചും ദോഷം മാറ്റാന്‍ പൂജ നടത്താമെന്ന് വാഗ്ദാനം ചെയ്തും 31 ലക്ഷം രൂപയാണ് ഈ യോഗാദ്ധ്യപകന്‍ തട്ടിയെടുത്തത്. താന്‍ കബളിപ്പിക്കലിന് ഇരയായെന്ന് ബോധ്യമായ വീട്ടമ്മ മൂന്ന് വട്ടമാണ് ആത്മഹത്യ ശ്രമിച്ചത്. ബന്ധുക്കളുടെ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ജീവന്‍ നഷ്ടമായില്ല.
ആലുവ നഗരത്തില്‍ തോട്ടക്കാട്ടുകര സ്വദേശിനിയായ 52കാരിയെ അഞ്ച് വര്‍ഷമായി പീഡനത്തിനും കബളിപ്പിക്കലിനും ഇരയാക്കുകയായിരുന്നു. രാമചന്ദ്രന്റെ നേതൃത്വത്തില്‍ തോട്ടക്കാട്ടുകരയില്‍ യോഗ പരിശീലന ക്‌ളാസ് നടക്കുന്നുണ്ടായിരുന്നു. ശാരീരിക വിഷമങ്ങളെ തുടര്‍ന്നാണ് ഇവിടെ യോഗ പരിശീലനത്തിനെത്തിയത്. വിധവയുടെ കുടുംബ പശ്ചാത്തലം മനസിലാക്കിയ ശേഷം പ്രതി കൂടുതല്‍ അടുപ്പം സ്ഥാപിച്ചു. 2009ല്‍ വാഹനാപകടത്തെ തുടര്‍ന്ന് സ്ത്രീയുടെ ഭര്‍ത്താവ് മരിച്ചിരുന്നു. ഇവര്‍ക്ക് താമസിക്കുന്ന വീടിന് പുറമെ മറ്റൊരു വീടും ഉണ്ടായിരുന്നു. ഈ വീട് പണയപ്പെടുത്തി വാങ്ങിയ പണവും ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് ലഭിച്ച നഷ്ടപരിഹാര തുകയുമാണ് യോഗാദ്ധ്യാപകന്‍ കബളിപ്പിച്ചെടുത്തത്. സ്ത്രീയുടെ സ്വര്‍ണാഭരണങ്ങള്‍ പണയപ്പെടുത്തിയും പണം കൈക്കലാക്കി. ഇതിന് പുറമെ സ്ത്രീയുടെ പക്കല്‍നിന്ന് തന്ത്രപൂര്‍വം കൈവശപ്പെടുത്തിയ ചെക്ക് ലീഫുകള്‍ ഈടായി നല്‍കി പ്രതി മറ്റൊരാളില്‍ നിന്ന് ലക്ഷങ്ങള്‍ പലിശക്ക് വാങ്ങുകയും ചെയ്തു.
പണം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് വായ്പ നല്‍കിയയാള്‍ സ്ത്രീയുടെ വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കിയപ്പോഴാണ് ഇവരുടെ മക്കള്‍ വിവരമറിയുന്നത്. ഇതോടെ മാനസികമായി തകര്‍ന്ന അവര്‍ പരസ്പര വിരുദ്ധമായി സംസാരിച്ചുതുടങ്ങിയതോടെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കൗണ്‍സിലിംഗ് നടത്തി. പണം തട്ടിപ്പിന് പുറമെ ലൈംഗിക പീഡനവിവരവും പുറത്തറിഞ്ഞത് അപ്പോഴാണ്. ഭര്‍ത്താവ് മരിച്ചത് നക്ഷത്ര ദോഷംമൂലമാണെന്നും ഇത് മാറ്റുന്നതിന് പൂജ വേണമെന്നും വിധവയെ പ്രതി പറഞ്ഞ് വിശ്വസിപ്പിച്ചു. ഈ വിവരം മക്കള്‍ ഉള്‍പ്പെടെ മറ്റാരെയും അറിയിക്കരുതെന്നും പറഞ്ഞു. തുടര്‍ന്നാണ് യോഗപരിശീലന സ്ഥലത്ത് തനിച്ച് വിളിച്ചുവരുത്തി അസുഖം മാറ്റാനെന്ന വ്യാജേന മയക്കുരുന്ന് നല്‍കി അര്‍ദ്ധബോധാവസ്ഥയിലാക്കി പീഡിപ്പിച്ചിരുന്നത്. ഇത്തരം സംഭവങ്ങള്‍ പലവട്ടം ആവര്‍ത്തിച്ചതായി പ്രതി പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. തട്ടിയെടുത്ത പണം കടബാധ്യത തീര്‍ക്കുന്നതിനും ആഢംബര കാര്‍ വാങ്ങുന്നതിനും ഉപയോഗിച്ചതായും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.
ആലുവയ്ക്ക് പുറമെ എറണാകുളം, ചേര്‍ത്തല, പെരുമ്പളം എന്നീ സ്ഥലങ്ങളിലും ഇയാള്‍ യോഗാപരിശീലന ക്‌ളാസ് നടത്തിയിട്ടുണ്ട്. ഇവിടത്തെ ഇയാളുടെ ശിഷ്യന്മാരെ കണ്ടെത്തി യോഗാദ്ധ്യാപകന്റെ സ്വഭാവശുദ്ധി കൂടുതല്‍ അറിയുന്നതിനുള്ള ശ്രമത്തിലാണ് പൊലീസ്. ആലുവയിലേതിന് സമാനമായ മറ്റ് തട്ടിപ്പുകള്‍ കണ്ടെത്താനും ഇയാള്‍ക്ക് കൂട്ടുനിന്നവരെ കണ്ടെത്താനുമുള്ള ശ്രമവും നടത്തി വരുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ തിരക്കിലായതിനാല്‍ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.
Post Your Comments